ഇരിട്ടി : മഹാമാരിയുടെ ദുരന്തപ്പെയ്ത്തില്‍ മുങ്ങിയമര്‍ന്ന കൈരളിയുടെ കണ്ണീരൊപ്പാന്‍ മലയോര ജനത ഒറ്റമനസ്സോടെ സഹായഹസ്തവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണ പ്രവര്‍ത്തനങ്ങളുമായി മാതൃകാപരമായ സംഘാടനം നാട്ടിലെങ്ങും സജീവമായി. ഉളിക്കല്‍ വൈസ് മെന്സ്ക്ലബ് അര ലക്ഷം രൂപ ദുരിതാശ്വാസ നിധിയാ ലലക്ക് സംഭാവന നല്കി. പ്രസിഡന്റ് ദിനേശ് ബാബു, ട്രഷറര്‍ മാത്യു ചാക്കോ, വൈസ്മെനറ്റസ് പ്രസിഡന്റ് ലിസി ബാബു എന്നിവര്‍ ചേര്‍ന്ന് ഇരിട്ടി തഹസില്‍ദാര്‍ കെ.കെ.ദിവാകരന് ഫണ്ട് കൈമാറി.ഇരിട്ടി നിഖില്‍ ആശുപത്രി വക സഹായം ഒരു ലക്ഷം രൂപ മാനേജിംങ്ങ് പാര്‍ട്ണര്‍ എ.യു.കുര്യാച്ചന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ഓയിസ്ക ഇന്റര്‍ നാഷണല്‍ ഇരിട്ടി ചാപ്റ്റര്‍ വക കാല് ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് ജെയിസന് ബേസില്‍, സെക്രട്ടറി കെ.എ.മാത്യു, വി.ടി.തോമസ് എന്നിവര്‍ ചേര്‍ന്ന് തഹസില്‍ദാര്‍ക്ക് നല്കി.
എടൂര്‍ വൈസ്മെന്‍സ് ക്ലബ് 10000 രൂപ നല്കി. പ്രസിഡന്റ് ബെന്നി പാലയ്ക്കല്‍, ട്രഷറര്‍ ജോഷി മാത്യു, കെ.ജെ.തോമസ് എന്നിവര്‍ നേതൃത്വം നല്കി.
പെരുമ്പറമ്പ് ഗ്രാമദീപം ചാരിറ്റബില്‍ ട്രസ്റ്റ് അര ലക്ഷം രൂപ തഹസില്‍ദാര്‍ക്ക് കൈമാറി. സുരേഷ്, മുരളീധരന്, കെ.കെ.മോഹനന് എന്നിവര്‍ നേതൃത്വം നല്കി.
കേരള സ്റ്റേറ്റ് എക്സ്-സര്‍വീസസ് ലീഗ് കാക്കയങ്ങാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 32000 രൂപ സമാഹരിച്ച് പ്രളയ ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്കാന് ജില്ലാ കമ്മിറ്റിക്കു കൈമാറി. രക്ഷാധികാരി എം.എം.അരവിന്ദന്, പ്രസിഡന്റ് പി.ആര്.പുരുഷോത്തമന്, സെക്രട്ടറി എം.രാജന് എന്നിവര്‍ നേതൃത്വം നല്കി.
പായം സര്‍വീസ് സഹകരണ ബാങ്ക് 1,05,670 രൂപ നല്കി. പ്രസിഡന്റ് വി.ടി.തോമസ്, സെക്രട്ടറി മാത്യൂസ് കൂട്ടിയാനി എന്നിവര്‍ നേതൃത്വം നല്കി.
കേളകം യൂത്ത് ക്ലബ്, പൂവത്തിന്‍ചോല നേതാജി സ്വയ സഹായ സംഘം, മലാല വനിത സ്വയം സഹായ സംഘം എന്നീ സംഘടനകള്‍ ഓണാഘോഷം മാറ്റി സമാഹരിച്ച തുക തഹസില്‍ദാര്‍ക്ക് കൈമാറി.
കേളകത്തെ റിട്ട.അധ്യാപിക പി.കെ.കമല 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി.
സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ഇരിട്ടി ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രളയ കെടുതിക്കിരയായവരെ സഹായിക്കാനായി എടൂര്‍, അങ്ങാടിക്കടവ്, വെളിമാനം, കരിക്കോട്ടക്കരി എന്നിവിടങ്ങളില്‍ ധനസമാഹരണം നടത്തി. എടൂരിലെ സെന്റ് മേരിസ് സര്‍വീസ് സെന്റര്‍ ഉടമ സിജോ 5000 രൂപ നല്കി.
എടൂരില്‍ സെന്റ് മേരിസ് ഫൊറോന പള്ളി ഇടവകാംഗങ്ങള്‍ 17500 ചപ്പാത്തി വീടുകളില്‍ നിര്‍മിച്ച് വയനാടിലെ ദുരിതാശ്വാസ ക്യാപുകളില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്നതിനായി കൈമാറി. രണ്ട് ലോറി നിറയെ വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും എര്‍ണാകുളത്തേക്കും നല്കി. ഫൊറോനോ വികാരി ഫാ.ആന്റണി മുതുകുന്നേല്‍, അസി.വികാരി ഫാ.മാത്യു കുന്നേല്‍, പാരിഷ് കോ-ഓര്‍ഡിനേറ്റര്‍ പി.വി.ജോസഫ് പാരിക്കാപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി.
എടൂര്‍ ഡിവൈന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ അര ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ നല്കി. പ്രസിഡന്റ് ഡോ.എം.ജെ.മാത്യു, സെക്രട്ടറി വിപിന്‍ തോമസ്, ഷാജി കുളക്കോട്ട് എന്നിവര്‍ നേതൃത്വം നല്കി.
ഇരിട്ടി മേഖലയില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം പരിമിതപ്പെടുത്തി. ഗുരുപൂജയും ക്ഷേത്ര ചടങ്ങുകളും സമൂഹ പ്രാര്‍ഥനയും മാത്രം നടത്തി എല്ലാ ശാഖകളും ചതയദിനാഘോഷ സംഭാവന പിരിവുകള്‍ യോഗം ജനറല്‍ സെക്രട്ടറിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ആലോചന യോഗത്തില്‍ ഇരിട്ടി യൂണിയന് പ്രസിഡന്റ് കെ.വി.അജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എന്‍.ബാബു, പി.ജി.രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.