Saturday, April 20, 2019 Last Updated 7 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.28 PM

ഒഴുക്കു നിലയ്‌ക്കാതെ ദുരിതം

കോട്ടയം: ഇടിയുന്ന വീടുകള്‍, ചത്തുപൊങ്ങുന്ന മൃഗങ്ങള്‍, നിറഞ്ഞൊഴുകുന്ന വീടുകള്‍... ക്യാമ്പുകളില്‍നിന്നു വീടുകളിലേക്കു മടക്കം പടിഞ്ഞാറന്‍ നിവാസികള്‍ക്കു മുന്നില്‍ സമ്മാനിക്കുന്നതു പേടിസ്വപ്‌നം. തിരുപ്പാര്‍പ്പ്‌, അയ്‌മനം പഞ്ചായത്തുകളിലെ മൂന്നില്‍ രണ്ടു ഭാഗവും വെള്ളത്തിനടിയിലാണ്‌. പലയിടങ്ങളിലും വീടുകളുടെ മേല്‍ക്കൂര വരെ വെള്ളം കയറിയ നിലയിലാണ്‌. ഇന്നലെയും ഒരിഞ്ചുപോലും ഈ പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങിയിട്ടില്ല.
കല്ലറ, നീണ്ടൂര്‍, ഉദയനാപുരം, വെച്ചൂര്‍, വെള്ളൂര്‍, ചെമ്പ്‌, തലയാഴം, ടി.വി.പുരം പഞ്ചായത്തുകളിലും സ്‌ഥിതിയില്‍ ഒട്ടും വ്യത്യാസമില്ല. തലയോലപ്പറമ്പ്‌ പഞ്ചായത്തിലെ വെള്ളക്കെട്ടിന്‌ ഇന്നലെ നേരിയ ശമനമുണ്ടായിട്ടുണ്ടെങ്കിലും ആശ്വസിക്കാവുന്ന തരത്തിലേക്ക്‌ എത്തിയിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.
തിരുവാര്‍പ്പ്‌ പഞ്ചായത്തിലെ വെട്ടിക്കാട്‌, പന്നിക്കോട്‌ ഭാഗങ്ങള്‍ പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ്‌. ഇവിടെ വീടുകളിലൊന്നും ആരും ഇല്ലെന്ന്‌ നാട്ടുകാര്‍ ഉറപ്പാക്കിയിട്ടുണ്ട്‌. ആര്‍പ്പൂക്കര, അയ്‌മനം പഞ്ചായത്തുകളെ വെള്ളത്തില്‍ മുക്കി പെണ്ണാറും കൈപ്പുഴയാറും നിറഞ്ഞൊഴുകുകയാണ്‌.
വെള്ളം ഇറങ്ങുന്നതിനു മുമ്പേ തിരുവാര്‍പ്പ്‌ പഞ്ചായത്തില്‍ മാത്രം നാലു വീടുകള്‍ തകര്‍ന്നു വീണു കഴിഞ്ഞു. വെള്ളമിറങ്ങി വെയില്‍ തെളിയുന്നതോടെ എത്ര വീടുകള്‍ക്കു നാശമുണ്ടാകുമെന്ന്‌ കണ്ടറിയേണ്ടിയിരിക്കുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. നിലവില്‍ ദുര്‍ബലമായ കെട്ടിടങ്ങള്‍ക്കെല്ലാം നാശമുണ്ടാകും. പ്ലൈവുഡ്‌ ഉപയോഗിച്ചു നിര്‍മിച്ച ഫര്‍ണിച്ചറുകള്‍, ടി.വി, ഫ്രിഡ്‌ജ്‌ തുടങ്ങിയ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങള്‍ എന്നിവയെല്ലാം നശിക്കും.കക്കൂസുകള്‍ക്കും കിണറുകള്‍ക്കും മേലെ പ്രളയജലം പരന്നൊഴുകുന്നതു വരും ദിവസങ്ങളില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. പലയിടങ്ങളിലും ചത്തുകിടക്കുന്ന മൃഗങ്ങളെ നീക്കാന്‍ വൈകുന്നതു പടിഞ്ഞാറന്‍ നിവാസികള്‍ക്കു സമ്മാനിക്കുക ഇതുവരെ കാണാത്ത ദുരിതമാകും.
ആര്‍പ്പൂക്കര പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലും കനത്ത ദുരിതമാണ്‌. മണിയാപറമ്പ്‌ മേഖലയില്‍ നൂറുകണക്കിനു വീടുകള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്‌. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു വീടുകളിലേക്ക്‌ എത്താന്‍ പോലും കഴിയാത്ത അവസ്‌ഥയാണ്‌.

എരുമേലി: പമ്പയാറിലെ വെള്ളം ഇറങ്ങിയപ്പോള്‍ നാട്‌ സാക്ഷിയാകുന്നത്‌ ഹൃദയഭേദകമായ കാഴ്‌ച്ചകള്‍ക്ക്‌. ഏയ്‌ഞ്ചല്‍വാലി -മൂക്കന്‍പെട്ടി- ശബരിമല പാതയിലെ ഏയ്‌ഞ്ചല്‍വാലി പാലത്തിന്റെ സമീപന റോഡ്‌ ഒലിച്ചു പോയി. റോഡിന്റെ കുറേ ഭാഗം ഒലിച്ചു പോയതിനാല്‍ വാഹനയാത്ര ദുഷ്‌ക്കരമാണ്‌. ഇതോടെ മറുകരയിലെത്തിച്ചേരാന്‍ കിലോമീറ്ററുകള്‍ താണ്ടണം.
ഏയ്‌ഞ്ചല്‍വാലി അക്കര കരയിലുള്ളവര്‍ കണമലയില്‍ എത്തിച്ചേരണമെങ്കില്‍ 12 കിലോമീറ്ററോളം സഞ്ചരിക്കണം. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഫാ. മാത്യു വടക്കേമുറിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന്‌ നിര്‍മ്മിച്ചതാണ്‌ പാലവും റോഡും.
ഏയ്‌ഞ്ചല്‍വാലി, മൂക്കന്‍പെട്ടി, ഇടകടത്തി തുടങ്ങിയ സ്‌ഥലങ്ങളില്‍ മണലും ചെളിയും വ്യാപക തോതില്‍ അടിഞ്ഞു കൂടി ചെറിയ തുരുത്തുകള്‍ രൂപപ്പെട്ടിരിക്കുകയാണ്‌. കണമല ജങ്‌ഷനില്‍ പ്ലാസ്‌റ്റിക്‌ വസ്‌തുക്കളും മാലിന്യങ്ങളും അടിഞ്ഞു കൂടിയിരിക്കുകയാണ്‌. പമ്പയില്‍ നിന്നും ഒഴുകിയെത്തിയ മാലിന്യങ്ങളാണിവ. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമെന്ന ഭീതിയിലാണ്‌ നാട്ടുകാര്‍. വീടുകളില്‍ മണലും ചെളിയും അടിഞ്ഞു കൂടിയതോടെ വാസയോഗ്യമല്ല. ഒരാഴ്‌ച്ചയിലധികമായി ഏയ്‌ഞ്ചല്‍വാലി, കണമല മേഖല ഇരുട്ടിലാണ്‌. മഴയെ തുടര്‍ന്ന്‌ നിലച്ച വൈദ്യുതി ബന്ധം പുനഃസ്‌ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

ചങ്ങനാശേരി: തിരികെ ചെല്ലുമ്പോള്‍ വീട്ടിലെ അവസ്‌ഥ എന്താകുമെന്ന ഭീതിയിലാണു മേഖലയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്ന വീട്ടമ്മമാരുടെ നൊമ്പരം എസ്‌.ബി. കോളേജ്‌, എന്‍.എസ്‌.എസ്‌. കോളേജ്‌, എസ്‌.ബി. ഹൈസ്‌കൂള്‍, പുതൂര്‍പള്ളി ഹാള്‍, തുരുത്തി സ്‌കൂള്‍,പ്ലാസിഡ്‌, കൃസ്‌തുജ്യോതി തുടങ്ങിയ സ്‌ഥലങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്നവരെല്ലാം എന്നു തിരികെ വീട്ടിലേക്കു മടങ്ങുമ്പോഴുള്ള ആശങ്കയാണു പങ്കുവയ്‌ക്കുന്നത്‌.
കുട്ടനാട്ടില്‍ ജലനിരപ്പ്‌ ഉയര്‍ന്നതോടെ പ്രാണരക്ഷാര്‍ത്ഥം ഉടുതുണി മാത്രമെടുത്താണു ക്യാമ്പിലെത്തിയത്‌. ജീവിതത്തില്‍ ആദ്യമായിട്ടാണ്‌ ഇത്രയും വലിയ വെള്ളപ്പൊക്കം കാണുന്നതെന്നും മുമ്പു പ്രളയം കണ്ടിട്ടുണ്ടെങ്കിലും ഭീതിയിലാകുന്നത്‌ ആദ്യമാണെന്നും ക്യാമ്പിലുള്ള മുതിര്‍ന്നവര്‍ പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ലഭിക്കുന്ന സഹായങ്ങള്‍ക്കു വേണ്ടി ഹാജരാക്കുന്നതിനു തിരിച്ചറിയല്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌ എന്നിവ ഉല്‍പ്പെടെ നഷ്‌ടപ്പെട്ടവരുടെ മുഖത്ത്‌ നിസാഹയതയാണു നിഴലിക്കുന്നത്‌. എന്നാല്‍ യാതൊരുവിധ രേഖയുടെയും ആവശ്യമില്ലയെന്നുള്ള കാര്യം അറിഞ്ഞപ്പോള്‍ ആശങ്ക സന്തോഷമായി മാറി.
പല കുടുംബങ്ങള്‍ക്കും തങ്ങളുടെ വരുമാന മാര്‍ഗമായിരുന്ന വളര്‍ത്തുമൃഗങ്ങള്‍ നഷ്‌ടമായതിന്റെ വേദന വിട്ടുമാറിയിട്ടില്ല. കാവാലം, കണ്ണാടി, കിടങ്ങറ, മാമ്പുഴക്കരി, രാമങ്കരി, മുട്ടാര്‍, മിത്രക്കരി, വെളിയനാട്‌, കുമരങ്കരി, മൂലേല്‍ പുതുവേല്‍, എ.സി റോഡ്‌ കോളനി, പൂവം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ ചങ്ങനാശേരിയിലെ ക്യാമ്പുകളായ സ്‌കൂളുകളില്‍ അഭയം തേടിയിരിക്കുന്നത്‌. എല്ലാ ക്യാമ്പുകളിലേക്കും സന്നദ്ധസംഘടനകളുടെയും ദുരിതാശ്വാസ പ്രവര്‍ത്തകരുടെയും സഹായം എത്തുന്നുണ്ട്‌. കുടിവെള്ളം, പലചരക്ക്‌ സാധനങ്ങള്‍, പച്ചക്കറികള്‍, തുണിത്തരങ്ങള്‍ തുടങ്ങി ആവശ്യമായതെല്ലാം എത്തിച്ചുകൊണ്ടിരിക്കുകയാണ്‌.
ഇന്നലെയും നൂറുകണക്കിനാളുകളെയാണ്‌ രക്ഷാപ്രവര്‍ത്തകര്‍ വള്ളങ്ങളിലും ബോട്ടുകളിലുമായി ചങ്ങനാശേരി ബോട്ട്‌ ജെട്ടിയിലും പെരുന്നയിലുമായി എത്തിയത്‌. ഇത്തരത്തില്‍ എത്തുന്നവരെ രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള ക്യാമ്പുകളിലേക്കാണ്‌ അയയ്‌ക്കുന്നത്‌.
ചിലരെ കൂട്ടിക്കൊണ്ടു പോകാന്‍ ബന്ധുക്കളും ഇവിടെയെത്തുന്നുണ്ട്‌. പ്രായമായവരെയും വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വലയുന്നവരെയും രക്ഷാപ്രവര്‍ത്തകര്‍ വള്ളത്തില്‍ നിന്നും ചൂരല്‍ കസേരയില്‍ ഇരുത്തിയാണ്‌ ക്യാമ്പിലേക്ക്‌ എത്തിക്കുന്നത്‌. ചങ്ങനാശേരി ബോട്ടുജെട്ടിയിലും പെരുന്നയിലും എത്തുമ്പോള്‍ ലഘുഭക്ഷണവും നല്‍കുന്നുണ്ട്‌. രണ്ടു സ്‌ഥലങ്ങലിലും സന്നദ്ധ പ്രവര്‍ത്തകരുടെ വാഹനങ്ങളും കെ.എസ്‌.ആര്‍.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും വരുന്നവരെ അതാത്‌ സ്‌ഥാനങ്ങളില്‍ എത്തിക്കുന്നുണ്ട്‌.

Ads by Google
Advertisement
Monday 20 Aug 2018 09.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW