Saturday, September 15, 2018 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.01 AM

പ്രളയക്കെടുതി: കൗമാരക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്‌: പ്രളയക്കെടുതികള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തുന്നവരില്‍ കൗമാരക്കാരിലാണു കടുത്ത മാനസിക സംഘര്‍ഷത്തിനു സാധ്യതയുള്ളതെന്നും അതിനാല്‍ മുതിര്‍ന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇന്‍സ്‌റ്റിറ്റൂട്ട്‌ ഓഫ്‌ മെന്റല്‍ ഹെല്‍ത്ത്‌ ആന്റ്‌ ന്യൂറോ സയന്‍സ്‌ സെന്ററിലെ വിദഗ്‌ധര്‍ പറയുന്നു.
പ്രിയപ്പെട്ട വസ്‌തുക്കള്‍ നഷ്‌ടപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ വ്യാകുലപ്പെടുക കൗമാരക്കാരായിരിക്കും. വീട്ടില്‍ തിരിച്ചെത്തി ആദ്യത്തെ ഒരാഴ്‌ച പിന്നിടുന്നതോടെയായിരിക്കും ഇപ്പോഴത്തെ ദുഃഖം മാനസിക സമ്മര്‍ദ്ദമായി പരിണമിക്കുക.
തങ്ങളുടെ പ്രിയപ്പെട്ട വസ്‌തുക്കളായ ടിവി, സൈക്കിള്‍, പഠനോപകരണങ്ങള്‍, കളിക്കോപ്പുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം നഷ്‌ടപ്പെട്ടതിന്റെ ദുഃഖം ഇവര്‍ക്കുണ്ടാവും. ആദ്യത്തെ ദിവസങ്ങളില്‍ മറ്റുകുട്ടികള്‍ക്കും ഇതൊക്കെ നഷ്‌ടപ്പെട്ടല്ലോ എന്നു കരുതി അവര്‍ സമാധാനിക്കും. മറ്റുള്ളവര്‍ക്ക്‌ ഓരോന്നും തിരിച്ചു കിട്ടുന്നതോടെ അതു തിരിച്ചു കിട്ടാത്ത കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദമായി വളരും.
കൗമാരക്കാരില്‍ ദേഷ്യവും നശീകരണ പ്രവണതയുമായാണ്‌ ഈ മാനസിക സമ്മര്‍ദ്ദം പ്രകടമാവുക. ചിലര്‍ ഒറ്റക്കിരിക്കുക, കരയുക തുടങ്ങിയ പ്രവണതകളും കാണിക്കും. കടുത്ത നിരാശ ബാധിച്ചവരെപ്പോലെ ഇവര്‍ പെരുമാറും. തങ്ങള്‍ക്കിനി ഒരിക്കലും പഴയ ജീവിതം തിരിച്ചുകിട്ടില്ലെന്ന ഭയം ഇവരെ പിടികൂടാന്‍ തുടങ്ങും.
കുടുംബങ്ങള്‍ ഒന്നിച്ചിരിക്കാനും സംസാരിക്കാനും ധാരാളം സമയം ചെലവഴിക്കണം. ഇപ്പോള്‍ ഉണ്ടായ ദുരന്തം താല്‍ക്കാലികാണെന്നും ഈ പരീക്ഷണങ്ങള്‍ നാം അതിജീവിക്കുമെന്നും കുട്ടികളില്‍ ആത്മ വിശ്വാസം പകരണം.
കുട്ടികള്‍ ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും കൃത്യ സമയം പാലിക്കുക, ശരിയായി ഉറക്കം കിട്ടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുക എന്നീ കാര്യങ്ങളില്‍ മുതിര്‍ന്നവര്‍ ശ്രദ്ധ ചെലുത്തണം.
നഷ്‌ടപ്പെട്ടതെല്ലാം പുനര്‍ നിര്‍മിക്കാന്‍ നമുക്കു കഴിയുമെന്നും അതിനു സമൂഹത്തിന്റെ സഹായമുണ്ടെന്നും നാം തനിച്ചല്ലെന്നും കുട്ടികളെ ബോധ്യപ്പെടുത്തുകയും അവരെ വിവിധ കൂട്ടായ്‌മകളുടെ ഭാഗമാക്കുകയും വേണമെന്നും വിദഗ്‌ധര്‍ പറയുന്നു.
പ്രളയ ദുരന്തത്തിനിരയായവരുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനു സാമൂഹിക നീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കൗണ്‍സെലര്‍മാരുടെ സേവനം വിനിയോഗിക്കുമെന്ന്‌ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്‌.
പ്രളയ ദുരന്തത്തിനു ശേഷം കൗമാരക്കാരില്‍ കണ്ണ്‌, ചെവി രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. ചെവിക്ക്‌ അസുഖം വന്നാല്‍ അതു തൊണ്ടയേയും ഹൃദയത്തേയും അതിവേഗം ബാധിക്കുമെന്നതിനാല്‍ കൗമാരക്കാരുടെ ആരോഗ്യ കാര്യങ്ങളിലും മുതിര്‍ന്നവര്‍ പ്രത്യേക ശ്രദ്ധിക്കണം.

Ads by Google
Advertisement
Thursday 23 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW