Saturday, November 17, 2018 Last Updated 5 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.33 AM

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി നാട്ടുകാരുടെ ബെന്നി...

uploads/news/2018/08/243844/3.jpg

അടിമാലി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെല്ലാം കൈമെയ്‌ മറന്ന്‌ രംഗത്തുണ്ടായിരുന്ന ബെന്നി യാത്രയായത്‌ തന്റെ പുതിയ വീട്ടിലേക്ക്‌ താമസം മാറാനിരിക്കെ.
ഞായറാഴ്‌ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരണമടഞ്ഞ ചക്കാലവടക്കേതില്‍ ബെന്നി ചെറിയാന്‍ (വില്‍സന്‍-58) തലേന്നു രാത്രിയും പ്രളയബാധിത മേഖലകളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ ആശ്രയയമായി രംഗത്തുണ്ടായിരുന്നു. ലൈബ്രറി റോഡിനു സമീപത്തെ കെട്ടിടത്തില്‍ കുടുംബസമേതം കഴിയുമ്പോഴും സാമൂഹ്യ സേവനപ്രവര്‍ത്തനമേഖലകളില്‍ പ്രദേശവാസികള്‍ക്ക്‌ സുപരിചിതനായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കാലവര്‍ഷം സംഹാര താണ്ഡവമാടിയപ്പോഴുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലടക്കം മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നു. വിവിധ മേഖലകളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിലും ബെന്നി ജാഗരൂകനായിരുന്നു. മൂന്നര പതിറ്റാണ്ട്‌ മുന്‍പാണ്‌ ചെങ്ങന്നൂര്‍ പുലിയൂര്‍ സ്വദേശിനിയായ സാറാമ്മ (ബെറ്റി) ജീവിതത്തിലേക്കു കടന്നു വന്നത്‌. ചിത്തിരപുരത്തെ തറവാട്ടില്‍ നിന്നും 1994 കാലഘട്ടത്തിലാണ്‌ ഭാര്യയും മക്കളുമൊത്ത്‌ അടിമാലിയിലേക്ക്‌ ഇദ്ദേഹം ചേക്കേറിയത്‌.
ഒരു പതിറ്റാണ്ടായി ബി.ജെ.പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴും രാഷ്‌ട്രീയ ചിന്തകള്‍ക്കതീതമായി തികഞ്ഞ പൊതുസേവകനായിരുന്നു ബെന്നി. ലൈബ്രറി റോഡില്‍ തന്നെ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വാങ്ങിയ ഭൂമിയില്‍ വീടു നിര്‍മിച്ചെങ്കിലും ഈ ഓണത്തോടനുബന്ധിച്ച്‌ ഇവിടേക്ക്‌ താമസം മാറ്റാനിരിക്കെയാണ്‌ ദുരന്തം ഈ കുടുംബത്തെ തേടിയെത്തിയത്‌.
ഞായറാഴ്‌ച രാവിലെ എട്ടരയോടെയുണ്ടായ ദേഹാസ്വസ്‌ഥതയെ തുടര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
പുതിയ വീട്ടിലേക്ക്‌ ബെന്നിയുടെ ചേതനയറ്റ ശരീരം എത്തിക്കുമ്പോള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ദുഃഖമടക്കാനായില്ല. ഇന്നലെ ഉച്ചയോടെ സംസ്‌കാര ശുശ്രൂഷകള്‍ ഇവിടെ ആരംഭിച്ച ശേഷം വെള്ളത്തൂവല്‍ ബഥേല്‍ മര്‍ത്തോമ പള്ളിയിലേക്ക്‌ വിലാപയാത്ര പോകുന്നതിനിടെ ലൈബ്രറി റോഡില്‍ ഓര്‍മ്മകള്‍ ഉറങ്ങുന്ന പഴയ വീട്ടിലും മൃതദേഹം വച്ച ശേഷമാണ്‌ വിവിധ തുറകളില്‍പെട്ട ആയിരങ്ങള്‍ ഇദ്ദേഹത്തിന്‌ യാത്രാമൊഴി നല്‍കിയത്‌.
മൂത്തമകള്‍ ബ്ലെസിയും ഭര്‍ത്താവ്‌ ടിനുവും മകള്‍ ആഡ്‌ലിനൊപ്പം ഡല്‍ഹിയിലാണ്‌ താമസം. എം.ബി.എ പാസായ ഇളയ മകള്‍ ബെറ്റ്‌സിയെ ഐ.ഇ.എല്‍.റ്റി.എസിന്‌ ചേര്‍ത്ത്‌ പഠിപ്പിക്കാനിരിക്കെയാണ്‌ ബെന്നിയുടെ വിയോഗം.

Ads by Google
Advertisement
Tuesday 28 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW