Tuesday, July 16, 2019 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.04 AM

വെള്ളൂരിനെ ഈറനണിയിച്ച ട്രെയിന്‍ ദുരന്തത്തിന്‌ 38 വയസ്‌

വൈക്കം:ഓണാഘോഷത്തിനിടയില്‍ വെള്ളൂര്‍ ഗ്രാമത്തെ നടുക്കിയ ട്രെയിന്‍ ദുരന്തത്തിന്‌ 38 വയസ്സ്‌. 1980 ഓഗസ്‌റ്റ്‌ 25ന്‌ അവിട്ടം നാളില്‍ വൈകുന്നേരം 4.50നായിരുന്നു പതിമൂന്ന്‌ പേരുടെ ജീവന്‍ കവര്‍ന്നെടുത്ത ട്രെയിന്‍ അപകടം നടക്കുന്നത്‌.
വെള്ളൂരുകാര്‍ വിളിച്ചിരുന്ന ഭ്രാന്തന്‍ തീവണ്ടി(വേണാട്‌ എക്‌സ്‌പ്രസ്‌)യാണ്‌ അന്ന്‌ നാട്ടുകാരുടെ വിളിയെ അറംപറ്റിച്ചത്‌. വെള്ളൂര്‍ ബോട്ട്‌ റെയ്‌സ്‌ ക്ലബ്ബിന്റെ വള്ളംകളി മത്സരം കാണാനെത്തിയവരാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌. സാധാരണ ദിവസങ്ങളില്‍ 4.10 പോകേണ്ടിയിരുന്ന ട്രെയിന്‍ അന്നു വൈകി.
അക്കാലത്ത്‌ പിറവം റോഡ്‌ റെയില്‍വേ സേ്‌റ്റഷനില്‍ ട്രെയിന്‍ സേ്‌റ്റാപ്പ്‌ ഇല്ലായിരുന്നു. അതിനാല്‍ ചീറിപ്പാഞ്ഞാണ്‌ ട്രെയിന്‍ എത്തിയത്‌. ട്രെയിന്‍ വൈകുന്ന വിവരം സംഘാടകരും പോലീസും മൈക്കിലൂടെ വിളിച്ചുപറയുകയായിരുന്നു. എന്നാല്‍ വള്ളംകളിയുടെ ആവേശത്തില്‍ പലരും ഇതിനെ കൂട്ടാക്കിയില്ല.
4.50ന്‌ വള്ളംകളി സമാപിച്ചതിനു ശേഷം പാലത്തില്‍ കൂടി നടന്നുപോയവരാണ്‌ അപകടത്തില്‍പ്പെട്ടത്‌. ട്രെയിന്‍ വരുന്നതു കണ്ട്‌ പലരും പുഴയിലേയ്‌ക്ക്‌ ചാടി രക്ഷപ്പെട്ടു. എന്നാല്‍ 13 പേരുടെ ജീവന്‍ ട്രെയിന്‍ ചിന്നഭിന്നമാക്കി. ഇതില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ദുരന്തത്തിനു കീഴ്‌പ്പെട്ടു. എറണാകുളം എടയ്‌ക്കാട്ട്‌വയല്‍ പഞ്ചായത്തിലെ നാരായണന്‍കുട്ടി, മക്കളായ കാഞ്ചന, സന്തോഷ്‌, ബിവീന, സുധ എന്നിവരാണ്‌ ഒരു കുടുംബത്തില്‍പ്പെട്ടവര്‍.
ഇവര്‍ക്കൊപ്പമെത്തിയ സമീപവാസിയായ ഭവാനിയും മരിച്ചു. ദുരന്തം കഴിഞ്ഞ പിറ്റേദിവസമാണ്‌ ഇവരുടെ മരണം വീട്ടുകാരും നാട്ടുകാരും അറിയുന്നത്‌. സമീപവാസിയായ ഭവാനിയുടെ കുടുംബവീട്‌ വെള്ളൂര്‍ പഞ്ചായത്തിലെ ഇറുമ്പയത്താണ്‌. മത്സരവള്ളംകളി കഴിഞ്ഞ്‌ ഇവര്‍ ഒരുമിച്ച്‌ ഇറുമ്പയത്ത്‌ പോയെന്ന ധാരണയിലായിരുന്നു വീട്ടുകാര്‍.
പിന്നീട്‌ നടത്തിയ അനേ്വഷണത്തിലാണ്‌ ഇവരുടെ മരണം സ്‌ഥിരീകരിക്കുന്നത്‌. ഇതിന്റെ ഓര്‍മകള്‍ ഇന്നും വീട്ടുകാരെ കണ്ണീരിലാഴ്‌ത്തുന്നു. തൊടുപുഴ സ്വദേശികളായ രാമന്‍കുട്ടി, ഗോപാലകൃഷ്‌ണന്‍, മേവെള്ളൂര്‍ മൂത്തേടത്ത്‌ വീട്ടില്‍ എം.കെ ദിനേശന്‍, എറണാകുളം വെണ്ടുരുത്തി സ്വദേശി വാസു, അരയന്‍കാവ്‌ കുലയറ്റിക്കര വിജയന്‍, ചേര്‍ത്തല എഴുപുന്ന സ്വദേശി അശോകന്‍, ബ്രഹ്‌മമംഗലം ഹൈസ്‌കൂളില്‍ അക്കാലത്ത്‌ ഏഴാംക്ലാസില്‍ പഠിക്കുകയായിരുന്ന രാജേന്ദ്രന്‍ എന്നിവരാണ്‌ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ച മറ്റുള്ളവര്‍.
ദുരന്തം ഉണ്ടാകുന്നതിന്‌ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ പാലത്തില്‍ ഫുട്‌പാത്ത്‌ സ്‌ഥാപിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ ദുരന്തത്തിന്‌ ശേഷവും ഇതിനു ഇതിനു നടപടിയില്ലാതെ വന്നതിനെ തുടര്‍ന്ന്‌ ഗ്രാമം ഒന്നടങ്കം ഒരുപകല്‍ മുഴുവന്‍ വെള്ളൂരില്‍ ട്രെയിനുകള്‍ തടഞ്ഞു. തുടര്‍ന്ന്‌ കെ. കരുണാകരന്‍ കേന്ദ്രമന്ത്രിയായപ്പോള്‍ ഫുട്‌പാത്ത്‌ യാഥാര്‍ത്ഥ്യമായി.
എന്നാല്‍ ഇപ്പോള്‍ അറ്റകുറ്റപ്പണിയുടെ പേരുപറഞ്ഞ്‌ ഫുട്‌പാത്ത്‌ അടച്ചിട്ടിരിക്കുകയാണ്‌. നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ വെള്ളൂരിനോട്‌ റെയില്‍വേ കാണിക്കുന്ന അവഗണന ഇന്നും തുടരുകയാണ്‌. ഇതിനെതിരെ പഞ്ചായത്തും നാട്ടുകാരും രംഗത്ത്‌ വന്നിട്ടും നിലപാടില്‍ മാറ്റം വരുത്താന്‍ റെയില്‍വേ തയ്യാറാകുന്നില്ല. ട്രെയിന്‍ ദുരന്തത്തിനു ശേഷം നിലച്ച നാടിന്റെ ഉത്സവമായ മത്സരവള്ളംകളിയും ബോട്ട്‌ ക്ലബ്ബും പുനര്‍ജീവിപ്പിക്കാന്‍ ചില നീക്കങ്ങള്‍ അണിയറയില്‍ തുടങ്ങിയിട്ടുണ്ട്‌. ഇത്‌ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ്‌ നാട്ടുകാര്‍.

Ads by Google
Advertisement
Monday 27 Aug 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW