Monday, November 19, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.27 PM

കുട്ടനാട്ടില്‍ അവശേഷിക്കുന്നത്‌ പതിനായിരത്തോളം പേര്‍

uploads/news/2018/08/242139/4.jpg

ആലപ്പുഴ: കുട്ടനാട്ടില്‍ പ്രളയമേഖലയില്‍ ഇനി അവശേഷിക്കുന്നതു പതിനായിരത്തോളം പേരെന്നു ധനമന്ത്രി തോമസ്‌ ഐസക്‌. ഇതില്‍ നാലായിരം പേര്‍ എടത്വാ സെന്റ്‌ അലോഷ്യസ്‌ കോളജിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരാണ്‌. കുട്ടനാട്ടില്‍ കഴിയുന്നവരെല്ലാവരും ഒഴിയണമെന്നാണു സര്‍ക്കാരിന്റെ അഭ്യര്‍ഥന. ഇനി പ്രളയമേഖലയില്‍ കഴിയുന്നവര്‍ക്കു സുരക്ഷ ഉറപ്പുനല്‍കാന്‍ സര്‍ക്കാരിനു കഴിയില്ലെന്നു മന്ത്രി പറഞ്ഞു.
പ്രളയവുമായി ബന്ധപ്പെട്ട്‌ ആലപ്പുഴ ജില്ലയില്‍ രണ്ടരലക്ഷത്തോളം ആളുകള്‍ അധിവസിക്കുന്ന 662 ക്യാമ്പുകളുടെ നടത്തിപ്പിനു ജില്ലാ ഭരണകൂടം ചട്ടം തയാറാക്കും.
ക്യാമ്പുകളുടെ നടത്തിപ്പിനായി ജില്ലാതല കൗണ്‍സിലും താഴെ തട്ടില്‍ ക്യാമ്പുകളുടെ നടത്തിപ്പിന്‌ ഒരു ക്യാമ്പ്‌ ഓഫീസറും ആറു അസിസ്‌റ്റന്റ്‌ ക്യാമ്പ്‌ ഓഫീസറുമാരും അടങ്ങുന്ന സംഘവുമുണ്ടാകും. കുട്ടനാട്ടിലെ മുഴുവന്‍ ആരോഗ്യ-പഞ്ചായത്ത്‌ ഉദ്യോഗസ്‌ഥരെയും ക്യാമ്പുകളിലേക്കു പുനര്‍വിന്യസിക്കും. അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളിലെ ഉദ്യോഗസ്‌ഥരെ ക്യാമ്പുകളുടെ മുഖ്യ ചുമതലക്കാരായും നിയോഗിച്ചിട്ടുണ്ട്‌.
ക്യാമ്പുകളിലെ ജനങ്ങളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താന്‍ ക്യാമ്പ്‌ സന്ദര്‍ശനം ഒഴിവാക്കണമെന്നു ധനമന്ത്രി പറഞ്ഞു. ക്യാമ്പുകളിലേക്ക്‌ ആവശ്യമായ സാധന സാമഗ്രികള്‍ എത്രവേണമെങ്കിലും ജില്ലാ കേന്ദ്രത്തിലെ സാമഗ്രികള്‍ സംഭരിക്കുന്ന കേന്ദ്രങ്ങളിലോ എത്തിച്ചു നല്‍കാം.
ക്യാമ്പുകളിലേക്കു സാധനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ഇനിമുതല്‍ ഇന്‍ഡന്റുമായി സംഭരണ കേന്ദ്രങ്ങളിലേക്ക്‌ എത്തേണ്ട. ജില്ലാ ഭരണകൂടം തയാറാക്കിയ മൊബൈല്‍ ആപ്പിലൂടെ ആവശ്യമുന്നയിച്ചാല്‍ 12 മണിക്കൂറിനുള്ളില്‍ സാധനം ക്യാമ്പിലെത്തിക്കാനുള്ള സംവിധാനം ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
ആലപ്പുഴ എസ്‌.ഡി. കോളജാണു ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള സാധനങ്ങളുടെ പ്രധാന സംഭരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്‌.
ക്യാമ്പുകളിലെ ശുചിത്വം ഉറപ്പാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന സാനിട്ടേഷന്‍ ബ്രിഗേഡ്‌ തുടങ്ങും. സ്‌റ്റുഡന്റ്‌സ്‌ പോലീസ്‌ കേഡറ്റ്‌, എന്‍.എസ്‌.എസ്‌, എന്‍.സി.സി. അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതാണു സംഘം.
ക്യാമ്പുകളിലെ മാലിന്യങ്ങള്‍ ഇവര്‍ തരംതിരിക്കുകയും ജൈവമാലിന്യങ്ങള്‍ പ്രാദേശികമായി തന്നെ സംസ്‌കരിക്കുകയും ചെയ്യും. പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ ഇവ സംസ്‌കരിക്കുന്ന കേന്ദ്രങ്ങളിലേക്കു മാറ്റും.

Ads by Google
Advertisement
Monday 20 Aug 2018 09.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW