Saturday, April 20, 2019 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.46 PM

കുട്ടനാടിനായി ഒത്തുചേരാം; 28 മുതല്‍ മൂന്നുദിവസം

uploads/news/2018/08/243255/1.jpg

ആലപ്പുഴ: കുട്ടനാട്ടുകാരെ മുഴുവന്‍ പുനരധിവസിപ്പിക്കാന്‍ മൂന്നുദിവസത്തെ സമ്പൂര്‍ണ ശുചീകരണ യജ്‌ഞത്തിനു രൂപം നല്‍കിയതായി മന്ത്രിമാരായ തോമസ്‌ ഐസക്‌, ജി. സുധാകരന്‍ എന്നിവര്‍ കലക്‌ടറേറ്റില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.
28, 29, 30 തീയതികളിലായി നടക്കുന്ന ശുചീകരണത്തില്‍ ജില്ലയ്‌ക്കു പുറത്തുനിന്നുള്ള 5,000 പേരും ജില്ലയിലെ അരലക്ഷം പേരും പങ്കെടുക്കും. കേരളം കണ്ട ഏറ്റവും വലിയ പുനരധിവാസ കാമ്പയിനാണ്‌ കുട്ടനാട്‌ ഒരുങ്ങുന്നത്‌. 31 ന്‌ പരമാവധി കുട്ടനാട്ടുകാരെ വീടുകളിലെത്തിക്കുകയാണു ലക്ഷ്യം.
31 കഴിഞ്ഞാല്‍
ക്യാമ്പുകളുടെ എണ്ണം
കുറയും

ശുചീകരണം പൂര്‍ത്തിയാക്കി പരമാവധി കുട്ടനാട്ടുകാരെ 31നുള്ളില്‍ വീടുകളിലെത്തിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. വീടുകളിലേക്ക്‌ മടങ്ങുന്നവര്‍ക്ക്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ നല്‍കും. വീടുകള്‍ വാസയോഗ്യമല്ലെന്ന്‌ കണ്ടെത്തിയവര്‍ക്കും 30നുശേഷവും വെള്ളക്കെട്ട്‌ തുടരുന്ന സ്‌ഥലങ്ങളിലെ കുടുംബങ്ങള്‍ക്കും മാത്രമായി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും.
രണ്ടോ മൂന്നോ ക്യാമ്പുകള്‍ മതിയാകുമെന്നാണു കണക്കുകൂട്ടല്‍. പത്രസമ്മേളനത്തില്‍ ജില്ലാ കലക്‌ടര്‍ എസ്‌.സുഹാസ്‌, സബ്‌കലക്‌ടര്‍ കൃഷ്‌ണതേജ, സംഭരണ ശാലയുടെ ചാര്‍ജ്‌ വഹിക്കുന്ന കൊല്ലം സബ്‌കലക്‌ടര്‍ എസ്‌. ചിത്ര എന്നിവരും പങ്കെടുത്തു.
വീട്ടിലെയും
പരിസരത്തെയും
ചെളി നീക്കും

മറ്റുജില്ലകളില്‍നിന്ന്‌ സന്നദ്ധപ്രവര്‍ത്തനത്തിന്‌ തയാറായി വരുന്നവര്‍ക്കു ഹൗസ്‌ ബോട്ടുകളില്‍ താമസിക്കാന്‍ സൗകര്യമൊരുക്കും. പാമ്പുപിടിത്തക്കാരുടെ സംഘം ആന്ധ്ര , തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ നിന്നെത്തും.
ഓണ്‍ലൈനില്‍ രജിസ്‌റ്റര്‍ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകര്‍ എത്തേണ്ട സ്‌ഥലം കൃത്യമായി തീരുമാനിച്ച്‌ മുന്‍കൂട്ടി അറിയിക്കും. ബാര്‍ജുകളിലും ബോട്ടുകളിലുമായി 28ന്‌ രാവിലെ എട്ടിനു സംഘം കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ പുറപ്പെടും. എല്ലാവര്‍ക്കും പ്രതിരോധ മരുന്നു നല്‍കും.
ശുചീകരണത്തിനൊപ്പം
വിവരശേഖരണവും

കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ച വളന്റിയര്‍മാരും മറ്റു ജില്ലകളില്‍നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള സംഘത്തെ വിവരശേഖരണത്തിനായി നിയോഗിക്കും. ഓരോ വാര്‍ഡിലും മൂന്നുപേര്‍ വീതം ഇതിനായി പോകും.
കുടിവെള്ളം, ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത എന്നിവ സംബന്ധിച്ചു സംഘം വിവരം നല്‍കും. 30ന്‌ പ്രായമായവരെയും കുട്ടികളെയും വീടുകളിലേക്ക്‌ കൊണ്ടുപോകും.
31നകം മുഴുവന്‍ പേരെയും വീടുകളിലേക്കു തിരികെയെത്തിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. 31 ന്‌ ഓരോ വീട്ടിലും പനി, വയറിളക്കം എന്നിവ സംബന്ധിച്ച വിവരവും സംഘം ശേഖരിക്കും.

ശുചീകരണത്തിന്‌
വിദഗ്‌ധസംഘം

ക്യാമ്പില്‍ കഴിയുന്ന കുട്ടനാട്ടുകാരില്‍ പ്രായമായവരും കുഞ്ഞുങ്ങളുമൊഴികെ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത മുഴുവന്‍ പേരെയും ശുചീകരണത്തില്‍ പങ്കെടുപ്പിക്കും. ഇലക്‌ട്രീഷ്യന്‍, പ്ലംബര്‍, ആശാരിപ്പണിക്കാര്‍ ഉള്‍പ്പെടുന്ന സംഘം ഓരോ വാര്‍ഡിലുമുണ്ടാകും.
വീടുകളിലെ അത്യാവശ്യ അറ്റകുറ്റപ്പണികള്‍ സംഘം നടത്തും. തദ്ദേശസ്‌ഥാപനങ്ങളിലെ എന്‍ജിനിയറിങ്‌ വിഭാഗം വീടുകളുടെ ബലക്ഷയം സംബന്ധിച്ച പരിശോധന നടത്തും.
വാസയോഗ്യമല്ലാത്ത വീടുകളില്‍ ആളുകളെ താമസിപ്പിക്കില്ല. ആദ്യം ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ വൃത്തിയാക്കും.
ബോട്ട്‌ സര്‍വീസ്‌
30നുശേഷം

കുട്ടനാട്ടിലേക്കുള്ള ബോട്ട്‌ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നതു സുരക്ഷയെക്കരുതിയാണ്‌. ശുചീകരണം പൂര്‍ത്തിയാക്കുന്ന 30 കഴിഞ്ഞാല്‍ ജലഗതാഗതം സാധാരണ നിലയിലാകും. നിലവില്‍ അങ്ങോട്ടേക്ക്‌ നാമമാത്രമായ സര്‍വീസ്‌ മതിയെന്നാണ്‌ സര്‍ക്കാര്‍ തല തീരുമാനമെന്നും മന്ത്രിമാര്‍ വ്യക്‌തമാക്കി.
ചെളി സംഭരിക്കും

വീടുകളില്‍നിന്നു സംഭരിക്കുന്ന ചെളി ഒരു കേന്ദ്രത്തില്‍ സംഭരിക്കും. വീട്‌ ശുചീകരണത്തിന്‌ ഹൈപ്രഷര്‍ പമ്പുകള്‍ ലഭ്യമാക്കും. ഫിനോള്‍ ഉപയോഗിച്ചു വീടുകള്‍ കഴുകണം. 40 ടണ്‍ നീറ്റുകക്ക സംഭരിച്ചിട്ടുണ്ട്‌. ഇതു വിതരണം ചെയ്യും. എ.സി. റോഡ്‌ മൂന്നുദിവസത്തിനുള്ളില്‍ സഞ്ചാരയോഗ്യമാക്കും.
എ.സി. റോഡ്‌ ഗതാഗതത്തിനു തയാറാകുന്നതോടെ ശുചീകരണത്തിനു വേഗമേറും. 28ന്‌ മുമ്പ്‌ മടവീഴാത്ത മുഴുവന്‍ പാടശേഖരങ്ങളിലെയും വെള്ളം പമ്പ്‌ ചെയ്‌ത്‌ വറ്റിക്കും.
കുടുംബശ്രീ വായ്‌പ

കുടുംബശ്രീ വഴി വായ്‌പ നല്‍കുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ട്‌. ഇതു മൂന്നുവര്‍ഷം കൊണ്ട്‌ തിരിച്ചടയ്‌ക്കാവുന്ന വിധം ആയിരിക്കും. കുട്ടനാടിന്റെ രോഗപ്രതിരോധത്തില്‍ കുറച്ചുനാളെക്ക്‌ കൃത്യമായ നിരീക്ഷണം ഉണ്ടാകും. പകര്‍ച്ചവ്യാധികളെ വേഗം കണ്ടെത്തി പരിഹാരം കാണാന്‍ മൊബൈല്‍ ആപ്പ്‌ ഉണ്ടാക്കും.
പൂര്‍ണമായി നശിച്ച എല്ലാവര്‍ക്കും നാലുലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. കുട്ടനാട്‌ മേഖലയില്‍ പോലീസ്‌ പട്രോളിങ്‌ ശക്‌തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Friday 24 Aug 2018 11.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW