Saturday, April 20, 2019 Last Updated 18 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.59 AM

കുട്ടനാടിലെ കാലികള്‍ക്ക്‌ തീറ്റയും ചികില്‍സയുമൊരുക്കി മൃഗസംരക്ഷണ വകുപ്പ്‌

ആലപ്പുഴ: കുട്ടനാടിന്റെ അടുത്ത ദൗത്യം എന്ന നിലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഇടപെടല്‍. ഉടമകള്‍ വീട്‌ വീട്ടപ്പോള്‍ അനാഥരായ കാലികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണവും സംരക്ഷണവുമായി മൃഗസംരക്ഷണ വകുപ്പിന്റെ 10 സംഘങ്ങള്‍ കര്‍മനിരതരാണ്‌. കുട്ടനാട്‌ താലൂക്കിലെ വൈശ്യംഭാഗം ചതുര്‍ഥ്യാകരി, ചെമ്പുപുറം, കൈനകരി, ചേറ്റുപുറം, പുളിങ്കുന്ന്‌, മങ്കൊമ്പ്‌, തകഴി, ചെക്കിടിനാട്‌ എന്നിവിടങ്ങളിലുള്ള 556 കന്നുകാലികള്‍ക്ക്‌ ആവശ്യമായ തീറ്റയും 52 കന്നുകാലികള്‍ക്കു ചികിത്സയും നല്‍കി.
മഴക്കെടുതിക്കുശേഷം വളര്‍ത്തുമൃഗങ്ങളെ ബാധിക്കാന്‍ സാധ്യതയുള്ള രോഗങ്ങള്‍ക്കെതിരെ വകുപ്പ്‌ ചികില്‍സയും ഒരുക്കിയിട്ടുണ്ട്‌. അകിടുവീക്കം, കുളമ്പുരോഗം, കുരലടപ്പന്‍, ടെറ്റനസ്‌, ആട്‌ വസന്ത, എന്ററോടോക്‌സിമിയ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയക്കു സാധ്യതയുണ്ട്‌. അകിടുവീക്കം മാരകമായ രോഗമാണ്‌.
രോഗത്തിന്റെ ലക്ഷണങ്ങള്‍ അകിടിനും പാലിനും വരുന്ന മാറ്റം, അകിടില്‍ തടിപ്പ്‌, കല്ലിപ്പ്‌, ചുടും നിറമാറ്റവും, ഉല്‍പാദനത്തില്‍ പെട്ടെന്നുള്ള കുറവ്‌, പാലിന്റെ നിറത്തിലും കട്ടിയിലും ഉള്ള മാറ്റം, തിളപ്പിക്കുമ്പോള്‍ പിരിഞ്ഞുപോകല്‍ എന്നിവയാണ്‌. ലക്ഷണം പ്രകടിപ്പിച്ചാല്‍ ഒട്ടും താമസിയാതെ ഡോക്‌ടറുടെ സേവനം തേടണമെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി.
ഈ ലക്ഷണം ഇല്ലെങ്കിലും എല്ലാ പശുക്കളുടെയും പാല്‍ സി.എം.ടി. ടെസ്‌റ്റിന്‌ വിധേയമാക്കണം. കുളമ്പുരോഗങ്ങള്‍ ഉള്‍പ്പെടെ മറ്റു രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്‌പ്‌ നല്‍കുകയും മൃഗങ്ങളെ ഈര്‍പ്പം ഇല്ലാത്തിടത്തു നിര്‍ത്തി തോര്‍ത്തികൊടുക്കയും ചെയ്യണം. തൊഴുത്തിലേക്കു മഴചാറ്റ്‌ അടിക്കാതെ ശ്രദ്ധിക്കുക എന്നതാണു പ്രധാനം.
കുളമ്പുരോഗങ്ങള്‍ക്ക്‌ ഉരുക്കളുടെ കാലുകള്‍ ആഴ്‌ചയില്‍ രണ്ടു തവണയെങ്കിലും അഞ്ചു ശതമാനം തുരിശ്‌ ലായനിയില്‍ 20 മിനിറ്റ്‌ മുക്കിവയ്‌ക്കണം. മുറിവുകളില്‍ ഈച്ച വന്നിരുന്ന്‌ അണുബാധ ഉണ്ടാകുന്നത്‌ ഒഴിവാക്കാന്‍ കാലുകളില്‍, കുളമ്പുകളോടു ചേര്‍ന്ന്‌ വേപ്പെണ്ണയോ, ഈച്ചയെ അകറ്റി നിര്‍ത്താനുള്ള ലേപനങ്ങളോ പുരട്ടണം.
കൂടാതെ കന്നുകാലികള്‍ക്ക്‌ ശുദ്ധജലം നല്‍കണം. കന്നുകാലികള്‍ക്ക്‌് പുല്ലോ, വയ്‌ക്കലോ ഒന്നു രണ്ട്‌ ദിവസം നല്‍കിയതിന്‌ ശേഷം മാത്രമേ കാലിത്തീറ്റ പോലുള്ള ആഹാരങ്ങള്‍ നല്‍കാവു എന്നു വകുപ്പ്‌ പറയുന്നു. സാന്ദ്ര ആഹാരങ്ങള്‍ നല്‍കി തുടങ്ങുമ്പോള്‍ ദിവസം രണ്ടു സ്‌പുണ്‍ വീതം അപ്പക്കാരം തീറ്റയില്‍ ചേര്‍ത്തു നല്‍കുന്നത്‌ അഭികാമ്യമാണ്‌.
ധാതുലവണ മിശ്രിതം നല്‍കിയാല്‍ രോഗ പ്രതിരോധ ശക്‌തിയും ഉല്‍പാദന ക്ഷമതയും ഉണ്ടാകുമെന്ന്‌ വെറ്ററിനറി സൂപ്രണ്ട്‌ അറിയിച്ചു.
വെറ്റിനറി സീനിയര്‍ സൂപ്രണ്ട്‌ ഡോ. ബീന ദിവാകറിന്റെ നേതൃത്വത്തില്‍ വെറ്ററിനറി ഡോക്‌ടര്‍മാരായ ഡോ. വിവേക്‌, ഡോ. അനീഷ്‌ ബഷീര്‍, ഡോ. സംഗീത്‌ നാരായണന്‍ ഡോ. ശ്രീജിത്ത്‌ എന്നിവര്‍ പങ്കെടുത്തു.

Advertisement
Thursday 23 Aug 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW