ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളിലെ അംഗങ്ങളുടെ രജിസ്ട്രേഷന് ആരംഭിച്ചു. ഓരോ ക്യാമ്പിലും രജിസ്ട്രേഷന് കമ്പ്യൂട്ടറില്‍ ഡാറ്റാ എന്‍ട്രി വഴിയാണു നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യാനായി ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇതെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. രജിസ്ട്രേഷന് ഇന്നും തുടരും.
പ്രത്യേക മാതൃകാ ഫോറം സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. അതില്‍ പറഞ്ഞിട്ടുള്ള ഏതെങ്കിലും രേഖകള്‍ ക്യാമ്പംഗത്തിന് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അവിടെ ഒഴിച്ചിടണമെന്നു മന്ത്രി നിര്‍ദേശിച്ചു. പലര്‍ക്കും ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ നഷ്ടമായ സാഹചര്യത്തിലാണിത്.
കുട്ടനാട്ടിലെ പഞ്ചായത്തുകളില്‍ ജോലിചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ജില്ലയിലെ പഞ്ചായത്ത് ജീവനക്കാര്‍ക്കും ക്യാമ്പിലെ ഡ്യൂട്ടി നല്കാന് ധനമന്ത്രി നിര്‍ദേശം നല്കി.
എല്ലാ ക്യാമ്പിനും പഞ്ചായത്ത് സെക്രട്ടറി അല്ലെങ്കില്‍ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനു ചുമതല ഉണ്ടാകും. പഞ്ചായത്ത് ജീവനക്കാരെ ആവശ്യത്തിനനുസരിച്ചു വിന്യസിക്കും. ക്യാമ്പുകളില്‍ ശക്തമായ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തും. ഇതിനായി യൂണിഫോം ധരിച്ച പോലീസുകാരെ നിയോഗിക്കും.
പുറത്തുനിന്ന് പാകം ചെയ്ത ആഹാരപദാര്‍ഥങ്ങള്‍ ക്യാമ്പുകളില്‍ അനുവദിക്കില്ല. ഓരോ ക്യാമ്പിനും ഒരു ക്യാമ്പ് ഓഫീസര്‍, ഡെപ്യൂട്ടി ക്യാമ്പ് ഓഫീസര്‍ എന്നിവര്‍ നിര്‍ബന്ധമായും വേണം.
ക്യാമ്പുകളുടെ ശുചീകരണത്തിനും വൃത്തിയാക്കലും പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയായി സമിതി ഉണ്ടാക്കണം. ക്യാമ്പിലുള്ളവര്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അടുത്തുള്ള വീട്ടുകാര്‍ സഹായം ചെയ്യണം. ആളുകളുമായി സംസാരിച്ചു തദ്ദേശ പ്രതിനിധികള്‍ ഇതിന് ഏര്‍പ്പാടുണ്ടാക്കണം. അത്യാവശ്യ സ്ഥലങ്ങളില്‍ ബയോ ടോയ്ലെറ്റ് സ്ഥാപിക്കും.
ഓരോ ക്യാമ്പ് അംഗത്തിനും ഓരോ ഗ്ലാസും പ്ലേറ്റും നല്‍കാനും തീരുമാനിച്ചു. സ്കൂളുകളില്‍ ഇപ്പോഴുള്ള ടോയ്ലറ്റ് വൃത്തിയാക്കും. മാലിന്യസംസ്കരണത്തിനു വോളണ്ടിയര്‍ ഫോഴ്സിനെ തയാറാക്കാനും മന്ത്രി നിര്‍ദേശിച്ചു. കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ നഗരത്തില്‍ താല്ക്കാലികമോ അല്ലാതെയോ പ്ലാന്റുകള്‍ സ്ഥാപിച്ചു കുടിവെള്ള വിതരണം ചെയ്യണം. ഇതിനായി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ക്യാമ്പിലെ അംഗങ്ങളുടെ ആരോഗ്യ പരിശോധനയ്ക്ക് കൃത്യമായ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കാന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി.
ക്യാമ്പിന്റെ ഗേറ്റില്‍ തന്നെ പോലീസ് കാവല്‍ ഏര്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദേശിച്ചു. ക്യാമ്പിലേക്കുള്ള വണ്ടികളുടെയും ആളുകളുടെയും പ്രവേശനം നിയന്ത്രിക്കും. കുട്ടനാട് മേഖലകളില്‍ പോലീസ് കൂടുതല്‍ സേനയെ വിനിയോഗിച്ച് ബോട്ടിലും മറ്റും പട്രോളിങ് ശക്തമാക്കണമെന്ന മന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി ബോട്ടുകളും സര്‍ച്ച് ലൈറ്റുകളും ഉപയോഗിക്കാനും നിര്‍ദേശം നല്കി.