Friday, September 14, 2018 Last Updated 6 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.21 PM

റോഡുകള്‍ തുറക്കാന്‍ പാടുപെട്ട്‌ അധികൃതര്‍

uploads/news/2018/08/242374/1.jpg

അടിമാലി: ജില്ലയിലെ കാലവര്‍ഷക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ ദുരന്തം നേരിടേണ്ടി വന്ന മേഖലയിലെ ദേശീയപാതകളടക്കം തുറക്കാന്‍ പാടുപെട്ട്‌ അധികൃതര്‍.
പ്രധാന റോഡുകള്‍ അടിയന്തരമായി തുറക്കാനുള്ള നടപടി ആരംഭിച്ചെങ്കിലും യാഥാര്‍ഥ്യങ്ങള്‍ക്കു മുന്‍പില്‍ അധികൃതര്‍ക്കു പകച്ചു നില്‍ക്കേണ്ടി വരികയാണ്‌. അടിമാലി-കുമളി 185 ദേശീയപാതയുടെ കല്ലാര്‍കുട്ടിക്കു സമീപം വെള്ളപ്പാച്ചിലില്‍ നൂറടിയോളം കുത്തിയൊലിച്ചു പോയ നിലയിലാണ്‌. ദേവികുളം താലൂക്കില്‍ മാത്രം 20 ജീവനുകളാണു കാലവര്‍ഷം അപഹരിച്ചത്‌. ഇതുകൂടാതെ വെള്ളത്തൂവലിലെ ശല്യാംപാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മുരിക്കാശേരിയിലും ഒരുകുടുംബത്തിലെ സഹോദരങ്ങളെയും കണ്ടെത്താനായില്ല. ഇവരെ കൂടി കണ്ടെത്താനായാല്‍ മരണസംഖ്യ മേഖലയില്‍ മാത്രം ഇരുപത്തിയഞ്ചാകും. അടിമാലി-കല്ലാര്‍കുട്ടി റോഡില്‍ കത്തിപ്പാറ ഭാഗത്ത്‌ ദേശീയപാത പൂര്‍ണമായും ഇടിഞ്ഞു പോയതോടെ കമ്പിളികണ്ടം, പാറത്തോട്‌, നെടുംകണ്ടം, ഇടുക്കി മേഖലകളിലേക്ക്‌ പൂര്‍ണമായി തടസപ്പെട്ട ഗതാഗതം പുനഃസ്‌ഥാപിക്കാന്‍ താല്‍ക്കാലിക സംവിധാനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
ദേശീയപാതയുടെ ഗതി മാറ്റാന്‍ പിന്‍ഭാഗത്തെ മലയിലെ മണ്ണ്‌ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്‌ച ഉച്ചയോടെ ആരംഭിച്ചിരുന്നു. ഇന്ന്‌ ഇതുവഴി വാഹനങ്ങള്‍ കടത്തിവിടാനാകുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതര്‍. ഇതിനിടെ കല്ലാര്‍കുട്ടിക്കും പനംകൂട്ടിക്കുമിടയില്‍ ഇതേ ദേശീയപാതയുടെ ഭാഗമാണു പുഴയെടുത്ത്‌ പോയത്‌. ഇവിടെ സഞ്ചാരയോഗ്യമാക്കണമെങ്കില്‍ നാളുകള്‍ പിന്നിടും. താല്‍ക്കാലിക സൗകര്യമൊരുക്കാന്‍ സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടേക്കും.
ഇന്നലെ കൂടുതല്‍ ബസുകള്‍ മറ്റു ജില്ലകളില്‍നിന്നും നേര്യമംഗലം, വാളറ വഴി അടിമാലി വരെ എത്തി തിരിച്ചു പോവുകയായിരുന്നു. മൂന്നാര്‍, രാജാക്കാട്‌, കട്ടപ്പന, നെടുംകണ്ടം, കമ്പിളികണ്ടം തുടങ്ങിയ മേഖലകളിലേക്ക്‌ ബസ്‌ സര്‍വീസ്‌ ആരംഭിക്കാനായില്ല. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്തെ ദേശീയപാതയില്‍ റോഡിലേക്ക്‌ ഇടിഞ്ഞിറങ്ങിയ കൂറ്റന്‍ മലകളുടെ ചെറിയൊരു ഭാഗം മാത്രം മാറ്റി ഒരു വാഹനത്തിന്‌ കടന്നു പോകാനുള്ള സൗകര്യമൊരുക്കിയാണ്‌ ഇപ്പോള്‍ അവശ്യ സര്‍വീസുകള്‍ നടത്തുന്നത്‌.
ഇതോടെ അത്യാവശ്യ ഭക്ഷ്യോല്‍പ്പന്നങ്ങളും ഇന്ധനവും എത്തിത്തുടങ്ങി. ദേശീയപാതയോരത്ത്‌ കൃഷ്‌ണ ജൂവലറി ഉടമ പരേതനായ രാധാകൃഷ്‌ണന്റെ കുടുംബാംഗങ്ങള്‍ താമസിച്ചിരുന്ന മൂന്നുനില കെട്ടിടം നൂറടിയോളം താഴ്‌ചയിലേക്കു നിരങ്ങി മറ്റൊരാളുടെ കൃഷിയിടത്തിലേക്കു പതിച്ചു.
വെള്ളത്തൂവല്‍ സര്‍വീസ്‌ ബാങ്ക്‌ പ്രസിഡന്റ്‌ എ.എന്‍. സജികുമാറിന്റെ കല്ലാര്‍കുട്ടി നായ്‌ക്കുന്നിലുള്ള ഇരുനില വീടും ഇരുന്നു പോയി. അടിമാലിക്കു സമീപം എസ്‌.എന്‍. പടിയിലുള്ള ഒറമഠത്തില്‍ ഒ.എം. ഏലിയാസിന്റെ ഇരുനില വീടിന്റെ പിന്‍ഭാഗത്തെ കൂറ്റന്‍ മല ഇടിഞ്ഞിറങ്ങി വീട്‌ ഭാഗികമായി നശിച്ചെങ്കിലും കുടുംബാംഗങ്ങള്‍ രക്ഷപെട്ടു.

Ads by Google
Advertisement
Tuesday 21 Aug 2018 09.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW