Wednesday, April 24, 2019 Last Updated 8 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.49 PM

പിണറായി കൂട്ടകൊലക്കേസ്‌ പ്രതി സൗമ്യ ജയിലില്‍ തൂങ്ങിമരിച്ചു

uploads/news/2018/08/243278/1.jpg

കണ്ണൂര്‍: പിണറായി കൂട്ടകൊലക്കേസ്‌ പ്രതി വണ്ണത്താന്‍വീട്ടില്‍ സൗമ്യയെ( 30) ജയില്‍ വളപ്പില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ 9. 30 ഓടെയാണ്‌ കണ്ണൂര്‍ വനിതാ സബ്ബ്‌ ജയിലിലെ കശുമാവില്‍ സൗമ്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്‌. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമൂഹത്തെ ഞെട്ടിച്ച കൊലക്കേസുകളിലെ പ്രതിയാണ്‌ സൗമ്യ. വഴിവിട്ട ബന്ധങ്ങള്‍ തുടരാന്‍ വേണ്ടി മകളുള്‍പ്പെടെ മൂന്നു പേരടങ്ങുന്ന കുടുംബത്തെയാണ്‌ സൗമ്യം പലപ്പോഴായി വിഷം നല്‍കി കൊലപ്പെടുത്തിയത്‌. പോലീസ്‌ അന്വേഷണത്തില്‍ സൗമ്യ കുറ്റം സമ്മതിച്ചിരുന്നു. ഒന്നിന്‌ പിറകെ ഒന്നായുള്ള മരണത്തില്‍ ദുരൂഹത പടര്‍ന്നതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 24 ന്‌ നടന്ന ദീര്‍ഘമായ ചോദ്യം ചെയ്യലിന്‌ ഒടുവിലാണ്‌ സൗമ്യ കുറ്റം സമ്മതിച്ചത്‌.തുടര്‍ന്ന്‌ റിമാന്‍ഡ്‌ തടവുകാരിയായി വനിതാ ജയലില്‍ കഴിയുകയായിരുന്നു. പിണറായി പടന്നക്കരയിലെ വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (എട്ട്‌) എന്നിവരാണ്‌ ഈ ക്രൂരതയ്‌ക്കിരയായത്‌.
അതേ സമയം ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മരിച്ച ഇളയമകള്‍ കീര്‍ത്തനയുടേത്‌ സ്വഭാവിക മരണമാണെന്ന്‌ സൗമ്യ ആവര്‍ത്തിച്ചത്‌. നിയമപരമായി വിവാഹം കഴിച്ചുവളല്ല സൗമ്യ. പ്രണയം തോന്നിയ ആളെ കൂടെ താമസിക്കുകയും അതില്‍ രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്യുകയായിരുന്നു. ഈ ദാമ്പത്യത്തില്‍ സംശയരോഗം വില്ലനായപ്പോള്‍ ഭര്‍ത്താവ്‌ കിഷോര്‍ സൗമ്യയെ ഉപേക്ഷിച്ചു. ആറു വര്‍ഷം മുന്‍പ്‌ മരിച്ച ഇളയ
കുട്ടിയുടെ മുതദേഹം ദഹിപ്പിച്ചതിനാല്‍ കേസില്‍ ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കല്‍ അസാധ്യമാണന്നതിനാല്‍ ഈ മരണത്തില്‍ സൗമ്യയെ പ്രതലിചേര്‍ത്തിരുന്നില്ല.സൗമ്യയും കിഷോറും ഒന്നിച്ച്‌ താമസിച്ചിരുന്ന സമയത്താണ്‌ 2012 ല്‍ കീര്‍ത്തന മരിച്ചത്‌. അടുത്ത കാലത്ത്‌ മൂത്തമകള്‍ ഐശ്വര്യയും സൗമ്യയുടെ മാതാവ്‌ കമലയും കുഞ്ഞിക്കണ്ണനും മരിച്ച സമാനമായ രോഗ ലക്ഷണങ്ങളോടെയായിരുന്നു കീര്‍ത്തനയുടെയും മരണം. അതു കൊണ്ട്‌ തന്നെ ഇതും കൊലപാതകമാണെന്ന സംശയം നിലവിലുണ്ട്‌.
എല്ലാവരും മരിച്ചത്‌ കടുത്ത വയറ്‌ വേദനയേയും ഛര്‍ദിയേയും തുടര്‍ന്നായിരുന്നു. ഇതാണ്‌ ദുരൂഹതയുയര്‍ത്തിയത്‌. സംശയം തന്നിലേക്ക്‌ ഉയര്‍ന്നപ്പോള്‍ എല്ലാവരേയും കബളിപ്പിക്കാന്‍ വയറുവേദനയും ഛര്‍ദിയുമാണെന്ന്‌ പറഞ്ഞ്‌ സൗമ്യ ആശുപത്രിയില്‍ കിടന്നു. എന്നാല്‍ എല്ലാം അഭിനയമാണെന്ന്‌ ഡോക്‌ടര്‍ വഴി മനസ്സിലാക്കിയ പോലീസ്‌ പ്രതിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. എലിവിഷത്തില്‍ അടങ്ങിയിട്ടുള്ള അലൂമിനിയം ഫോസ്‌ഫേറ്റാണ്‌ കൂട്ട മരണകാരണമെന്ന്‌ രാസപരിശോധനയില്‍ തെളിഞ്ഞിരുന്നു.കേസില്‍ ഏക പ്രതിയായ സൗമ്യക്കെതിരേ ആദ്യ കുറ്റപത്രം കഴിഞ്ഞ മാസമാണ്‌ സമര്‍പ്പിച്ചത്‌. മാതാവ്‌ കമലയെ കൊലപ്പെടുത്തിയ കേസിലാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥനായ തലശ്ശേരി സി.ഐ. കുറ്റപത്രം സമര്‍പ്പിച്ചത്‌. പിതാവ്‌ കുഞ്ഞിക്കണ്ണന്‍, മകള്‍ ഐശ്വര്യ എന്നിവരുടെ കൊലപാതക കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ്‌ സൗമ്യയുടെ ആത്മഹത്യ. ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലി ആയിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗമ്യ ചെയ്‌തിരുന്നത്‌. ജയില്‍ വളപ്പില്‍ പശുക്കള്‍ക്ക്‌ വേണ്ടി പുല്ലരിയാന്‍ പോയ സൗമ്യ രഹസ്യമായി കൈയില്‍ കരുതിയിരുന്ന സാരിയില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ്‌ കണ്ണൂര്‍ വനിതാ ജയില്‍ അധികൃതര്‍ പറയുന്നത്‌. കണ്ട ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ജയിലിലെ വിശ്രമ മുറിയില്‍ നിന്നാണ്‌ സൗമ്യ സാരി കൈക്കലാക്കിയതെന്നു കരുതുന്നു. വിശ്രമ മുറിയില്‍ കഴിഞ്ഞ ദിവസം സൗമ്യ കയറിയതായി സഹ തടവുകാര്‍ പൊലീസിനോട്‌ പറഞ്ഞു. ഇന്നലെ രാവിലെ പ്രഭാത ഭക്ഷണത്തിന്‌ ശേഷമാണ്‌ ജയില്‍ വളപ്പിലെ പുല്ലു വെട്ടാനായി സൗമ്യ പോയത്‌. ഈ സമയം ആ ഭാഗത്ത്‌ മറ്റാരും ഉണ്ടായിരുന്നില്ല. കശുമാവ്‌ പടര്‍ന്ന്‌ പന്തലിച്ചു കിടക്കുന്നതിനാല്‍ ചുവട്ടില്‍ നില്‍ക്കുന്നവരെ ദൂരെ നിന്നും നോക്കിയാല്‍ കാണില്ല. അതിനാലാണ്‌ വാര്‍ഡന്മാര്‍ അറിയാതെ പോയത്‌. 9 മണിയോടെ ഇവിടേക്ക്‌ പോയ സൗമ്യയെ കാണാതെ വന്നതോടെ വാര്‍ഡന്‍ അന്വേഷിച്ചു ചെന്നപ്പോഴാണ്‌ തൂങ്ങി നില്‍ക്കുന്നത്‌ കാണുന്നത്‌.
അടുത്തിടെയായി സൗമ്യ തനിച്ചിരുന്ന്‌ കരയാറുണ്ടായിരുന്നതായും കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചതായതും സഹതടവുകാര്‍ പോലീസിനോട്‌ പറഞ്ഞു. അതിനിടെ സൗമ്യയുടെ ആത്മഹത്യാ കുറിപ്പ്‌ ജയില്‍ മുറിയില്‍ നിന്ന്‌ പോലീസ്‌ കണ്ടെടുത്തു. മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസില്‍
താന്‍ നിരപരാധിയാണെന്ന്‌ പറയുന്ന സൗമ്യയുടെ ആത്മഹത്യാകുറിപ്പാണ്‌ കണ്ടെടുത്തത്‌. തന്റെ മരണത്തില്‍ ഉദ്യോഗസ്‌ഥര്‍ കുറ്റക്കാരല്ല. കുടുംബം ഒറ്റപ്പെടുത്തുന്നു. ഞാന്‍ കുറ്റക്കാരിയല്ല. ആരെയും കൊന്നിട്ടില്ല. ഇങ്ങനെയാണ്‌ സൗമ്യ ആത്മഹത്യക്കുറിപ്പില്‍ എഴുതി വച്ചത്‌.മകളെ അഭിസംബോധന ചെയ്‌ത് ഏഴുതിയ ഡയറിയിലും നിരപരാധിയാണെന്നാണ്‌ സൗമ്യ അവകാശപ്പെടുന്നത്‌.
മൃതദേഹം ഏറ്റുവാങ്ങാന്‍ പൊലീസ്‌ ബന്ധുക്കളെ വിളിച്ചെങ്കിലും ആരും വന്നില്ല.
ജയിലിലെ അന്തേവാസി തൂങ്ങി മരിച്ച സംഭവത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ്‌ സൂചന.
ജയില്‍ ഡി.ജി.പി നോര്‍ത്ത്‌ സോണ്‍ ഡി.ഐ.ജിയോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Ads by Google
Advertisement
Friday 24 Aug 2018 11.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW