കോട്ടയം: ഇറങ്ങാന്‍ മടിച്ചു വെള്ളം, മാനം തെളിഞ്ഞിട്ടും അപ്പര്‍ കുട്ടനാട് ദുരിതത്തില്‍ തന്നെ. അപ്പര്‍ കുട്ടനാട്ടിലെ മിക്ക പഞ്ചായത്തുകളും ഇന്നലെയും വെള്ളത്തിനടിയിലാണ്.
തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര, കുമരകം, കല്ലറ, തലയോലപ്പറമ്പ്, ഉദയനാപുരം,ടി.പി. പുരം, തലയാഴം, വെച്ചൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. തിരുവാര്‍പ്പ്, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ പകുതിയിലേറെ സ്ഥലങ്ങളിലെ വീടുകളിലും ഇന്നലെയും അരയ്ക്കൊപ്പം വെള്ളമുണ്ട്. അതേസമയം ദുരിതാശ്വാസ ക്യാമ്പുകളുടെ വീണ്ടും കൂടുകയാണ്. ഇതുവരെ 441 ക്യാമ്പുകളിലായി 40361 കുടുംബങ്ങളിലെ 140509 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. സാധ്യമായവരെയെല്ലാം വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളില്‍ ഇന്നലെ ഒരു മുതല്‍ മൂന്നടി വരെ വെള്ളം താഴ്ന്നു.
എന്നാല്‍, പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് ഇന്നലെയും പലര്‍ക്കും മടങ്ങി എത്താനായിട്ടില്ല. ആര്‍പ്പൂക്കര പഞ്ചായത്തിലെ മണിയാപറമ്പ്, മഞ്ചാടിക്കരി,കാട്ടുകരി പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങുന്നതേയില്ലെന്നു നാട്ടുകാര്‍ പറയുന്നു.
വൈക്കം മേഖലയിലും സമാനസ്ഥിതിയാണ്. വെള്ളത്തിന്റെ അളവു കുറഞ്ഞു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജനങ്ങള്‍ മടങ്ങിയെത്തിത്തുടങ്ങി.