Thursday, June 27, 2019 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.07 AM

വലിയ പെരുന്നാള്‍ ആഘോഷിച്ചു

ചങ്ങനാശേരി: ജീവന്‍ മാത്രം കൈയിലേന്തി കുട്ടനാട്ടില്‍ നിന്ന്‌ ഓടിയെത്തിയവര്‍ക്ക്‌ നാടിനൊപ്പം ബലിപ്പെരുന്നാള്‍ ആഘോഷം. പെരുന്നാള്‍ ദിനത്തില്‍ ഇവര്‍ ജാതിഭേദമൊന്നുമില്ലാതെ ഈദ്‌ ദിനത്തില്‍ ഒന്നിച്ചിരുന്ന്‌ ഉച്ചഭക്ഷണം കഴിച്ചു. നൂറ്റാണ്ടായി ചങ്ങനാശേരിയുടെ മത സൗഹാര്‍ദ്ദ പെരുമയുടെ വിളംബരം കൂടിയായി ചങ്ങനാശേരിക്ക്‌ ഈ കൂട്ടായ്‌മ.
പുതൂര്‍പ്പള്ളി മുസ്ലിം ജുമാ മസ്‌ജിദ്‌ അങ്കണമാണ്‌ രാജ്യത്തിനാകെ മാതൃകയായി വലിയ പെരുന്നാള്‍ ആഘോഷം ദുരിതബാധിതരുടെ കണ്ണീരണിഞ്ഞ സ്‌നേഹസംഗമത്തിന്‌ വേദിയായത്‌. ജുമാ മസ്‌ജിദിലെ പൂമുഖത്ത്‌ പെരുന്നാള്‍ നമസ്‌കാരത്തിനുശേഷം പ്രത്യേക പന്തലില്‍ പള്ളിയിലെ ചീഫ്‌ ഇമാമിനും, വിവിധ രാഷ്ര്‌ടീയ സാമുദായിക നേതാക്കളും മറ്റ്‌ പള്ളിഭാരവാഹികള്‍ക്കും സ്‌ഥലം രാഷ്ര്‌ടീയസാമൂഹ്യ സാമുദായിക നേതാക്കള്‍ക്കും ഒപ്പമിരുന്ന്‌ ബിരിയാണി കഴിച്ചത്‌ സ്‌ത്രീകളും കുട്ടികളും അടക്കം വലിയ വിഭാഗം വരുന്ന ഇതര മതസ്‌ഥരായിരുന്നു. വേര്‍തിരിവുകളൊന്നുമില്ലാതെ എല്ലാവ രും ഒരുമിച്ച്‌ മുസ്ലിം ആരാധനാലയത്തിന്‌ മുന്നില്‍ ഒരു പക്ഷേ ചരിത്രത്തില്‍ ആദ്യമാകും ഇത്തരത്തില്‍ ഈദ്‌ പെരുന്നാള്‍ ആഘോഷിച്ചിട്ടുണ്ടാവുക.
ഒരാഴ്‌ചയായി മസ്‌ജിദിലെ മദ്രസാ ഹാളിലും തൊട്ടടുത്ത സ്‌കൂളിലുമായി കഴിയുന്ന കുട്ടനാട്‌ മേഖലയിലെ ദുരിതബാധിതര്‍ക്ക്‌ ഭക്ഷണവും, ആവശ്യ സാധനങ്ങളും നല്‍കുന്നത്‌ ജമാഅത്ത്‌ കമ്മിറ്റിയായിരുന്നു.
സ്വന്തം ഭവനത്തില്‍ തന്നെയാണ്‌ തങ്ങളെന്ന ബോധ്യമായിരുന്നു ഒരോ മുഖങ്ങളിലും തെളിഞ്ഞത്‌.
സ്‌നേഹവിരുന്നില്‍ സി.എഫ്‌ തോമസ്‌ എം.എല്‍.എ, ചീഫ്‌ ഇമാം ഹാഫീസ്‌ ഷെമീസ്‌ ഖാന്‍, സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം എ.വി റസല്‍, എസ്‌.എന്‍.ഡി.പി. താലുക്ക്‌ യൂണിയന്‍ സെക്രട്ടറി ഗിരീഷ്‌ കോനാട്ട്‌, നഗരസഭാ സ്‌റ്റാന്‍ഡിങ്ങ്‌ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. പി.എ നസീര്‍,ഇമാം സിയാദ്‌, ജമാ അത്ത്‌ സെക്രട്ടറി അബ്‌ദുള്‍ ലത്തീഫ്‌ മമ്മാറാന്‍, വൈസ്‌ പ്രസിഡന്റ്‌ പി.എ അബ്‌ദുള്‍ ഖാദര്‍, ട്രഷറര്‍ പി.ബി ജാനി നഗരസഭാ കണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചങ്ങനാശേരി: ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമോതി ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്‌ ലബ്ബക്കലാക്ക ശരീക്കലബ്ബൈ എന്ന ദ്വനി അറഫായില്‍ ഉയര്‍ന്നപ്പോള്‍ അള്ളാഹു അക്‌ബര്‍ അള്ളാഹു അക്‌ബര്‍ വലില്ലാഹില്‍ ഹംദ്‌ എന്ന തക്‌ബീറോടെ ബലിപ്പെരുന്നാള്‍ വിശ്വാസികള്‍ ആഘോഷിച്ചു. ഏകദൈവ വിശ്വാസത്തില്‍ അടിയുറച്ച്‌ നിന്നുകൊണ്ട്‌ ത്യാഗസമ്പൂര്‍ണമായ ജീവിതം അനുസ്‌മരിച്ച്‌ ഇസ്‌ലാം മത വിശ്വാസികള്‍ വലിയ പെരുന്നാള്‍ ആഘോഷിക്കുകയായിരുന്നു.
അതുല്യമായ ഓര്‍മ്മകളാണ്‌ വിശ്വാസ സമൂഹം വലിയ പെരുന്നാളിലൂടെ പങ്കുവെച്ചത്‌. പെരുന്നാള്‍ ദിനത്തില്‍ ഇമാമീങ്ങള്‍ പള്ളികളില്‍ നടത്തിയ പ്രഭാഷണങ്ങളില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിത ബാധിതര്‍കൊപ്പം നില്‍ക്കണമെന്നും ആഹ്വാനം ചെയ്‌തു. നാടിന്റെ ഐക്യത്തിനും അഖണ്ഡതയും കാത്തു സൂക്ഷിക്കുവാനും ബലി പെരുന്നാളിന്റെ മാഹാത്മ്യം ജീവിതത്തില്‍ വളര്‍ത്തിയെടുക്കുവാനും പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
ചങ്ങനാശേരി പുതൂര്‍പ്പള്ളിയില്‍ ഇമാം ഹാഫിസ്‌ ഷെമീസ്‌ ഖാന്‍ നാഫിഇയും പഴയപള്ളിയില്‍ സിറജുദ്ദീന്‍ അല്‍ഖാസിമിയും,പൊട്ടശേരി മര്‍ക്കസ്സില്‍ കെഎസ്‌എം റഫീഖ്‌ അഹമ്മദ്‌ സഖാഫിയും കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി പ്രഭാഷണങ്ങള്‍ നടത്തി ശ്രദ്ധേയരായത്‌. പെരുന്നാള്‍ സന്ദേശത്തില്‍ മുസ്‌ലിം സമുദായത്തിനും ഇതര സഹോദര സമുദായങ്ങള്‍ക്കും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്‌മളമായ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
പായിപ്പാട്‌,തെങ്ങണാ,വടക്കേക്കര,കറുകച്ചാല്‍,പൊട്ടശേരി മര്‍ക്കസ്സ്‌, മടുക്കംമൂട്‌, നെടുംകുന്നം തുടങ്ങിയ പള്ളികളിലെല്ലാം ആയിരങ്ങളാണ്‌ വലിയപെരുന്നാളിനു ഒത്തുചേര്‍ന്നത്‌. വിവിധ തൈക്കാവുകളിലും സ്‌ത്രീകള്‍ക്കും നമസ്‌ക്കരാത്തിനായി പ്രത്യേക സ്‌ഥലവും സജ്‌ജമാക്കിയിരുന്നു. ബലിപെരുന്നാളിന്റെ പ്രധാന കര്‍മ്മങ്ങളില്‍ ഒന്നായ ഉളുഹിയാ(മൃഗങ്ങളെ ബലിയറുക്കല്‍) യിലും കൂടുതല്‍ പേര്‍ പങ്കെടുത്തു. ഒറ്റക്കും കൂട്ടായും ഇതിനായി വിശ്വാസികള്‍ നേരത്തെ തന്നെ തയ്യാറെടുത്തിരുന്നു.നമസ്‌ക്കാരശേഷം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. തുടര്‍ന്ന്‌ പരസ്‌പരം ആലിംഗനം ചെയ്‌ത്‌ സാഹോദര്യങ്ങള്‍ അരക്കിട്ടുറപ്പിച്ചും മണ്‍മറഞ്ഞ ബന്ധുമിത്രധികളുടെ കബറുകളില്‍ സിയാറത്തു ചെയ്‌തുമാണ്‌ എല്ലാവരും മടങ്ങിയത്‌.

Ads by Google
Advertisement
Thursday 23 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW