Wednesday, July 17, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.01 AM

വീട്ടിലേക്കു മടങ്ങുമ്പോള്‍ ഒാര്‍ക്കണേ...

uploads/news/2018/08/243523/1.jpg

ആലപ്പുഴ: ഒരു താലൂക്കിലുള്ളവരെ മുഴുവന്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയ വലിയ ദൗത്യത്തിന്റെ അവസാന ഘട്ടമെത്തിയിരിക്കുന്നു. കുട്ടനാടിനെ പൂര്‍ണമായും പുനഃസ്‌ഥാപിക്കുകയാണ്‌ അടുത്ത ഘട്ടം. കുട്ടനാട്ടില്‍ 28,29 തിയതികളിലെ ശുചീകരണ യജ്‌ഞത്തിനു ശേഷം പലരും വീട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലാകും. ഈ സമയത്ത്‌ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്‌. അല്‍പം ശ്രദ്ധിച്ചാല്‍ പ്രശ്‌നങ്ങളില്ലാതെ നമുക്ക്‌ വീട്ടിലേക്ക്‌ മടങ്ങാം. ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ..
പരമാവധി
ഒറ്റയ്‌ക്ക്‌ വീട്ടിലേക്ക്‌ മടങ്ങരുത്‌

ഒറ്റയ്‌ക്ക്‌ വീട്ടിലേയ്‌ക്ക്‌ മടങ്ങരുത്‌. മുതിര്‍ന്നവര്‍ രണ്ടോ അതിലധികമോ പേര്‍ ഒരുമിച്ചുപോകണം. ഒരു കാരണവശാലും രാത്രിയില്‍ വീട്ടിലേയ്‌ക്ക്‌ പോകരുത്‌. വിഷപ്പാമ്പുകളെ കണ്ടാല്‍ 9656135555 (ആലപ്പുഴ റേഞ്ച്‌) 8281004595 (ചെങ്ങന്നുര്‍ റേഞ്ച്‌) എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. ശുദ്ധവായു ലഭിക്കുന്നതിന്‌ ജനലുകളും വാതിലുകളും തുറന്നിടുക. കഴിയുമെങ്കില്‍ വീടിന്‌ പുറത്തുനിന്നും തുറക്കുക. ചെന്നുകയറിയ ഉടനെ തീ കത്തിക്കരുത്‌. ഗ്യാസ്‌ സിലിണ്ടര്‍ ഓഫാക്കുക. മതില്‍, വീട്‌ എന്നിവയ്‌ക്കൊക്കെ ബലക്ഷയം ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ ഒരു കാരണവശാലും തളളിത്തുറക്കരുത്‌. ശുചീകരണം തുടങ്ങും മുമ്പ്‌ രോഗപ്രതിരോധ മരുന്നുകള്‍ നിര്‍ബന്ധമായും കഴിക്കണം. ക്ലീനിങ്‌ നടത്തുമ്പോള്‍ കൈയുറകളും മാസ്‌ക്‌ ഉപയോഗിക്കുകയോ തോര്‍ത്ത്‌ ഉപയോഗിച്ച്‌ മൂക്ക്‌ മറക്കുകയോ ചെയ്യുക. വീട്‌ പൂര്‍ണമായും വൃത്തിയാക്കുന്നതുവരെ ചെരിപ്പ്‌ ഉപയോഗിക്കണം. മാലിന്യങ്ങള്‍ ജൈവം അജൈവം എന്നിങ്ങനെ പ്രത്യേകം തരംതിരിക്കുക. അഴുകുന്ന മാലിന്യങ്ങള്‍ കുഴിയില്‍ നിക്ഷേപിച്ച്‌ കമ്പോസ്‌റ്റാക്കുക. അജൈവമാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കിയശേഷം സൂക്ഷിക്കുക. ഇലക്‌ട്രിക്‌ ഇലക്‌ട്രോണിക്‌ സാധനങ്ങളും പ്ലാസ്‌റ്റിക്കുകളും പ്രത്യേകം ചാക്കിലാക്കി സൂക്ഷിക്കുക. വീടുകളും സ്‌ഥാപനങ്ങളും വൃത്തിയാക്കുന്നതിനുമുമ്പ്‌ വൈദ്യുതിയുടേയും പാചകവാതകത്തിന്റെയും സുരക്ഷ പരിശോധിച്ച്‌ ഉറപ്പുവരുത്തണം. വീടും പരിസരവും വൃത്തിയാക്കിയശേഷം സാധാരണ ബ്ലീച്ചിംഗ്‌ പൗഡര്‍ ഉപയോഗിച്ച്‌ ലായനിയാക്കി തളിക്കുക. (10 ലിറ്റര്‍ വെള്ളത്തിന്‌ 150 ഗ്രാം എന്ന കണക്കില്‍) മലിനപ്പെട്ട കിണറുകള്‍, ടാങ്കുകള്‍, കുടിവെളള സ്രോതസ്സുകള്‍ പെപ്പിലൂടെ ലഭിക്കുന്ന വെളളം എന്നിവ സൂപ്പര്‍ ക്ലോറിനേഷന്‍ (1000 ലിറ്റര്‍ വെളളത്തില്‍ അഞ്ച്‌ ഗ്രാം ബ്ലീച്ചിംഗ്‌ പൗഡര്‍) നടത്തി ഒരു മണിക്കൂറിനുശേഷം മാത്രം ഉപയോഗിച്ചുതുടങ്ങുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക (കുപ്പിവെളളം ഉള്‍പ്പെടെ). വീടിനുളളിലിരുന്ന ഭക്ഷ്യസാധനങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്‌. ഫ്‌ളഷുകളും പൈപ്പുകളും ഉപയോഗപ്രദമാണോ എന്ന്‌ പരിശോധിക്കുക. വീടിന്റെ നാലുവശത്തുനിന്നുമുളള ഫോട്ടോ എടുത്തുവെയ്‌ക്കണം. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ എത്രയം വേഗം ഡോക്‌ടറുടെ സേവനം തേടേണ്ടതാണ്‌. നാശനഷ്‌ടങ്ങളുണ്ടായ വസ്‌തുക്കളുടെയും സാധനങ്ങളുടെയും ഫോട്ടോകളും എടുത്തുസൂക്ഷിക്കുക. ഇവ നാശനഷ്‌ടങ്ങളുടെ കണക്കെടുപ്പിന്‌ പിന്നീട്‌ ഗുണകരമാകും. ശുചിത്വമിഷന്‍ ഇത്‌ സംബന്ധിച്ച്‌ നോട്ടീസ്‌ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്‌.

++++++++++++++++++++

ആരോഗ്യത്തിലും
വേണം ശ്രദ്ധ

ക്ലോറിന്‍ ലായനി
തയാറാക്കുന്ന വിധം

ആറ്‌ ടീസ്‌പ്പൂണ്‍ ബ്ലീച്ചിങ്‌ പൗഡര്‍ വെള്ളം ചേര്‍ത്ത്‌ കുഴമ്പുരൂപത്തിലാക്കുക. അതിലേക്ക്‌ ഒരു ലിറ്റര്‍ വെള്ളം ചേര്‍ത്ത്‌ കലക്കി ലയിപ്പിക്കുക. 10 മിനിറ്റ്‌ സമയം അനക്കാതെ വച്ച്‌ തെളിയാന്‍ അനുവദിക്കുക. ശേഷം അതിന്റെ തെളി എടുത്ത്‌ ഉപയോഗിക്കാം. ക്ലോറിന്‍ ലായനി ഒഴിച്ച്‌ അര മണിക്കൂര്‍ കഴിഞ്ഞശേഷം മാത്രം കഴുകുക.

കിണര്‍ ക്ലോറിനേഷന്‍
ചെയ്യുന്ന വിധം

ഒരു സാധാരണ കിണറിന്റെ ഒരു ഉറ(തൊടി) യ്‌ക്ക്‌ ഏകദേശം അര ടീസ്‌പൂണ്‍ ബ്ലീച്ചിംഗ്‌ പൗഡര്‍ എന്ന കണക്കില്‍ ആകെയുള്ള വെള്ളത്തിന്റെ അളവില്‍ ക്ലോറിന്‍ ലായനി തയ്യാറാക്കി കിണറ്റില്‍ ഒഴിച്ച്‌ ഒരു മണിക്കൂറിന്‌ ശേഷം വെള്ളം ഉപയോഗിക്കാം. ആയിരം ലിറ്റര്‍ വെള്ളത്തിന്‌ അര ടീസ്‌പണ്‍ (രണ്ടരഗ്രാം) ബ്ലീച്ചിങ്‌ പൗഡര്‍ സാധാരണ ക്ലോറിനേഷനും ഒരു ടീസ്‌പൂണ്‍ പൗഡര്‍ സൂപ്പര്‍ ക്ലോറിനേഷനും ഉപയോഗിക്കണം.

ആരോഗ്യകരമായ
മൂന്‍ കരുതലുകള്‍

കുടിവെള്ളം തിളപ്പിച്ച്‌ ആറ്റിയതു മാത്രം ഉപയോഗിക്കുക. പാത്രം കഴുകാനും ബ്ലീച്ചിങ്‌ ലായനി ഉപയോഗിക്കണം. ലായനിയില്‍ അല്‌പം ഡിറ്റര്‍ജന്റ്‌ പൗഡര്‍ കൂടി ഉപയോഗിച്ച്‌ കഴുകാനുള്ള ലായനി തയാറാക്കാം. സോപ്പ്‌ ഉപയോഗിച്ച്‌ കൈകഴുകിയശേഷം മാത്രം ഭക്ഷണം കഴിക്കുക. നനഞ്ഞു കുതിര്‍ന്ന്‌ കേടായ വസ്‌ത്രങ്ങളും കിടക്കയും മറ്റും ഉപേക്ഷിക്കുക. പരിസരം വൃത്തിയാക്കുന്നതിന്‌ നീറ്റുകക്ക, കുമ്മായം ഇവ ഉപയോഗിക്കുക. മലിനജലവുമായി സമ്പര്‍ക്കത്തില്‍പ്പെടുന്നവര്‍ ആഴ്‌ചയിലൊരിക്കല്‍ പ്രതിരോധ മരുന്ന്‌ കഴിക്കണം. കൈകാലുകളില്‍ മുറിവുള്ളവര്‍ ഡോക്‌ടറുടെ ഉപദേശം തേടേണ്ടതും പ്രതിരോധ ഗുളിക കഴിക്കേണ്ടതുമാണ്‌.
അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രമേഹരോഗികള്‍ കൃത്യമായി ചികിത്സയെടുക്കണം. ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ തുടങ്ങിയ വസ്‌തുക്കള്‍ ക്ലോറിനേറ്റ്‌ ചെയ്‌തു. വെള്ളത്തില്‍ കഴുകിയെടുത്തതിനുശേഷം ഉപയോഗിക്കുക. കൈയും വായും കഴുകുന്നതിനും ക്ലോറിനേറ്റ്‌ ചെയ്‌ത വെള്ളം ഉപയോഗിക്കണം. വീട്‌ വൃത്തിയാക്കുമ്പോള്‍ പാഴ്വസ്‌തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുത്‌. പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ വൃത്തിയാക്കി ശുചീകരണ പ്രവര്‍ത്തനം നടത്തുമ്പോള്‍ വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ഉണ്ടാകാനിടയുള്ളതിനാല്‍ സൂക്ഷിക്കണം. വീടിന്‌ പുറത്ത്‌ ഇറങ്ങുമ്പോഴെല്ലാം നിര്‍ബന്ധമായും ചെരുപ്പ്‌ ഉപയോഗിക്കണം. പാത്രം കഴുകുന്നതിനായി ശേഖരിക്കുന്ന വെള്ളത്തില്‍ 20 ലിറ്ററിന്‌ ഒന്ന്‌ എന്ന കണക്കില്‍ ക്ലോറിന്‍ ഗുളിക ചേര്‍ക്കുക. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.

ക്യാമ്പുകളിലെ
ഹോമിയോചികിത്സാ
സഹായം

ആലപ്പുഴ: ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടേയും പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ഹോമിയോപ്പതി വകുപ്പിന്റെ ചുമതലയില്‍ ചികില്‍സ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ക്‌ളാസുകള്‍ എന്നിവ സജീവമായി നടക്കുന്നുണ്ട്‌. അധിക സഹായം ആവശ്യമുളള ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ ജില്ലാ മെഡിക്കലോഫീസുമായി ബന്ധപ്പെടാവുന്നതാണ്‌.
ഡോ. പി. ഡി. ലീലാമ്മ ജില്ലാ മെഡിക്കലോഫീസര്‍(ഹോമിയോ) (എഫ്‌.എ.സി.), ആലപ്പുഴ-ഫോണ്‍ 9895446515, ജില്ലാ പ്രോഗ്രാം മാനേജര്‍, ഫോണ്‍ 9995068060 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.

++++++++++++++++++++
മുന്‍കരുതലുമായി
കെ.എസ്‌.ഇ.ബി.

ആലപ്പുഴ: വെള്ളം കയറിയ വീടുകളിലും സ്‌ഥാപനങ്ങളിലും പ്രവേശിക്കുന്നതിന്‌ മുന്‍പ്‌ വൈദ്യുത സുരക്ഷ ഉറപ്പുവരുത്തണമെന്ന്‌ കെ.എസ്‌.ഇ.ബി ആലപ്പുഴ ഇലക്ര്‌ടിക്കല്‍ സര്‍ക്കിള്‍. വീടിന്റെ പരിസരങ്ങളില്‍ ലൈന്‍ കമ്പി, സര്‍വീസ്‌ വയര്‍, എര്‍ത്ത്‌ കമ്പി എന്നിവ പൊട്ടികിടക്കുന്നതോ, താഴ്‌ന്നു കിടക്കുന്നതോ കണ്ടാല്‍ ഉടന്‍തന്നെ കെ.എസ്‌.ഇ.ബി ഓഫീസില്‍ വിവരം അറിയിക്കണമെന്നും അവര്‍ അറിയിച്ചു. വീടുകളിലേക്ക്‌ മടങ്ങുമ്പോള്‍ മീറ്റര്‍ ബോര്‍ഡിലെ ഫ്യൂസ്‌ ഊരിയ ശേഷം മെയിന്‍ സ്വിച്ച്‌ ഓഫാക്കണം. തുടര്‍ന്ന്‌ ഇ.എല്‍.സി.ബി, സോളാര്‍, ഇന്‍വെര്‍ട്ടര്‍ എന്നിവ ഉണ്ടെങ്കില്‍ അത്‌ ഓഫാക്കണം.
മെയിന്‍ സ്വിച്ച്‌ ഓണാക്കുന്നതിനു മുന്‍പ്‌ അടുത്തുള്ള എര്‍ത്ത്‌ കമ്പി പൊട്ടിയിട്ടില്ല എന്ന്‌ ഉറപ്പ്‌ വരുത്തണം. സ്വിച്ച്‌ ബോര്‍ഡിന്‌ മുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ ഒരു വയര്‍മാനെകൊണ്ട്‌ പരിശോധിപ്പിക്കുക. മീറ്റര്‍, എം.സി.ബി, സ്വിച്ചുകള്‍ എന്നിവ സുരക്ഷിതമല്ല എന്ന്‌ തോന്നിയാല്‍ മാറ്റണം. കേബിളില്‍ വെള്ളംകയറി കേടു പറ്റിയിട്ടില്ല എന്ന്‌ ഉറപ്പു വരുത്തണം.
ടി.വി, ഫ്രിഡ്‌ജ്‌, വാഷിങ്‌ മെഷീന്‍, മിക്‌സി, തേപ്പുപെട്ടി തുടങ്ങിയ പ്ലഗ്ഗില്‍ ഘടിപ്പിച്ച വൈദ്യുത ഉപകരണങ്ങള്‍, എക്‌സ്‌റ്റന്‍ഷന്‍ കോഡ്‌, മറ്റ്‌ താല്‍കാലിക വയറിങ്ങുകള്‍ എന്നിവ പൂര്‍ണമായും വിചേ്‌ഛദിക്കുക. ഡിസ്‌ട്രിബ്യുഷന്‍ ബോക്‌സ്‌(ഡി.ബി)ഓഫ്‌ ചെയ്‌തതിനു ശേഷം ഇ.എല്‍.സി.ബി ടെസ്‌റ്റ്‌ ബട്ടണ്‍ അമര്‍ത്തി ഓഫാകുന്നുണ്ടോ എന്ന്‌ ഉറപ്പുവരുത്തുക. ഓഫാകുന്നില്ലെങ്കില്‍ ഉടന്‍ ഒരു വയര്‍മാന്റെ സഹായം തേടണം.
മെയിന്‍ സ്വിച്ച്‌ ഓണാക്കിയത്തിന്‌ ശേഷം എം.സി. ബികള്‍, സ്വിച്ചുകള്‍ എന്നിവ ഓരോന്നായി ഓണ്‍ചെയ്‌തു നോക്കണം. വെള്ളത്തില്‍ മുങ്ങിയ വൈദ്യുത ഉപകരണങ്ങള്‍ വിദഗ്‌ദ്ധ പരിശോധനയ്‌ക്ക്‌ ശേഷമേ പ്ലഗ്ഗില്‍ ഘടിപ്പിക്കാവു. മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും ഏത്‌ സഹായത്തിനും കെ.എസ്‌.ഇ.ബി ജീവനക്കാര്‍, പ്രാദേശിക ഭരണകൂടം എന്നിവരെ സമീപിക്കണം. 9496061061,9188241912,9188241913 എന്നീ നമ്പറുകളില്‍ വിളിച്ച്‌ പരാതി അറിയിക്കാം.

++++++++++++++++++++
ക്യാമ്പ്‌ വിടുന്നവര്‍ക്കുള്ള കിറ്റുകള്‍
അതത്‌ വില്ലേജ്‌
ഓഫീസുകളില്‍ നിന്ന്‌

ആലപ്പുഴ: ഈ മാസം 30ന്‌ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന്‌ വീടുകളിലേക്ക്‌ മടങ്ങുന്ന കുട്ടനാട്‌ താലൂക്കിലുള്ളവര്‍ക്കുള്ള കിറ്റുകള്‍ അടുത്ത ദിവസം മുതല്‍ അതത്‌ വില്ലേജ്‌ ഓഫീസുകളില്‍ നിന്ന്‌ വിതരണം ചെയ്യുമെന്ന്‌ ധനമന്ത്രി ഡോ.ടി.എം.തോമസ്‌ ഐസകും ജില്ലാ കലക്‌ടര്‍ എസ്‌.സുഹാസും അറിയിച്ചു.
കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലേയും കെടുതി മൂലം ക്യാമ്പില്‍ താമസിച്ചവര്‍ക്കും വീടുകളില്‍ താമസിച്ചവര്‍ക്കും കിറ്റിന്‌ അര്‍ഹതയുണ്ടാകും. സമ്പൂര്‍ണ പ്രളയബാധിത താലൂക്കെന്ന നിലയില്‍ എല്ലാവര്‍ക്കും കിറ്റിന്‌ അര്‍ഹതയുണ്ട്‌. മറ്റു താലൂക്കുകളില്‍ ക്യാമ്പുകളില്‍ രജിസ്‌റ്റര്‍ ചെയ്‌ത എല്ലാവര്‍ക്കും കിറ്റ്‌ കിട്ടുമെന്നും അവര്‍ പറഞ്ഞു.
ഈമാസം 30മുതല്‍ കുട്ടികളെയും പ്രായമായവരേയും ആദ്യം വീടുകളിലേക്കു മാറ്റിത്തുടങ്ങും. ഈസമയം കിറ്റ്‌ വിതരണത്തിനുള്ള പ്രായോഗിക ബുദ്ധിമുട്ട്‌ കണക്കിലെടുത്താണ്‌ വില്ലേജ്‌ ഓഫീസുകള്‍ വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്‌. കിറ്റ്‌ കിട്ടാന്‍ വേണ്ടി ആരും കാത്തുനില്‍ക്കണമെന്നില്ല. വെള്ളക്കെട്ട്‌ മൂലം മടങ്ങിപ്പോകാന്‍ കഴിയാത്തവരെ ഏകോപിപ്പിച്ച്‌ ഒന്നോ രണ്ടോ ക്യാമ്പുകളില്‍ താമസിപ്പിക്കും. വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ ഒഴിവാക്കി കല്യാണമണ്ഡപം, പാരിഷ്‌ ഹാള്‍ മുതലായവ ഇതിനായി എടുക്കാന്‍ ജില്ല കളക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.
++++++++++++++++++++
കുട്ടനാടിന്റെ
മഹാശുചീകരണം
28 മുതല്‍;
പ്രളയ ഗ്രാമസഭ ഇന്ന്‌

ആലപ്പുഴ: കുട്ടനാടിന്റെ മഹാശുചീകരണത്തിന്‌ തയ്യാറെടുത്ത്‌ ജില്ല. സുരക്ഷിത ക്യാമ്പുകളിലേക്ക്‌ മാറിയ കുട്ടനാട്ടുകാര്‍ക്ക്‌ തിരികെ വീട്ടിലേക്ക്‌ പോകുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനായി 28, 29 തീയതികളില്‍ നടക്കുന്ന ശുചീകരണയജ്‌ഞത്തിന്‌ എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാകുന്നു. ജില്ലാ ഭരണകൂടവും തദ്ദേശഭരണ സ്‌ഥാപന പ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും വിവിധ വകുപ്പുകളും സാങ്കേതികവിദ്യയും ഒരുപോലെ കൈകോര്‍ത്തുള്ള പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌.
പൊതുമരാമത്തുമന്ത്രി ജി. സുധാകരന്‍, ധനകാര്യമന്ത്രി ടി.എം. തോമസ്‌ ഐസക്ക്‌, ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ തുടങ്ങിയവര്‍ ഇന്നലെ ഇതിന്റെ ഒരുക്കങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി ഭരണകേന്ദ്രത്തില്‍ തന്നെ ഉണ്ടായിരുന്നു. 16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളില്‍ ഉള്ളവരെയാണ്‌ പുനരധിവസിപ്പിക്കേണ്ടത്‌. അതിനുള്ള കര്‍മപദ്ധതി പൂര്‍ത്തിയായിട്ടുണ്ട്‌.ശുചീകരണ പ്രക്രിയയുടെ ഘട്ടങ്ങള്‍ അവലോകനം ചെയ്യുന്നതിന്‌ ധനമന്ത്രി തോമസ്‌ഐസക്‌, പൊതുമരാമത്തുമന്ത്രി പി. തിലോത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം കലക്‌ടറേറ്റില്‍ ചേര്‍ന്നു. 30ന്‌ തിരിച്ച്‌ വീടുകളിലേക്ക്‌ പോകാവുന്നവരെ തിരിച്ചയയ്‌ക്കും. അല്ലാത്തവരെ പ്രത്യേക ക്യാമ്പുകളിലേക്ക്‌ മാറ്റാനാണ്‌ ഉദ്ദേശ്യം. എ.സി. റോഡിലെ വെള്ളം വറ്റിക്കുന്ന നടപടികള്‍ അടിയന്തരമായി നടക്കുകയാണ്‌. 30 ശക്‌തിയേറിയ പമ്പുകള്‍ കൂടി മഹാരാഷ്ര്‌ട മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയിലെത്തിക്കുന്നുണ്ട്‌.
പമ്പിംഗ്‌ സബ്‌സിഡി നല്‍കുന്നതിനുള്ള തുക ഒരുമാസം മുമ്പുതന്നെ അനുവദിച്ചിട്ടുള്ളതാണ്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. അത്‌ നല്‍കാനുള്ള തടസങ്ങള്‍ എന്താണെന്ന്‌ അന്വേഷിച്ച്‌ നീക്കും. മടവീണ ബണ്ടുകള്‍ പുനഃസ്‌ഥാപിക്കുന്നതിനുള്ള തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന്‌ നല്‍കും. കുട്ടനാടിന്റെ ശുചീകരണത്തിന്‌ 60000 പേരെയാണ്‌ ലക്ഷ്യമിടുന്നത്‌. ഓരോ വീട്ടില്‍നിന്ന്‌ ഒരു അംഗമാകുമ്പോള്‍ തന്നെ 50000 പേര്‍ വരും. കൂടാതെ അയ്യായിരം പേരെ ജില്ലയ്‌ക്ക്‌ അകത്തുനിന്നും അയ്യായിരം പേരെ ജില്ലയുടെ പുറത്തുനിന്നും സന്നദ്ധ സേവനത്തിന്‌ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.ഓരോ പഞ്ചായത്തില്‍ നിന്നുള്ളവരെയും പ്രത്യേക കേന്ദ്രങ്ങളിലേക്ക്‌ മാറ്റി അവിടെ നിന്ന്‌ റോഡ്‌ മാര്‍ഗം അല്ലെങ്കില്‍ ബോട്ട്‌ മാര്‍ഗം അവരവരുടെ വീടുകളില്‍ എത്തിക്കുക എന്നതാണ്‌ പദ്ധതി. ഇതിന്റെ കാര്യങ്ങള്‍ ആലോചിക്കുന്നതിന്‌ പ്രളയ ഗ്രാമസഭ ഇന്ന്‌ നടക്കുമെന്ന്‌ മന്ത്രിമാര്‍ പറഞ്ഞു. 31ന്‌ കുട്ടനാട്‌ പ്ലാസ്‌റ്റിക്‌ വിരുദ്ധ ദിനമായി ആചരിക്കും.
സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഇറങ്ങുന്നവര്‍ക്കും ക്യാമ്പില്‍ നിന്ന്‌ മടങ്ങുന്നവര്‍ക്കും ഭക്ഷണക്രമീകരണം വരുത്തും. കുട്ടനാട്ടില്‍ ഒരു റേഷന്‍ കട മാത്രമാണ്‌ മുങ്ങാതെ അവശേഷിക്കുന്നതെന്ന്‌ മന്ത്രി പി. തിലോത്തമന്‍ യോഗത്തില്‍ പറഞ്ഞു. ബോട്ടിലോ വള്ളത്തിലോ റേഷന്‍ വിതരണം നടത്തുന്നതിനെക്കുറിച്ചാണ്‌ ഇപ്പോള്‍ ആലോചിക്കുന്നത്‌. കൂടാതെ താല്‍ക്കാലിക സംവിധാനം മറ്റ്‌ കെട്ടിടത്തില്‍ ഒരുക്കി റേഷന്‍ വിതരണം നടത്തും.

Ads by Google
Advertisement
Monday 27 Aug 2018 12.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW