രാജകുമാരി: കനത്തമഴയിലും ഉരുള്‍പൊട്ടലിലും വ്യപകമായി പാടശേഖരങ്ങള്‍ നശിച്ചു. എട്ടോളം പാടശേഖര സമിതികളുള്ള രാജകുമാരി ഗ്രാമപഞ്ചായത്തിലെ കന്നിക്കൃഷി പൂര്‍ണമായും മഴവെള്ളപ്പാച്ചലില്‍ ഒലിച്ചുപോയി. രാജകുമാരി മേഖലയെ പട്ടിണിയില്‍ നിന്നും കുടിവെള്ള ക്ഷാമത്തില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിയിരുന്ന ഈ പാടശേഖരങ്ങള്‍ നാമാവശേഷമായി. ഉരുള്‍പൊട്ടി ഒലിച്ചിറങ്ങി മണ്ണ് നിറഞ്ഞും ബണ്ടുകള്‍ തകര്‍ന്ന് കയറിയൊഴുകിയ മഴവെള്ളപ്പാച്ചലിലും മണ്ണും മണലും അടിഞ്ഞു കൃഷിക്കു യോഗ്യമല്ലാത്ത അവസ്ഥയിലാണു നിലവില്‍ പാടങ്ങള്‍. അശാസ്ത്രീയമായി ചാലു നിര്‍മിച്ച് തന്നാണ്ടു കൃഷികള്‍ക്കു പാടശേഖരങ്ങള്‍ വഴിമാറിയപ്പോള്‍ വര്‍ഷത്തില്‍ രണ്ടുകൃഷികള് ചെയ്യുന്ന പാടങ്ങള്‍ കാലവര്‍ഷമഴയില്‍ നാമാവശേഷമായി.
നിലവില്‍ ബണ്ടുകള്‍ അടച്ചും ഉരുള്‍പൊട്ടലില്‍ ഉണ്ടായ മണ്ണുകള്‍ നീക്കം ചെയ്തും പാടശേഖരങ്ങള്‍ സംരക്ഷിക്കാനും വീണ്ടും കൃഷിയിറക്കാനുമുള്ള തയാറെടുപ്പിലാണു കര്‍ഷകര്‍. ഇതിന്റെ ഭാഗമായി തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖര സമിതിയുടെയും സംയുക്തപ്രവര്‍ത്തനത്തിലൂടെ തകര്‍ന്ന ബണ്ടുകള്‍ പുനര്‍നിര്‍മിച്ചു നികന്ന പാടത്തെ മണ്ണുകള്‍ നീക്കം ചെയ്തു. ഒരു മാസത്തിനുള്ളില്‍ വീണ്ടും കൃഷിയിറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പാടശേഖരങ്ങള്‍ ഉഴുതുമറിച്ചു ഒരു മാസത്തിനുള്ളില്‍ കൃഷിയിറക്കി ജനുവരിയില്‍ വിളവെടുക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍.