Wednesday, November 21, 2018 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.56 AM

പ്രളയബാധിതര്‍ക്ക്‌ ആശ്വാസമായി മുഖ്യമന്ത്രി എത്തി

uploads/news/2018/08/242935/1.jpg

ആലപ്പുഴ/ചെങ്ങന്നൂര്‍: ആശ്വാസ വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെങ്ങന്നൂരിലേയും ആലപ്പുഴയിലേയും ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളജിലെയും ആലപ്പുഴ ലജ്‌നത്തുല്‍ സ്‌കൂളിലെയും ക്യാമ്പുകളിലാണ്‌ മുഖ്യമന്ത്രി എത്തിയത്‌. രാവിലെ നിശ്‌ചയിച്ചതിലും അഞ്ചുമിനിറ്റ്‌ മുമ്പേ ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളജ്‌ മൈതാനത്ത്‌ മുഖ്യമന്ത്രിയേയും വഹിച്ചുള്ള ഹെലികോപ്‌റ്റര്‍ എത്തി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌, ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്‌. കുര്യന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ജില്ല കലക്‌ടര്‍ എസ്‌. സുഹാസ്‌, ജില്ലാ പോലീസ്‌ മേധാവി എസ്‌. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ക്യാമ്പിലേക്കു പോകാനായി തയാറാക്കിയ വാഹനവ്യൂഹം ഒഴിവാക്കി മന്ത്രിമാരും ജനപ്രതിനിധികള്‍ക്കുമൊപ്പം നടന്നാണു കോളജ്‌ ഹാളിലെ ക്യാമ്പിലെത്തിയത്‌.
ഭക്ഷണവും താമസവും എല്ലാം ശരിയല്ലേയെന്നും വീടുകള്‍ നഷ്‌ടമായവര്‍ക്കു എല്ലാം വീണ്ടെടുത്തു നല്‍കുമെന്നും പറഞ്ഞാണു മുഖ്യമന്ത്രി കുടുംബാംഗങ്ങള്‍ക്കു സമീപത്തേക്കെത്തിയത്‌.
തിരക്കിനിടയില്‍ രണ്ടു മൂന്നു വനിതകള്‍ കഷ്‌ടപ്പാടുകള്‍ വിവരിച്ചു. ഭക്ഷണവും താമസവും സുഭിക്ഷമാണെന്നും തിരിച്ചു ചെല്ലുമ്പോള്‍ തങ്ങളുടെ വീട്‌ അവിടെയില്ലെന്ന ദുഃഖം മാത്രമാണുള്ളതെന്നും അവര്‍ പറഞ്ഞു. വീടുകളും മറ്റും ശരിയാക്കി നല്‍കുമെന്നറിയിച്ചു മുഖ്യമന്ത്രി അടുത്ത ക്യാമ്പിലേക്കു നീങ്ങി.
കോളജ്‌ ബ്ലോക്കിലെ വരാന്തയിലൂടെ നടന്ന മുഖ്യമന്ത്രി ഓരോരുത്തരേയും അഭിവാദ്യം ചെയ്‌തു. ഇടയ്‌ക്കു ചില വനിതകള്‍ സങ്കടങ്ങള്‍ പറഞ്ഞു.
സേനയും പോലീസും എല്ലാം മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ചെങ്കിലും കൊല്ലത്തെ മത്സ്യത്തൊഴിലാളികളാണു തങ്ങളെ ജീവനോടെ രക്ഷിച്ചതെന്നും അവരോടുള്ള കടപ്പാട്‌ ഒരിക്കലും മറക്കാനാകില്ലെന്നും അന്തേവാസികള്‍ പറഞ്ഞു.
താമസം, ഭക്ഷണം, ചികിത്സസൗകര്യങ്ങള്‍ തൃപ്‌തികരമല്ലേയെന്നും മുഖ്യമന്ത്രി ആരാഞ്ഞു. എം.എല്‍.എമാരായ സജി ചെറിയാന്‍, ആര്‍.രാജേഷ്‌ മുന്‍ എം.പിമാരായ സി.എസ്‌. സുജാത, ടി.ജെ. അഞ്ചലോസ്‌ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
രാവിലെ 8.45ന്‌ തുടങ്ങിയ സന്ദര്‍ശനം നിശ്‌ചയിച്ചതിലും 15 മിനിട്ട്‌ മുമ്പേ പൂര്‍ത്തിയാക്കി 9.15ന്‌ മുഖ്യമന്ത്രി ആറമുളയിലേക്കു പോയി. 11ന്‌ ആലപ്പുഴയില്‍ എത്താനായിരുന്നു പദ്ധതിയെങ്കിലും 10.15ന്‌ ആലപ്പുഴ പോലീസ്‌ പരേഡ്‌ മൈതാനിയില്‍ മുഖ്യമന്ത്രിയുടെ ഹെലികോപ്‌ടറെത്തി. നിശ്‌ചയിച്ചതിലും നേരത്തെയെത്തിയ മുഖ്യമന്ത്രി ക്യാമ്പിന്റെ കാര്യത്തിലും മാറ്റം വരുത്തിയിരുന്നു. പരേഡ്‌ മൈതാനിക്കടുത്തു തന്നെയുള്ള ലജനുത്തല്‍ മുഹമ്മദിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു.
മന്ത്രിമാരായ ജി. സുധാകരന്‍, ഡോ. തോമസ്‌ ഐസക്‌, പി.തിലോത്തമന്‍ എന്നിവര്‍ സ്‌കൂളില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി 10.20ന്‌ പറവൂരിലേക്ക്‌ യാത്രയായി. സബ്‌ കലക്‌ടര്‍ വി.ആര്‍. കൃഷ്‌ണതേജയുടെ നേതൃത്വത്തിലാണ്‌ സ്‌കൂളിലെ ക്രമീകരണം ഒരുക്കിയത്‌.

Ads by Google
Advertisement
Friday 24 Aug 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW