കൊല്ലം: പ്രളയക്കെടുതിയില്‍പെട്ട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന കൊല്ലം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡി.ടി.പി.സി) ശൂചീകരണത്തിലും സജീവ സാന്നിധ്യമാകുന്നു.
ചെങ്ങന്നൂര്‍, പാണ്ടനാട്, നിരണം മേഖലകളില്‍ രണ്ട് സ്പീഡ് ബോട്ടുകളും 50 ലൈഫ് ജാക്കറ്റുകളും ലഭ്യമാക്കിയ ഡി.ടി.പി.സി നാല് ബോട്ട് ഡ്രൈവര്‍മാരെയും 13 ലൈഫ് ഗാര്‍ഡുമാരെയും വീട്ടുനല്‍കി. ഡി.ടി.പി.സിയുടെ കീഴില്‍ ഏനാത്ത് പ്രവര്‍ത്തിക്കുന്ന ടേക്ക് എ ബ്രേക്ക് എന്ന റസ്റ്റോറന്റും പുനലൂരിലെ ശബരിമല ഇടത്താവളവും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ചു. ഡി.ടി.പി.സിയുടെ മുപ്പതോളം ജീവനക്കാര്‍ ക്യാമ്പുകളിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ഭക്ഷണവും അവശ്യവസ്തുക്കളും ശേഖരിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു. മഴക്കെടുതി ഏറ്റവുമധികം ബാധിച്ച മണ്ട്രോത്തുരുത്ത് മേഖലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ് ഡി.ടി.പി.സി. സംഘം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മാലിന്യവിമുക്തമാക്കുന്നതിനായി ടൂറിസം വകുപ്പ് രൂപം നല്കിയ ക്ലീന്‍ ഡെസ്റ്റിനേഷന്‍ പദ്ധതി പ്രവര്‍ത്തകരെയാണ് ഇവിടെ ശുചീകരണ പ്രവര്‍ത്തങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.
പൊതുസ്ഥലങ്ങളും വീടുകളുമാണ് ഇവര്‍ ശുചീകരിക്കുന്നത്. നേരത്തെ തന്നെ പരിശീലനം ലഭിച്ചിരുന്നതുകൊണ്ടും ശൂചീകരണ സാമഗ്രികള്‍ ഇവരുടെ പക്കലുണ്ടായിരുന്നതുകൊണ്ടും പ്രവര്‍ത്തനം വേഗത്തില്‍ ആരംഭിക്കാന്‍ കഴിഞ്ഞെന്ന് ഡി.ടി.പി.സി. സെക്രട്ടറി സി. സന്തോഷ്കുമാര്‍ പറഞ്ഞു.