Monday, November 19, 2018 Last Updated 14 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.30 AM

ചെങ്ങന്നൂരില്‍ ക്യാമ്പുകള്‍ ഇന്നു പിരിച്ചുവിടും

ചെങ്ങന്നൂര്‍: വെള്ളമിറങ്ങിത്തുടങ്ങിയിട്ടും ചെങ്ങന്നൂരില്‍ ജനങ്ങളുടെ ദുരിതത്തിനു അറുതിയില്ല. 113 ക്യാമ്പുകളാണ്‌ നിലവില്‍ പ്രവര്‍ത്തിക്കുന്നത്‌. 6928 കുടുംബങ്ങളില്‍ നിന്നും 26,404 പേര്‍ ക്യാമ്പുകളിലുണ്ട്‌. പാണ്ടനാട്‌, ഇടനാട്‌, മംഗലം എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ്‌ കൂടുതല്‍ പേര്‍ കഴിയുന്നത്‌. ചെങ്ങന്നൂര്‍ വില്ലേജിലെ 19 ക്യാമ്പുകളില്‍ 6053 പേരും നഗരസഭയിലെ അഞ്ച്‌ ക്യാമ്പില്‍ 323 പേരും മുളക്കുഴയിലെ ഒന്‍പത്‌ ക്യാമ്പുകളില്‍ 1189 പേരും വെണ്‍മണിയിലെ 12 ക്യാമ്പില്‍ 1948 പേരും കഴിയുന്നു. ചെറിയനാട്‌ ഏഴ്‌ ക്യാമ്പിലായി 1599 പേരും ആലായില്‍ അഞ്ച്‌ ക്യാമ്പില്‍ 1006 പേരും പുലിയൂരില്‍ 13 ക്യാമ്പിലായി 6113 പേരും എണ്ണയ്‌ക്കാട്‌ 14 ക്യാമ്പുകളിലായി 1898 പേരും മാന്നാറില്‍ 10 ക്യാമ്പുകളിലായി 1547 പേരും കുരട്ടിശേരിയില്‍ ഏഴ്‌ ക്യാമ്പുകളിലായി 856 പേരും പാണ്ടനാട്‌ നാല്‌ ക്യാമ്പുകളിലായി 1678 പേരും തിരുവന്‍വണ്ടൂരില്‍ എട്ട്‌ ക്യാമ്പുകളിലായി 2074 പേരും കഴിയുന്നുണ്ട്‌.
വീടുകളിലെ കിണര്‍ നിറഞ്ഞൊഴുകിയതോടെ കുടിവെള്ളത്തിനാണ്‌ ഏറെ പ്രയാസം. പലയിടങ്ങളിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വീടിന്റെയും കിണറുകളുടെയും ശുചീകരണം നടക്കുന്നുണ്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല. കിണറുകളില്‍ ചെളി നിറഞ്ഞത്‌ ശുചീകരണത്തിന്‌ താമസം നേരിടുന്നുണ്ട്‌. എന്നാല്‍ കിണറുകളും വീടുകളും പൂര്‍ണമായും മുങ്ങിയ സ്‌ഥലങ്ങളില്‍ ജല അതോറിറ്റി കിയോസ്‌ക്കുകള്‍ സ്‌ഥാപിച്ച്‌ കുടിവെള്ളമെത്തിച്ച്‌ തുടങ്ങി.
നഗരത്തിലെയും താലൂക്കിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ നിന്നും ഇപ്പോഴും വെള്ളം വിട്ടൊഴിഞ്ഞിട്ടില്ല. ഇത്‌ പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നുണ്ട്‌. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ അവശ്യ മരുന്നുകളും ഡോക്‌ടര്‍മാരുമായി വിവിധ സംഘടനകള്‍ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്‌.
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുഖേന ക്യാമ്പുകളിലും ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്‌. ഒ.പി വിഭാഗവും പി.എച്ച്‌.സികളില്‍ സജ്‌ജമാക്കിയിട്ടുണ്ട്‌. എലിപ്പനി, പകര്‍ച്ചപ്പനി എന്നിവയ്‌ക്കെതിരെയുള്ള മരുന്നുകളും വളംകടിക്കുള്ള മരുന്നുകളും വിതരണം ചെയ്യുന്നുണ്ട്‌. മഴയ്‌ക്ക്‌ ശമനമായതോടെ ജനജീവിതം പതുക്കെ സാധാരണ നിലയിലേക്ക്‌ മടങ്ങി വരാന്‍ തുടങ്ങിയിട്ടുണ്ട്‌. നദികളിലെ ജലനിരപ്പ്‌ താഴ്‌ന്ന്‌ തുടങ്ങി. ദുരിതാശ്വാസ ക്യാമ്പ്‌ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ക്യാമ്പ്‌ അവസാനിച്ചതിന്‌ ശേഷം മാത്രമേ അധ്യയനം ആരംഭിക്കൂ. ക്യാമ്പ്‌ അവസാനിക്കുന്ന ദിവസം സര്‍ക്കാര്‍ അനുവദിച്ച കിറ്റ്‌ ലഭ്യമാക്കും. ക്യാമ്പില്‍ കഴിയാത്തവര്‍ക്ക്‌ ഉണ്ടായ നഷ്‌ടങ്ങള്‍ വില്ലേജ്‌ ഓഫീസില്‍ പ്രത്യേക ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന്‌ തഹസില്‍ദാര്‍ അറിയിച്ചു.പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും യോഗം ചേര്‍ന്നു. സജിചെറിയാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഇന്ന്‌ അവസാനിപ്പിക്കാന്‍ തീരുമാനമായി. അടുത്ത മാസം മൂന്നിന്‌ കിറ്റ്‌ വിതരണം നടത്തും. വാസയോഗ്യമല്ലാത്ത വീടുകള്‍ ഉള്ളവര്‍ക്ക്‌ വില്ലേജ്‌ അടിസ്‌ഥാനത്തില്‍ വാടകയ്‌ക്ക്‌ വീടെടുത്ത്‌ നല്‍കും.
വാടക സര്‍ക്കാര്‍ കൊടുക്കും. ഉടമസ്‌ഥര്‍ക്ക്‌ സൗജന്യമായും വീട്‌ നല്‍കാവുന്നതാണ്‌. ഇതിന്‌ മുന്നോടിയായി വാസയോഗ്യമല്ലാത്ത വീടുകളുടെ ലിസ്‌റ്റ്‌ 29 ന്‌ മുമ്പ്‌ താലൂക്ക്‌ ഓഫീസില്‍ സമര്‍പ്പിക്കണം. വില്ലേജ്‌ ഓഫീസര്‍മാരാണ്‌ കണക്കെടുക്കേണ്ടത്‌. വെള്ളപ്പൊക്കത്തിന്റെ നഷ്‌ടം വിലയിരുത്താന്‍ വാര്‍ഡംഗം, സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍, കുടുംബശ്രീ പ്രവര്‍ത്തക, ആശാ വര്‍ക്കര്‍, സന്നദ്ധ പ്രവര്‍ത്തകന്‍ എന്നിവരുള്‍പ്പെടുന്ന അഞ്ചംഗ സമിതി വാര്‍ഡ്‌ അടിസ്‌ഥാനത്തില്‍ രൂപീകരിക്കും. ഇവര്‍ വീടുകളിലെത്തി നഷ്‌ടം വിലയിരുത്തും. ക്യാമ്പുകളില്ലാതെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളില്‍ താമസിച്ചവരുടെയും നഷ്‌ടം വിലയിരുത്തും. 31 നകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം. കുടിവെള്ളം ടാങ്കുകളില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യും. പതിനായിരം ലിറ്റര്‍ കൊള്ളുന്ന ടാങ്കുകള്‍ ഘടിപ്പിച്ച 25 വാഹനങ്ങളാണ്‌ കുടിവെള്ള വിതരണം നടത്തുന്നത്‌. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്താല്‍ പത്തു വീടുകള്‍ക്ക്‌ ഒരു കിണര്‍ എന്ന നിലയില്‍ ശുദ്ധീകരിച്ച്‌ നല്‍കും. വീടുകള്‍ പരിശോധിച്ച്‌ മാത്രമേ വൈദ്യുതി നല്‍കൂ. സെപ്‌റ്റംബര്‍ ഒന്ന്‌, രണ്ട്‌ തീയതികളില്‍ താലൂക്കില്‍ ശുചീകരണയജ്‌ഞം നടത്തും.
സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരും സന്നദ്ധ സംഘനകളും ജനങ്ങളും ചേര്‍ന്നാണ്‌ ശുചീകരണം. വീടുകളില്‍ ശുചീകരണം ആവശ്യമുള്ളവര്‍ എം.എല്‍.എ ഓഫീസില്‍ അറിയിക്കണം. താലൂക്കിലെ കൃഷിനാശം വിലയിരുത്താന്‍ കൃഷി ഓഫീസര്‍മാരുടെ യോഗം ഉടന്‍ ചേരും. താലൂക്കില്‍ പോലീസ്‌ നിരീക്ഷണം ശക്‌തമാക്കാനും തീരുമാനമായി. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും മതിലിനും ബലക്ഷയമുണ്ടോയെന്നും പരിശോധിക്കും. മൂന്നിന്‌ ശേഷം എല്ലാ വാര്‍ഡിലും അദാലത്ത്‌ നടത്തും. സൈന്യവും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ യോഗം നന്ദി അറിയിച്ചു. ആര്‍.ഡി.ഒ അതുല്‍സ്വാമിനാഥന്‍, മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.രഘുപ്രസാദ്‌, ജില്ലാ പഞ്ചായത്തംഗം വി.വേണു, തഹസില്‍ദാര്‍ വി.കെ.ശശി, ഡി.വൈ.എസ്‌.പി: അനീഷ്‌.വി.കോര, ഡെപ്യുട്ടി തഹസില്‍ദാര്‍ ജോബിന്‍.കെ.ജോര്‍ജ്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വകുപ്പ്‌ തല ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 28 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW