Tuesday, July 16, 2019 Last Updated 8 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.48 PM

ചോദ്യങ്ങള്‍ ബാക്കിയാക്കി സൗമ്യ; തുടരന്വേഷണ സാധ്യതയും മങ്ങി

തലശ്ശേരി: മാതാപിതാക്കളും പിഞ്ചുമക്കളടക്കം കുടുംബത്തെ ഒന്നാകെ കൂട്ടക്കൊലയ്‌ക്ക് വിധേയമാക്കിയ പിണറായിയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യ ജീവിതത്തില്‍ മടങ്ങിയത്‌ ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കി.കുറ്റകൃത്യങ്ങള്‍ക്ക്‌ സഹായിച്ചത്‌ ആരാണെന്ന്‌ കണ്ടെത്തുന്നതിനുള്ള തുടരന്വേഷണ സാധ്യതകളും ഇതോടെ ഇല്ലാതായി. കൂട്ടക്കൊലപാതകങ്ങളില്‍ ഒരു കേസില്‍ കഴിഞ്ഞ മാസം പോലീസ്‌ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
പുറത്തുവന്ന മൊഴികള്‍ പ്രകാരം മൊഴികളില്‍ താന്‍ തനിച്ചാണ്‌ കുറ്റകൃത്യം നടത്തിയതെന്ന്‌ സൗമ്യ പറഞ്ഞിരുന്നു. ആ നിലയ്‌ക്കാണ്‌ കുറ്റപത്രത്തിലെയും പരാമര്‍ശം.അതേ സമയം സൗമ്യയുടെ സഹോദരിയുടെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിലും ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ചില വിവരങ്ങള്‍ പോലീസിന്‌ ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ തുടരന്വേഷത്തിന്‌ പോലീസ്‌ സാധ്യത തേടിയുന്നു. അച്‌ഛന്‍ കുഞ്ഞിക്കണ്ണന്‍ മരിക്കുന്നതിനു മുമ്‌ബ് തന്നോട്‌ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും സഹോദരി വെളിപ്പെടുത്തുകയുണ്ടായി. സൗമ്യക്ക്‌ ഒരാളെ ഇഷ്‌ടമുണ്ടെന്നും തനിക്ക്‌ എന്തെങ്കിലും പറ്റിയാല്‍ ആ കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും അച്‌ഛന്‍ പറഞ്ഞതായി സഹോദരി പറഞ്ഞിരുന്നു. കൂടാതെ ഒരു മാസം കൊണ്ട്‌ പ്രശ്‌നം തീരും എന്ന്‌ പറഞ്ഞ്‌ 21 കാരനായ കാമുകന്‌ അയച്ച മെസേജ്‌ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ സൗമ്യ തന്റെ മാതാപിതാക്കളെയും മകളെയും കൊല്ലാനാണ്‌ പദ്ധതിയിട്ടതെന്ന്‌ തനിക്ക്‌ മനസ്സിലായിട്ടില്ലെന്നാണ്‌ ഈ കാമുകന്‍ പോലീസിനോട്‌ വ്യക്‌തമാക്കിയത്‌. 16 വയസു മുതല്‍ തനിക്ക്‌ സൗമ്യയുമായി ബന്ധമുണ്ടെന്നും പ്രശ്‌നം തീരുമെന്നു പറഞ്ഞതിന്റെ പൊരുള്‍ ചോദിച്ചെങ്കിലും സൗമ്യ തന്നോട്‌ അതിനെ കുറിച്ച്‌ മൗനം പാലിക്കുകയാണ്‌ ചെയ്‌തതെന്നും കാമുകന്‍ അന്വേഷണ സംഘത്തിന്‌ മൊഴി നല്‍കി.അഞ്ചിലധികം കാമുകന്മാരുമായി മണിക്കൂറുകള്‍ നീണ്ട സംഭാഷണം നടത്തിയതിന്റെ തെളിവുകള്‍ ലഭ്യമായ വിവരങ്ങളിലുണ്ട്‌. കാമുകന്മാരെ നേരത്തെ പോലീസ്‌ ചോദ്യം ചെയ്‌തിരുന്നെങ്കിലും പ്രതി ചേര്‍ക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
കൂട്ടുപ്രതി സ്‌ഥാനത്തേക്ക്‌ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനാവശ്യമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്നാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കുന്നത്‌. ഇതേസമയം തലശ്ശേരി നഗരത്തില്‍ പുതുതായി ആരംഭിച്ച ഒരു ബാങ്കില്‍ പിങ്ക്‌മി, ഡപ്പോസിറ്റ്‌ കലക്‌ടറുടെ ജോലി സൗമ്യ ചെയ്‌തിരുന്നതായി പോലീസിന്‌ വിവരം ലഭിച്ചിരുന്നു. എന്നാല്‍ പ്രതിമാസം ഇരുപത്തിഅയ്ായയിരം രൂപയ്‌ക്കുമുകളില്‍ ബാങ്കില്‍ പിഗ്മി കലക്ഷന്‍ സ്വീകരിച്ച്‌ ഡപ്പോസിറ്റ്‌ ചെയ്‌തതായും അന്ന്‌ പ്രചരണമുണ്ടായിരുന്നു.
പ്രതിമാസം ഇരുപത്തയ്യായിരം രൂപയോളം ബാങ്കില്‍ പിഗ്മി വഴി നിക്ഷേപിക്കണമെങ്കില്‍ സ്വാഭാവികമായും അയാള്‍ക്ക്‌ അതിന്റെ നാലിരട്ടിയെങ്കിലും വരുമാനം ഉണ്ടാവേണ്ടതുമാണ്‌. അന്വേഷണത്തില്‍ പലപ്പോഴും ഇത്തരം ഗൗരവമേറിയ ഇടപാടുകള്‍ പോലീസ്‌ കണ്ടെത്തിയിരുന്നതായി സ്‌ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും പിഗ്മി കലക്ഷന്‌ ഇത്രയും വലിയ തുകകള്‍ ഡപ്പോസിറ്റ്‌ ചെയ്യുന്നവരെക്കുറിച്ച്‌ യാതൊരന്വേഷണവും കേസ്‌ സംബന്ധിച്ചുള്ള അന്വേഷണ സംഘം നടത്തിയില്ലെന്ന ആരോപണവും അന്ന്‌ ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹസാഹചര്യത്തില്‍ നടത്തുന്ന നിരവധി പേരെ കേസന്വേഷണവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ ചോദ്യം ചെയ്യലിന്‌ വിളിച്ചുവരുത്തിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ഇവരെയെല്ലാം വിട്ടയക്കുകയാണെന്നാണ്‌ അന്വേഷണ സംഘം വ്യക്‌തമാക്കിയിരുന്നത്‌. അതേസമയം 60 വയസിനു മുകളില്‍ പ്രായമുള്ള സൗമ്യയുടെ അച്‌ഛനും അമ്മയ്‌ക്കും വിവിധ ദിവസങ്ങളിലായി എലിവിഷം ഭക്ഷണത്തില്‍ ചേര്‍ത്തുനല്‍കിയാണ്‌ കൊലപാതകം നടത്തിയെന്ന അന്വേഷണ സംഘത്തിന്റെ വിലയിരുത്തലുകളെ കെമിക്കല്‍ സൈന്റിസ്‌റ്റുകള്‍ നേരത്തെ തന്നെ സംശയം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. കൊലചെയ്യപ്പെട്ട മൂന്നുപേരുടെ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും എലിവിഷത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി വ്യക്‌തമാക്കുന്നുമുണ്ട്‌.
പുറത്തുള്ളവരുടെ സഹായമില്ലാതെ സൗമ്യയുടെ രക്ഷിതാക്കള്‍ക്ക്‌ രൂക്ഷ ഗന്ധമുള്ള എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തി അവര്‍ അത്‌ സ്വയമേവ ഇഷ്‌ടത്തോടെ കഴിച്ചുവെന്നതില്‍ ശാസ്‌ത്രീയതയുടെ അപാകതകള്‍ ഉണ്ടെന്നും കെമിക്കല്‍ സൈന്റിസ്‌റ്റുകള്‍ സംശയിച്ചിരുന്നു. ഇവിടെയാണ്‌ മൂന്നു കൊലപാതകങ്ങള്‍ക്കും പിറകില്‍ മറ്റുള്ളവരുടെ സമ്മര്‍ദ്ദമോ, ഭീഷണിയോ നടന്നിട്ടുണ്ടാവാമെന്ന്‌ പൊതുജനങ്ങളും സംശയിച്ചത്‌. എന്നാല്‍ ഇത്തരത്തിലുള്ള ഒരു സംശയങ്ങള്‍ക്കും ഇടമില്ലെന്നാണ്‌ പോലീസ്‌ ഉറപ്പിച്ചു പറയുന്നത്‌. സൗമ്യയെ ജയില്‍ വളപ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതോടെ തുടരന്വേഷണത്തിനുള്ള സാദ്ധ്യതയും ഫലത്തില്‍ ഇല്ലാതായിരിക്കുകയാണ്‌.

Ads by Google
Advertisement
Friday 24 Aug 2018 11.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW