Tuesday, November 13, 2018 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.48 PM

ഉടുമ്പന്‍ചോലയിലെ ക്യാമ്പുകള്‍ ഒന്‍പതാക്കി

രാജകുമാരി: കാലവസ്‌ഥ അനുകൂലമായതോടെ ഉടുമ്പന്‍ചോലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒന്‍പതാക്കി ചുരുക്കി. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന്‌ 41 ക്യാമ്പുകളാണ്‌ ഉടുമ്പന്‍ചോല താലൂക്കില്‍ ആരംഭിച്ചത്‌.
ആകെ 4775 ദുരിതബാധിതരാണു ക്യാമ്പുകളില്‍ എത്തിയത്‌. കാലാവസ്‌ഥ അനുകൂലമായതോടെ ഒന്‍പതു ക്യാമ്പുകളിലായി 266 കുടുംബങ്ങളിലെ 714 ആളുകളാണ്‌ ഇവിടുള്ളത്‌. 310 പുരുഷന്‍മാരും 312 സ്‌ത്രീകളും 106 കുട്ടികളുമാണ്‌ ഇനി ക്യാമ്പിലുള്ളത്‌.
കനത്ത മഴയെത്തുടര്‍ന്ന്‌ മേഖലയില്‍ ക്യാമ്പുകള്‍ ആരംഭിച്ചതോടെ നിരവധിയാളുകളാണു സഹായ ഹസ്‌തവുമായി എത്തിയത്‌. സപ്ലൈകോ വഴിയാണ്‌ ആദ്യം ആവശ്യമായ ഭക്ഷ്യ വസ്‌തുക്കള്‍ ക്യാമ്പുകളില്‍ ലഭ്യമാക്കിയത്‌. തുടര്‍ന്നു റോട്ടറി ക്ലബുകളുടെ നേതൃത്വത്തില്‍ വന്‍ തോതില്‍ ഭക്ഷ്യ വസ്‌തുക്കള്‍ ക്യാമ്പുകളില്‍ എത്തിച്ചു. തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സഹായവുമായിയെത്തി. കേരളത്തിന്റെ അകത്തും പുറത്തുമുള്ള മലയാളികളും മലയോര മേഖലയ്‌ക്കു മികച്ച സഹകരണമാണ്‌ നല്‍കിയത്‌. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം ക്യാമ്പുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാന്‍ സഹായിച്ചു.
റവന്യു, ആരോഗ്യം, പോലിസ്‌, ഫയര്‍ഫോഴ്‌സ്‌ തുടങ്ങിയ വിവിധ വകുപ്പുകളും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും വലിയ സേവനമാണ്‌ ദുരിതാശ്വാസ രംഗത്ത്‌ നടത്തിയത്‌. വിവിധ മേഖലകളില്‍നിന്നും എത്തിയ അവശ്യവസ്‌തുക്കള്‍ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ തരം തിരിച്ച്‌ ആവശ്യമായ ക്യാമ്പുകളില്‍ എത്തിച്ചു.
രാപകല്‍ വ്യത്യാസമില്ലാതെയാണ്‌ ജീവനക്കാരും നാട്ടുകാരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. ക്യാമ്പുകളില്‍ ഭക്ഷ്യ വസ്‌തുക്കളും വീടുകള്‍ ക്ലീന്‍ ചെയ്യാനാവശ്യമായ വസ്‌തുക്കളും മറ്റ്‌ അവശ്യ വസ്‌തുക്കളും അടങ്ങിയ കിറ്റുകളും നല്‍കിയാണ്‌ തിരികെ അയക്കുന്നത്‌. ജീവനക്കാരുടെ നേതൃത്വത്തില്‍ കിറ്റുകള്‍ തരം തിരിച്ച്‌ ഒരുക്കിയിരുന്നു.വീട്‌ പൂര്‍ണ്ണമായും നഷ്‌ടപെട്ടവരെ അധിവസിപ്പിയ്‌ക്കുന്നതിനായി പൊതു ക്യാമ്പുകള്‍ ആരംഭിയ്‌ക്കുമെന്ന്‌ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി.എസ്‌. ഭാനുകുമാര്‍ അറിയിച്ചു.
വിവിധ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാവും ക്യാമ്പുകള്‍ ഒരുക്കുന്നത്‌. ഇവര്‍ക്ക്‌ വാസയോഗ്യമായ വീട്‌ ഒരുങ്ങുന്നതുവരെ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

Ads by Google
Advertisement
Friday 24 Aug 2018 11.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW