Saturday, June 22, 2019 Last Updated 10 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.00 AM

മരണത്തെ മുഖാമുഖം കണ്ട സുധീര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകയായി

മാന്നാര്‍: കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിലില്‍ മരണത്തെ മുഖാമുഖം കണ്ടിട്ടും സ്വന്തം കുടുംബത്തെ പോലും നോക്കാതെ അന്യന്റെ ദുരിതത്തില്‍ കൈത്താങ്ങായ സുധീര്‍ എലവണ്‍സിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായി. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ മാന്നാര്‍ ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ സഹായങ്ങള്‍ എത്തിക്കാന്‍ ഭാരവാഹികളായ ഗോപാല കൃഷ്‌ണന്‍, സജി കുട്ടപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലോചന നടക്കുമ്പോഴാണ്‌ പ്രളയത്തെക്കുറിച്ച്‌ പഞ്ചായത്തിന്റെ അറിയിപ്പു വന്നത്‌. ഉടന്‍തന്നെ സജി കുട്ടപ്പനും അപ്പുക്കുട്ടനും അനില്‍ ചാരുംമൂട്ടിലും അരുണും കൂടി പാവുക്കര മുസ്ലീം പള്ളിയിലെത്തി ഉച്ചഭാഷിണിയിലൂടെ അപകട സൂചന നല്‍കി. മൂര്‍ത്തിട്ടയില്‍ നിന്നും ലഭിച്ച വള്ളവും കയറ്റി വാഹനത്തില്‍ ബുധനൂരിലെത്തി. വാഹനം മുന്നോട്ടു പോകാത്തതിനാല്‍ വള്ളം റോഡിലെ വെള്ളക്കെട്ടിലിറക്കി അടുത്തുള്ള പുഞ്ചയിലൂടെ പാണ്ടനാട്ടിലേക്കു പോകാനായി സുഹൃത്തുക്കള്‍ക്കൊപ്പം വള്ളത്തില്‍ കയറി. വള്ളം വിടുമ്പോള്‍ പ്രളയം ഇത്ര ഭീകരമാണെന്ന്‌ അറിയില്ലായിരുന്നു. പുഞ്ചയിലൂടെയുള്ള യാത്ര ദുഷ്‌കരമായപ്പോള്‍ പാണ്ടനാട്‌-ബുധനൂര്‍ റോഡിലൂടെയാണ്‌ വള്ളവുമായി പോയത്‌. അവിടെ നിന്നും ആള്‍ക്കാര്‍ ഒഴിഞ്ഞ്‌ പോയിരുന്നതിനാല്‍ എല്ലാവരും സുരക്ഷിതരാണെന്ന്‌ കരുതി. എന്നാല്‍ മുന്നോട്ടു നീങ്ങിയപ്പോഴാണ്‌ ദയനീയ കാഴ്‌ചകള്‍ കാണുന്നത്‌. കഴിയുന്നത്ര ആളുകളെ രക്ഷിക്കണമെന്ന ലക്ഷ്യം മാത്രമായിരുന്നു മനസില്‍. അപ്പോഴാണ്‌ ഒറ്റ നിലയിലുള്ള ഒരു ആഡംബര വീട്ടില്‍ പ്രായമായ അച്‌ഛനും അമ്മയും മകനും കഴുത്തൊപ്പം വെള്ളത്തില്‍ നില്‍ക്കുന്നതു കണ്ടത്‌. വലിയ മതില്‍ക്കെട്ടിലൂടെ അവരെ വള്ളത്തില്‍ കയറ്റി അടുത്ത വീടിന്റെ ടെറസില്‍ എത്തിച്ചു. അപ്പോഴേക്കും വെള്ളം കുടുതല്‍ സംഹാര താണ്ഡവമാടാന്‍ തുടങ്ങിയിരുന്നു. പിന്നീട്‌ പാണ്ടനാട്‌ പറമ്പത്തൂര്‍ പടിയിലേക്കു പോയി. വള്ളത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടു. മരണത്തെ മുഖാമുഖം കണ്ടു. പിന്നെ വീട്ടിലെ ചിന്തയേയും അവസ്‌ഥയെയും ബാധ്യതകളെയും മക്കളെയും കുറിച്ചായി. അവിടെ സുഹൃത്ത്‌ പ്രസന്നനാണ്‌ രക്ഷകനായത്‌. അപ്പോഴേക്കും രാത്രി ഒന്‍പതു മണി. ഇതിനിടെ വള്ളം മറിഞ്ഞ്‌ ഫോണും നഷ്‌ടപ്പെട്ടു. ഒന്നും ചെയ്യാനാകാത്ത തീര്‍ത്തും പ്രതീക്ഷകള്‍ അസ്‌തമിച്ച അവസ്‌ഥ. പത്തു മണിയോടടുത്ത്‌ പ്രസന്നന്റെ മിടുക്കില്‍ വെട്ടം കണ്ട ഒരു കെട്ടിടത്തിന്‌ സമീപത്തേക്ക്‌ എത്തി. അവിടെ നിന്നും കഴുത്തറ്റം വെള്ളത്തില്‍ നിന്ന രണ്ടു പേര്‍ വള്ളത്തില്‍ കയറാനായി വന്നു. സാഹചര്യം മനസിലാക്കി അവര്‍ അഭയം പ്രാപിച്ച വീടിന്റെ മുകളിലത്തെ നിലയിലേക്ക്‌ വലിച്ചു കയറ്റി.
വൃദ്ധ മാതാപിതാക്കള്‍ അടങ്ങുന്ന 20 അംഗ സംഘങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്‌. അവരും ഭയപ്പെട്ട്‌ കഴിയുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിക്ക്‌ സജി ചെറിയാന്‍ എം.എല്‍.എയെ ഫോണില്‍ കിട്ടി. എന്തു വിലകൊടുത്തും രക്ഷിക്കുമെന്ന്‌ എം.എല്‍.എ ആത്മവിശ്വാസം നല്‍കി. അഞ്ചു മണിയോടെ വീണ്ടും വള്ളത്തില്‍ ബുധനൂര്‍ ഭാഗത്തേക്കു വിട്ടു. ഇതിനിടയില്‍ വഴിയില്‍ കുടുങ്ങിയ അഡീഷണല്‍ എസ്‌.ഐ: റജൂബ്‌ഖാനെയും കൂട്ടി മാന്നാറിലെത്തി.
ഇതിനുള്ളില്‍ അപകട വിവരം എല്ലാവരും അറിഞ്ഞിരുന്നു. തുടര്‍ന്ന്‌ ഫൈബര്‍ ബോട്ടില്‍ വീണ്ടും പാണ്ടനാട്ടിലേക്ക്‌ രക്ഷാപ്രവര്‍ത്തനത്തിനായി മടങ്ങി. കൈയില്‍ കിട്ടിയ വെള്ളവും ആഹാരവുമായി ഒരു ടൈല്‍സ്‌ കമ്പനിയിലാണെത്തിയത്‌. അവിടെ കണ്ട കാഴ്‌ച ദയനീയമായിരുന്നു. നിരത്തിയിട്ട ലോറിയുടെ ക്യാബിനിലും കമ്പനിയിലെ ബര്‍ത്തിലും കമ്പികളില്‍ തൊട്ടി കെട്ടിയും കുട്ടികളും സ്‌ത്രീകളും ഉള്‍പ്പെടെ 90 ലധികം ജീവനുകള്‍. ആഹാരവും വെള്ളവും കൊടുത്തപ്പോള്‍ അതു നിരസിച്ച്‌ ഞങ്ങളെ രക്ഷിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. പരമാവധി സ്‌ത്രീകളെയും കുട്ടികളെയും ആദ്യം രക്ഷിക്കാന്‍ തീരുമാനിച്ചു. മൂന്നു തവണയായി ബാക്കിയുള്ളവരെ കൂടി കയറ്റിയപ്പോള്‍ ഇരുട്ടായി. വീണ്ടും 20 പേര്‍ കൂടി ബാക്കി. അവസാനം കരയിലെത്തിയപ്പോള്‍ രാത്രി 11 മണി. ഒത്തിരി ജീവനുകള്‍ രക്ഷിച്ചെങ്കിലും അഭയം തന്നവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം എത്തിയ ബോട്ടില്‍ അവര്‍ വൈകുന്നേരത്തോടെ രക്ഷപെട്ടതായി പിന്നീടറിഞ്ഞു.
പാവുക്കരയില്‍ തന്റെ നാട്ടുകാരിയായ സ്‌ത്രീ വെള്ളത്തില്‍ മരിച്ചുകിടക്കുന്നതറിഞ്ഞ്‌ അവിടെ നീന്തിയെത്തി. അഴുകിയ മൃതദേഹം എടുത്ത്‌ കരയ്‌ക്കുവന്നപ്പോള്‍ ഏറ്റെടുക്കാന്‍ ധാരാളം ആള്‍ക്കാര്‍ എത്തി. പിന്നെയും ഒത്തിരി ചെയ്യാനുണ്ടെന്ന ചിന്തയില്‍ ഒറ്റപ്പെട്ട്‌ ക്യാമ്പിലല്ലാതെ കിടന്നവര്‍ക്ക്‌ സഹായം എത്തിക്കാനുള്ള ശ്രമം തുടര്‍ന്നു.
സുധീറിന്റെ വീട്‌ കഴിഞ്ഞ മൂന്നു തവണത്തെ വെള്ളപ്പൊക്കത്തിലും വെള്ളം കയറിയും നശിച്ചു കിടക്കുകയാണ്‌. ഇവിടേക്കു കയറാന്‍ പറ്റാത്ത അവസ്‌ഥയാണ്‌. സുഹൃത്തുക്കളുടെ വീടുകളിലാണ്‌ സുധീറും കുടുംബവും ഇപ്പോള്‍ കഴിയുന്നത്‌. വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന തന്റെ പ്രതീക്ഷ ഇക്കൊല്ലത്തെ ഓണക്കച്ചവടമായിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. എങ്ങനെ മുന്നോട്ടു പോകും എന്ന ശങ്ക വല്ലാതെ അലട്ടു ന്നെങ്കിലും സൗഹൃദങ്ങള്‍ തനിക്കു താങ്ങാകും എന്ന പ്രതീക്ഷയിലാണ്‌ സുധീര്‍.

Ads by Google
Advertisement
Monday 27 Aug 2018 12.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW