Saturday, November 17, 2018 Last Updated 7 Min 29 Sec ago English Edition
Todays E paper
Ads by Google
ഔസേപ്പച്ചന്‍ ഇടക്കുളം
Friday 24 Aug 2018 01.00 AM

18വര്‍ഷം മുമ്പത്തെ ഉരുള്‍പൊട്ടലില്‍ പൂര്‍ണഗര്‍ഭിണിയായ ഭാര്യ നോക്കിനില്‍ക്കേ മകന്‍ മണ്ണിനടിയില്‍പ്പെട്ടു മരിച്ചു; വീടും നഷ്ടമായി; ചരിത്രം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ നിസഹായനായി കുമാരന്‍ നായര്‍

uploads/news/2018/08/242962/2.jpg

ചെറുതോണി: ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ നിസഹായനായി കുമാരന്‍ നായര്‍. വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ മകനും വീടും നഷ്‌ടമായി. ഇതിനു ശേഷം പുതിയൊരു ജീവിതം മെനഞ്ഞടുത്ത കുടുംബത്തിന്റെ പ്രതീക്ഷകള്‍ തല്ലിത്തകര്‍ത്ത്‌ വീണ്ടും ഉരുള്‍പൊട്ടിയതോടെ വീടും നഷ്‌ടപ്പെട്ട്‌ ദുരിതാശ്വാസ ക്യാമ്പില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്‌ വാഴത്തോപ്പ്‌ പേപ്പാറ കൊച്ചുതെക്കയില്‍ കുമാരന്‍ നായരും കുടുംബവും. 2000 ഓഗസ്‌റ്റ്‌ 25ന്‌ ആണ്‌ വീടിന്റെ പുറകുവശത്തെ തിട്ടയിടിഞ്ഞ്‌ വീട്‌ നഷ്‌ടപ്പെടുകയും മണ്ണിനടിയില്‍പ്പെട്ട്‌ മകന്‍ ബിജു(24) മരിക്കുകയും ചെയ്‌തത്‌.

ബിജുവിന്റെ പൂര്‍ണഗര്‍ഭിണിയായ ഭാര്യ സതിയുള്‍പ്പെടെ നോക്കിനില്‍ക്കേയാണു ബിജു മണ്ണിനടിയില്‍പ്പെട്ടത്‌. അപകടത്തെത്തുടര്‍ന്ന്‌ ജനപ്രതിനിധികളും മന്ത്രി എസ്‌. ശര്‍മ ഉള്‍പ്പെടെയുള്ളവരെത്തി അനുശോചനം രേഖപ്പെടുത്തി സഹായവും വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ മരണാനന്തര ചടങ്ങുകള്‍ക്ക്‌ അയ്യായിരം രൂപയും പിന്നീട്‌ വില്ലേജ്‌ ഓഫീസില്‍ നിന്ന്‌ ഇരുപത്തയ്യായിരം രൂപയും നല്‍കിയതൊഴിച്ചാല്‍ യാതൊരു ആനുകൂല്യവും ലഭിച്ചില്ലെന്നു കുമാരന്‍ നായര്‍ പറഞ്ഞു. വാസയോഗ്യമായ സ്‌ഥലവും വീടുവയ്‌ക്കാനുള്ള പണവും നല്‍കാമെന്നു സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തിരുന്നതാണ്‌. ഇതനുസരിച്ചു കുമാരന്‍ നായര്‍ മുട്ടാത്ത വാതിലുകളില്ല. ദുരിതാശ്വാസമായി പിന്നീട്‌ അനുവദിച്ച പണം അന്നത്തെ തൊടുപുഴ തഹസീല്‍ദാര്‍ മാറിയെടുത്തതായി കുമാരന്‍ നായര്‍ പറയുന്നു. സര്‍ക്കാര്‍ നല്‍കിയ തുക നല്‍കാതെ കുമാരന്‍ നായരെ കബളിപ്പിക്കുകയായിരുന്നു. വാടക കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന കുമാരന്‍ നായര്‍ പലരുടെയും സഹായത്തോടെ നഷ്‌ടപ്പെട്ട വീട്‌ ഇരുന്ന സ്‌ഥലത്തുതന്നെ നിര്‍മിച്ചു.

ഇതിനിടെ കഴിഞ്ഞ 15ന്‌ വീടിന്‌ പുറകില്‍ ഉരുള്‍പൊട്ടി നിലവിലെ വീടും നഷ്‌ടപ്പെട്ടു. തലനാരിഴയ്‌ക്കാണു കുടുംബം രക്ഷപെട്ടത്‌. വീടിനു പുറകില്‍നിന്ന്‌ ഒഴുകുന്ന വെള്ളം മുറ്റത്തുതന്നെ താഴുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്‌ അപകടം മനസിലാക്കിയ കുമാരന്‍ നായര്‍ ഭാര്യയെയും മക്കളെയും കൊച്ചുമക്കളെയും കൂട്ടി ഓടിരക്ഷപെടുകയായിരുന്നു. വീട്ടില്‍നിന്നു മാറി അഞ്ചു മിനിറ്റിനുള്ളില്‍ വീട്‌ തകര്‍ന്നു. മകന്‍ മരിച്ചിട്ട്‌ നാളെ പതിനെട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ രോഗിയായ ഭാര്യയെയും മക്കളെയും കൂട്ടി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണു കുമാരന്‍ നായര്‍. മുമ്പ്‌ സര്‍ക്കാര്‍ അനുവദിച്ച തുക തട്ടിയെടുത്ത ഉദ്യോഗസ്‌ഥനെ സംബന്ധിച്ച്‌ അറിയില്ലെന്നും കുമാരന്‍ നായര്‍ വ്യസനത്തോടെ പറയുന്നു. ഇനിയെങ്കിലും കയറിക്കിടക്കാന്‍ വാസയോഗ്യമായ വീട്‌ നിര്‍മിക്കാന്‍ സര്‍ക്കാരിന്റെ സഹായമില്ലാതെ കഴിയില്ലെന്നു കുമാരന്‍ നായര്‍ പറഞ്ഞു.

ഇതിനായി സര്‍ക്കാരിന്റെ കനിവിനായി കത്തിരിക്കുകയാണ്‌ കുമാരന്‍ നായരുടെ ഏഴംഗ കുടുംബം. അന്നുതന്നെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മുക്കന്‍കുടിയില്‍ ത്രേസ്യാമ്മ (40) മരിച്ചിരുന്നു. ത്രേസ്യാമ്മയുടെ ഭര്‍ത്താവ്‌ യോഹന്നാന്‍ കെ.എസ്‌.ഇ.ബിയിലെ താല്‍ക്കാലിക ജീവനക്കാരനായിരിക്കേ തീപിടത്തത്തില്‍ മരണപ്പെട്ടിരുന്നു. പകരം ത്രേസ്യാമ്മയ്‌ക്കു കെ.എസ്‌.ഇ.ബി. ആശ്രിത നിയമനം നല്‍കിയിരുന്നു. ഇതിനിടെയാണു ത്രേസ്യാമ്മയുടെ മരണം.
ഇവരുടെ മരണത്തെ തുടര്‍ന്ന്‌ ഇളയ മകന്‍ ബിനുവിന്‌ ആശ്രിത നിയമനമോ അര്‍ഹമായ സര്‍ക്കാര്‍ സഹായമോ ലഭിച്ചിട്ടില്ല. അപകടം നടന്ന്‌ പതിനെട്ടു വര്‍ഷം കഴിഞ്ഞിട്ടും ആശ്രിത നിയമനത്തിനായി ബിനു മുട്ടാത്ത വാതിലുകളില്ല. കോടതിയുത്തരവുണ്ടായിട്ടും നിയമനം നല്‍കുന്നില്ലെന്നും ബിനുവും പറഞ്ഞു.

ഔസേപ്പച്ചന്‍ ഇടക്കുളം

Ads by Google
Advertisement
ഔസേപ്പച്ചന്‍ ഇടക്കുളം
Friday 24 Aug 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW