Wednesday, November 21, 2018 Last Updated 40 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.48 PM

പാലുകാച്ചലിനു തയാറായ വീട്‌ ദുരിതാശ്വാസ ക്യാമ്പായി

uploads/news/2018/08/243271/2.jpg

തൊടുപുഴ:കെടുതികള്‍ക്കിടയിലും ഹൈറേഞ്ചില്‍ നന്മയുടെ തുരുത്തുകള്‍ തെളിഞ്ഞുകാണാം. ഇത്തരത്തിലൊന്നാണ്‌ അടിമാലി കൊന്നത്തടി പഞ്ചായത്തിലെ മുതിരപ്പുഴ പേറ്റുപാറയില്‍ സാബുവിന്റെ വീട്‌. നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കി താമസമാരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്കേ, ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വീടുനഷ്‌ടപ്പെട്ടവര്‍ക്ക്‌ അഭയമായി മാറുകയായിരുന്നു ഈ വീട്‌.
എങ്ങോട്ടുപോകണമെന്നറിയാതെ വിറങ്ങലിച്ചു നിന്നവര്‍ക്കു തങ്ങളുടെ വീട്ടില്‍ താമസസൗകര്യം ഒരുക്കി നല്‍കുകയായിരുന്നു സാബു. ഇതോടെ ഇവരുടെ വീട്‌ ദുരിതാശ്വാസ ക്യാമ്പായി മാറി. കഴിഞ്ഞ 13 ന്‌ പുലര്‍ച്ചെ കൊന്നത്തടി മേഖലയിലുണ്ടായ വ്യാപകമായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധിപേരുടെ വീടുകള്‍ നശിച്ചു. ഉച്ചയായിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതുമില്ല. ഈ സമയം കൈയില്‍ കിട്ടിയ വസ്‌തുക്കളുമായി വീടുവിട്ടിറങ്ങിയവര്‍ സാബുവിന്റെ വിടിനുമുന്നിലെ റോഡില്‍ എത്തി എന്തുചെയ്യണമെന്നറിയാതെ കൂട്ടം കൂടി നിന്നു. ഇത്‌ ശ്രദ്ധയില്‍പെട്ട സാബുവും ഭാര്യയും ഇവരെ യാതൊരു മടിയും കൂടാതെ വീട്ടിലേക്കു ക്ഷണിച്ചു. 18 വീട്ടുകാരാണ്‌ നാലു കിടപ്പുമുറിയും ഹാളും അടുക്കളയുമുള്ള വീട്ടില്‍ കഴിഞ്ഞ രണ്ടാഴ്‌ചയായി താമസിച്ചുപോന്നത്‌. ഇവര്‍ താമസമാരംഭിച്ച്‌ മൂന്നു ദിവസങ്ങള്‍ക്കുശേഷമാണ്‌ പഞ്ചായത്ത്‌ അധികൃതര്‍ ഇവിടെയെത്തി കാര്യങ്ങള്‍ തിരക്കുന്നത്‌.
ഇതിനോടകം തന്നെ ഇവരുടെ പക്കലുണ്ടായിരുന്ന പാചകവാതകസിലിണ്ടറും അരിയുള്‍പ്പടെയുള്ള ഭക്ഷ്യവസ്‌തുക്കളും തീര്‍ന്നിരുന്നു. ഇത്‌ മനസിലാക്കിയ അധികൃതര്‍ ഇവിടേക്ക്‌ ആവശ്യമായ വസ്‌തുക്കള്‍ എത്തിച്ചു. സാബുവിന്റെ വീട്‌ ദുരിതാശ്വാസ ക്യാമ്പായി നിജപ്പെടുത്തുകയും ചെയ്‌തു. ഇതോടെ മറ്റു പലയിടങ്ങളില്‍നിന്നും സഹായങ്ങള്‍ എത്തി. ഭാര്യയും രണ്ടു പെണ്‍മക്കളുമടങ്ങുന്നതാണു സാബുവിന്റെ കുടുംബം. കൃഷിപ്പണി ചെയ്‌ത്‌ വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെയാണു സ്വന്തമായി വീടു നിര്‍മിക്കാന്‍ സാബുവിനായത്‌. ഇതുകാണ്ടുതന്നെ വീടുനഷ്‌ടപ്പെട്ടവരുടെ വേദന ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ ഇദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും സാധിച്ചു. പ്രകൃതി ക്ഷോഭത്തില്‍ വീടുകള്‍ക്കുണ്ടായ കേടുപാടുകള്‍ പരിഹരിച്ച്‌ ക്യാമ്പിലുണ്ടായിരുന്ന പലരും സ്വന്തം വീടുകളിലേക്ക്‌ തിരികെ പോയി. എന്നാല്‍ വീട്‌ പൂര്‍ണമായും നശിച്ച മൂന്നു കുടംബങ്ങള്‍ ഇപ്പോഴും സാബുവിന്റെ വീട്ടില്‍ തുടരുകയാണ്‌.

Ads by Google
Advertisement
Friday 24 Aug 2018 11.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW