Wednesday, November 21, 2018 Last Updated 13 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.27 PM

ദാഹജലം കിട്ടാതെ ആയിരങ്ങള്‍

uploads/news/2018/08/242136/1.jpg

മാവേലിക്കര: ചെങ്ങന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും ഇതു ക്യാമ്പുകളില്‍ മാത്രമായി ഒതുങ്ങുന്നു. ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ദാഹജലം പോലും കിട്ടാതെ നൂറുകണക്കിനു ജനങ്ങളാണു കാത്തിരിക്കുന്നത്‌. പാണ്ടനാട്‌, തിരുവന്‍വണ്ടൂര്‍ ഭാഗങ്ങളില്‍ ആറിന്റെ തീരങ്ങളില്‍ നിരവധി പേരാണ്‌ ഒറ്റപ്പെട്ട്‌ കിടക്കുന്നത്‌. പലരും വീടുകളില്‍ ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ കഴിയുന്നുണ്ട്‌.
സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ബോട്ടുകളില്‍ പലതും മടങ്ങിയതോടെ ജലമാര്‍ഗം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട്‌ അവസാനിച്ചു. കൊല്ലം കടപ്പുറത്തുനിന്നാണു പ്രദേശങ്ങളില്‍ ബോട്ടുകള്‍ എത്തിച്ചിരുന്നത്‌. ബോട്ടുകള്‍ തിരിച്ചു ആറ്റിലേക്ക്‌ ഇറക്കാന്‍ കഴിയാതെ വരുന്നതാണു ബോട്ടുകള്‍ കയറ്റിക്കൊണ്ടുപോകാന്‍ കാരണമെന്നു ബോട്ടുടമകള്‍ പറയുന്നു. നാമമാത്രമായ ബോട്ടുകളാണ്‌ ഇപ്പോള്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌.
ഇന്നലെ മാന്നാറില്‍നിന്നും പുറപ്പെട്ട അഞ്ചുതെങ്ങില്‍നിന്നും കൊണ്ടുവന്ന രണ്ടു ബോട്ടുകളില്‍ ബോട്ടുടമ അലോഷ്യസിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം പേരെയാണു കല്ലിശേരി കല്ലുമടവം കടവില്‍ എത്തിച്ചത്‌. മുറിയായിക്കര ജെ.ബി.എസിലെ ക്യാമ്പില്‍ നിന്നും കുട്ടികള്‍ ഉള്‍പ്പെടെ അസുഖബാധിതരായ ഇരുപതോളം പേരെ കല്ലിശേരിയില്‍ എത്തിച്ചു.
പരുമല, പാണ്ടനാട്‌, കല്ലിശേരി, മുറിയായിക്കര, വളഞ്ഞവട്ടം ഭാഗങ്ങളില്‍ ബോട്ടുകള്‍ എത്തുമ്പോഴേക്കും ആളുകള്‍ ഭക്ഷണത്തിനായി വിളിച്ചുകൂവുന്ന സ്‌ഥിതിയാണ്‌ ഇപ്പോഴുള്ളത്‌. ഇവിടേക്കൊന്നും രക്ഷാപ്രവര്‍ത്തകരോ ഭക്ഷണങ്ങളോ എത്തുന്നില്ലെന്നു പരാതിയുണ്ട്‌. ഉദ്യോഗസ്‌ഥര്‍ കരയ്‌ക്കിരുന്നു നിര്‍ദേശങ്ങള്‍ നല്‍കുന്നതല്ലാതെ ജലമാര്‍ഗം സഞ്ചരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതാണു ജനത്തെ പട്ടിണിയിലേക്കു നയിക്കാന്‍ കാരണം.
മഴയ്‌ക്ക്‌ ശമനമുണ്ടായെങ്കിലും അച്ചന്‍കോവിലാറ്റില്‍ വെള്ളത്തിന്റെ വരവിന്‌ കുറവില്ല. ശക്‌തമായ ഒഴുക്ക്‌ തീരങ്ങള്‍ കവര്‍ന്നു കൊണ്ടുപോകുന്നു. പലപ്രദേശങ്ങളും ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്‌. വലിയപെരുമ്പുഴ, കരിപ്പുഴ ഭാഗങ്ങളില്‍ വന്‍ നാശനഷ്‌ടങ്ങളാണ്‌ ഉണ്ടായിരിക്കുന്നത്‌.
വലിയപെരുമ്പുഴയില്‍ ആയിരക്കണക്കിനു വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്‌. പല വീടുകളുടെയും മേല്‍ക്കൂരപോലും കാണാത്ത സ്‌ഥിതിയാണ്‌.
വലിയപെരുമ്പുഴ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ കത്തോലിക്കാ പള്ളിയും വെള്ളക്കെട്ടിലാണ്‌. ലക്ഷക്കണക്കിനു രൂപയുടെ വീട്ടുപകരണങ്ങളാണ്‌ ഒഴുകിപ്പോയത്‌. ഇലക്‌ട്രോണിക്‌സ്‌ സാധനങ്ങളെല്ലാം നശിച്ചു.
ഇവിടെ വീട്ടുകാര്‍ നേരത്തെതന്നെ സുരക്ഷിത സ്‌ഥാനത്തേക്ക്‌ മാറിയത്‌ കൊണ്ട്‌ ആളപായം ഒഴിവായി. തട്ടാരമ്പലം-മാന്നാര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്‌. കുത്തൊഴുക്കില്‍ കരിപ്പുഴ പുഞ്ച കരകവിഞ്ഞൊഴുകിയാണ്‌ കരിപ്പുഴ, ചെട്ടികുളങ്ങര മേഖലയില്‍ നാശം വിതച്ചത്‌. മാവേലിക്കര-ഹരിപ്പാട്‌ റോഡ്‌ ഗതാഗതം നിലച്ചു. മാവേലിക്കര മേഖലയില്‍ 90 ദുരിതാശ്വാസ ക്യാമ്പുകളാണു പ്രവര്‍ത്തിക്കുന്നത്‌.

Ads by Google
Advertisement
Monday 20 Aug 2018 09.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW