Tuesday, July 23, 2019 Last Updated 6 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.27 PM

കുട്ടനാടിനെ കരകയറ്റി, കടലിന്റെ മക്കള്‍ മടങ്ങി

ആലപ്പുഴ; പ്രളയം തച്ചുടച്ച കുട്ടനാട്ടില്‍നിന്നു ബഹുഭൂരിപക്ഷം പേരെയും രക്ഷപ്പെടുത്തിയ ചാരിതാര്‍ത്ഥ്യവുമായി കടലിന്റെ മക്കള്‍ മടങ്ങുകയാണ്‌. ഇനി ശേഷിക്കുന്നതു സ്വന്തം ഇഷ്‌ടപ്രകാരം വീടുകളില്‍ തങ്ങുന്നവര്‍ മാത്രം. അവരെയും കരയ്‌ക്കെത്തിക്കാന്‍ ആവുന്നത്ര പരിശ്രമിച്ചു.
അവസാനപരിശ്രമമെന്ന നിലയില്‍ ഇന്നലെ ഉച്ചയോടെ തകഴി കേളമംഗലത്തുനിന്ന്‌ കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലേക്കു പുറപ്പെട്ട, "ഓച്ചിറ" എന്ന മത്സ്യബന്ധന ബോട്ടില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം മംഗളം വാര്‍ത്താസംഘവും സഞ്ചരിച്ചു... "കേരളത്തിന്റെ നെല്ലറ" നിറയെ നൂറ്റാണ്ടിന്റെ മഹാപ്രളയശേഷിപ്പുകള്‍.
ചങ്ങങ്കരിയില്‍ കരയും പുഴയും തിരിച്ചറിയാന്‍ വയ്യ. പാതയോരങ്ങളില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന വാഹനങ്ങളെല്ലാം മുങ്ങിയ നിലയില്‍. വീടുകള്‍ ഉപേക്ഷിച്ച്‌ ഉടയവര്‍ പോയതോടെ അനാഥരായ നാല്‍ക്കാലികളെ അങ്ങിങ്ങു കാണാം. വെള്ളം കയറിയ ദുരിതാശ്വാസ ക്യാമ്പില്‍നിന്നു കുടുംബങ്ങളെ ഒഴിപ്പിക്കുന്ന മറ്റൊരു മത്സ്യബന്ധനയാനം ഞങ്ങളെ കടന്നുപോയി. വയോധികരടക്കം അതില്‍നിന്ന്‌ ആശ്വാസപൂര്‍വം കൈവീശിക്കാട്ടി.
ഇടത്തോട്‌ കടന്ന്‌ നടുഭാഗത്തെത്തിയപ്പോള്‍, ഇരുനിലവീട്ടില്‍ തമ്പടിച്ച കുടുംബത്തെ വള്ളത്തില്‍ കയറ്റാനുള്ള രക്ഷാപ്രവര്‍ത്തകരുടെ ശ്രമം വിഫലമായി. പശുക്കളെ ഉപേക്ഷിച്ചു വരാനാകില്ലെന്ന്‌ അവര്‍ കട്ടായം പറഞ്ഞു. തൊട്ടടുത്ത പാലത്തിനു മുകളില്‍ അവയെ കെട്ടിയിട്ടിരിക്കുകയാണ്‌. അപകടമുണ്ടായാല്‍ രക്ഷപ്പെടാന്‍ സ്വന്തമായി ബോട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി, അവര്‍ ഞങ്ങള്‍ക്കുനേരേ കതകടച്ചു.
പോലീസ്‌ അഭ്യര്‍ഥിച്ചിട്ടുപോലും പുറത്തുവരാതെ, ഇങ്ങനെ വീടുകളില്‍ കഴിയുന്നവര്‍ ഏറെയുണ്ടെന്ന്‌ രക്ഷാപ്രവര്‍ത്തകരില്‍ ഒരാളായ സുബി പറഞ്ഞു. ശേഷിച്ചവരെക്കൂടി കരയ്‌ക്കടുപ്പിക്കാന്‍ സാധിക്കാത്തതിന്റെ നൊമ്പരം ബാക്കിയാക്കിയാണു മടക്കയാത്രയെന്ന്‌ അമ്പലപ്പുഴ തീരവാസികളായ രജിത്തും രജികുമാറും പറഞ്ഞു. കടലോളം കാരുണ്യവുമായെത്തിയ ഇവരെപ്പോലുള്ളവരുടെ സാഹസികമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇനിയുമേറെ ജീവനുകള്‍ കുട്ടനാടിന്റെയും ചെങ്ങന്നൂരിന്റെയും ഉള്‍പ്രദേശങ്ങളില്‍ പൊലിഞ്ഞേനെ. പൂന്തുറ, ആലപ്പാട്‌, അഴീക്കല്‍, തോട്ടപ്പള്ളി തുടങ്ങിയ സ്‌ഥലങ്ങളില്‍നിന്നു നൂറുകണക്കിന്‌ മത്സ്യത്തൊഴിലാളികളാണ്‌ വള്ളങ്ങളുമായി പ്രളയബാധിതമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്‌. ആദ്യം സഹായിക്കാന്‍ അധികൃതര്‍ ആരുമുണ്ടായിരുന്നില്ല.
നാട്ടുകാരാണു ഭക്ഷണവും വെള്ളവും ഇന്ധനവുമൊക്കെ തന്നത്‌- വള്ളത്തിന്റെ എന്‍ജിന്‍ തകരാറായതിനാല്‍ രണ്ടുദിവസം തകഴിയില്‍ കുടുങ്ങിയ, തിരുവനന്തപുരം പൂന്തുറ സ്വദേശികളായ രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ജലനിരപ്പ്‌ താഴ്‌ന്നതിനാല്‍ കുട്ടനാട്ടിലെ രക്ഷാപ്രവര്‍ത്തനം ഇനി അവസാനിപ്പിക്കാമെന്നാണ്‌ ഇവരുടെ അഭിപ്രായം. കടലിനോട്‌ മല്ലടിക്കാന്‍ അവര്‍ക്കും ജീവിതം ബാക്കിയാണല്ലോ...

Ads by Google
Advertisement
Monday 20 Aug 2018 09.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW