Tuesday, November 13, 2018 Last Updated 6 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.56 AM

മൂന്നു ദിവസത്തേക്കുള്ള സാധനങ്ങള്‍ ഉടന്‍ വിതരണം ചെയ്യും

ആലപ്പുഴ: ജില്ലയിലെ വിവിധ ക്യാമ്പുകളിലേക്കു മൂന്നുദിവസത്തേക്ക്‌ ആവശ്യമുളള സാധനസാമഗ്രികള്‍ ഉടന്‍ എത്തിക്കണമെന്നു മന്ത്രിമാരായ ജി. സുധാകരനും തോമസ്‌ ഐസക്കും നിര്‍ദേശം നല്‍കി. കലക്‌ടറേറ്റില്‍ വിളിച്ചുചേര്‍ത്ത സംഭരണ ശാലാ ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.
മൂന്നു ദിവസത്തേക്കുള്ള അവശ്യസാധനങ്ങള്‍ മുഖ്യസംഭരണ ശാലയായ എസ്‌.ഡി. കോളജില്‍ നിന്നും ക്യാമ്പുകളിലേക്ക്‌ നേരിട്ടെത്തിക്കാനാണു നിര്‍ദേശം. സ്‌റ്റോക്കുകള്‍ കെട്ടികിടക്കാതിരിക്കാനാണിത്‌.
ഓരോ ക്യാമ്പുകള്‍ക്കും ആവശ്യമുള്ള സാധനങ്ങള്‍ വേണം വിതരണം ചെയ്യാന്‍. ഇതില്‍ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കും. മുഖ്യസംഭരണശാലയിലെ ജോലിക്കു ഹാജരാകാതിരുന്ന 12 ഉദ്യോഗസ്‌ഥര്‍ക്കു മെമ്മോ നല്‍കാന്‍ ജില്ലാ കലക്‌ടര്‍ക്കു ധനമന്ത്രി തോമസ്‌ ഐസക്‌ നിര്‍ദേശം നല്‍കി.
താലൂക്ക്‌ ഓഫീസുകളില്‍ ജോലിക്കു ഹാജാരാകാത്ത ജീവനക്കാര്‍ക്കെതിരേയും നടപടിക്കു മന്ത്രിമാര്‍ ശിപാര്‍ശ ചെയ്‌തു. പാല്‍, പഴവര്‍ഗങ്ങള്‍ തുടങ്ങി വേഗം ചീത്തയാകുന്ന ഉല്‍പ്പന്നങ്ങളുടെ വിതരണം വേഗം നിര്‍വഹിക്കണം. ഇതു പ്രധാന സംഭരണശാലയില്‍ ഇറക്കാതെ തന്നെ നേരിട്ട്‌ ക്യാമ്പുകളിലേക്ക്‌ എത്തിക്കുന്നതാണ്‌ ഉചിതമെന്നു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
ഭക്ഷണം, സുരക്ഷിതത്വം, ആരോഗ്യ പരിരക്ഷ എന്നിവയ്‌ക്കാണു ക്യാമ്പുകളില്‍ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുള്ളതെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. മറ്റ്‌ പലതും നല്‍കുന്നതു സ്‌റ്റോക്ക്‌ ലഭ്യത അനുസരിച്ചാണ്‌.
ക്യാമ്പുകളില്‍ കഴിയുന്ന ഇതരസംസ്‌ഥാന തൊഴിലാളികളുടെ കണക്ക്‌ ഉടന്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.
ക്യാമ്പുകളിലെ കലവറയുടെ താക്കോല്‍ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്‌ഥര്‍ തന്നെ സൂക്ഷിക്കണമെന്ന്‌ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. രാഷ്‌ട്രീയക്കാരെ ക്യാമ്പുകളുടെ ചുമതല ഏല്‍പ്പിക്കരുത്‌.
ക്യാമ്പുകളില്‍ കൊടി കെട്ടിയുള്ളതോ യൂണിഫോമിട്ടതോ ആയ സേവനപ്രവര്‍ത്തനം ഒരു കാരണവശാലും അനുവദിക്കില്ല. ഓണത്തിന്‌ ക്യാമ്പംഗങ്ങള്‍ക്കു കിറ്റുകള്‍ വിതരണം ചെയ്യും. പച്ചക്കറി, വസ്‌ത്രങ്ങള്‍, ലോഷന്‍ തുടങ്ങിയവ അടങ്ങിയ കിറ്റുകളാണു വിതരണം ചെയ്യുന്നത്‌.ചെങ്ങന്നൂരില്‍ ഉദ്യോഗസ്‌ഥര്‍ വീഴ്‌ച വരുത്തിയതു സംബന്ധിച്ചു റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ട്‌. അതിലും നടപടി വേണമെന്നു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
ഓരോ ക്യാമ്പിന്റെയും മേല്‍നോട്ടത്തിനു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളവര്‍ അവിടെയുണ്ടോയെന്നു ജില്ലാ കലക്‌ടര്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
മാലിന്യസംസ്‌കരണത്തിന്‌ ഓരോ ക്യാമ്പിലും മൂന്നുതരം ബിന്‍ സ്‌ഥാപിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ കലക്‌ടര്‍ എസ്‌.സുഹാസ്‌, സ്‌പെഷ്യല്‍ ഓഫീസര്‍ എന്‍.പത്മകുമാര്‍, എ.ഡി.ജി.പി. ബി.സന്ധ്യ, സബ്‌കലക്‌ടര്‍ കൃഷ്‌ണതേജ, ജില്ലാതല ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 24 Aug 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW