ചാത്തന്നൂര്‍: ചിറക്കര ഗ്രാമപഞ്ചായത്തു വക പകല്‍വീട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങള്‍ ഓണമുണ്ണാന്‍ പോകണമെന്നു വാശിപിടിച്ചതിനെത്തുടര്ന്നു ബന്ധുവീടുകളിലേക്കു പോകാന്‍ അനുമതി. ചിറക്കര മണ്ഡപംകുന്നിലെ കുന്നിടിച്ചില്‍ ഭീഷണിയെ തുടര്‍ന്നു മാറ്റിപ്പാര്‍പ്പിച്ച മൂന്നു കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ എട്ടോടെ വീട്ടില്‍ പോകണമെന്നു ഇവര്‍ ഒന്നടങ്കം വാശിപിടച്ചതോടെ റവന്യു അധികൃതരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ദുരിതാശ്വാസ ക്യാമ്പിലെത്തി.
ഇവര്‍ താമസിച്ചിരുന്ന കുന്നിലെ മണ്ണ് നീക്കം ചെയ്യാതെ യാതൊരു കാരണവശാലും ഈ വീടുകളിലേക്ക് പോകാന്‍ അനുവദിക്കുകയില്ലെന്ന് തഹസീല്‍ദാരും വില്ലേജ് ഓഫീസറും അറിയിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ബന്ധുവീടുകളിലേക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കാമ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതായി റവന്യു അധികൃതര്‍ അറിയിച്ചു.