ഉപ്പുതറ: പെരിയാര്‍ തീരത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ രാവും പകലും പ്രയത്നിച്ച ഉപ്പുതറ എസ്.ഐ: എസ്. കിരണ്‍ അഭിനന്ദന പ്രവാഹം.
പ്രകൃതിക്ഷോഭത്തില്‍ കൈമെയ് മറന്നു ദിവസങ്ങളോളം കഷ്ടപ്പെട്ട എസ്.ഐ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. മുല്ലപ്പെരിയാറ്റിലെ ജലം തുറന്നു വിട്ട സാഹചര്യത്തിലും പെരിയാറ്റിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലും സജീവമായി തീരവാസികളുടെ രക്ഷയ്ക്കായി ജീവന് പണയംവച്ചും ദുരന്തമുഖത്ത് ദിവസങ്ങളോളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ജനഹൃദയങ്ങളെ കീഴടക്കിയിരിക്കുകയാണ് എസ്. കിരണ്‍.
തീരദേശത്തുള്ള ആളുകളെ യഥാസമയം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാറ്റിയത് ഏറെ നയപരമായായിരുന്നു. ഒരാഴ്ചയായി ദുരന്തമുഖത്ത് തന്നെയാണ് ഇദ്ദേഹത്തിന്റെ സേവനം.
കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിലെ കെ. ചപ്പാത്ത് പാലം വെള്ളത്തില്‍ മൂടിയ മണിക്കൂറുകളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയ ഇദ്ദേഹം ജലനിരപ്പ് താഴ്ന്നപ്പോള്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. പാലത്തിലെ കുമിഞ്ഞുകൂടിയ ചെളി ശക്തമായ മഴയത്ത് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഏറെ അധ്വാനത്തിനുശേഷമാണു മാറ്റാനായത്. സന്നദ്ധ സേവകര്‍ക്കൊപ്പം ചെളിനീക്കം ചെയ്യാന്‍ ഇദ്ദേഹവും ഒപ്പം ജോലി ചെയ്തത് എറെ ശ്രദ്ധേയമായി.
ഉപ്പുതറ, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലെ ദുരന്തമേഖലകളിലും സജീവമായി പ്രവര്‍ത്തിച്ചു. അധ്യാപകനായിരുന്ന ഈ എസ്.ഐ. ബ്രോയെ ഹൈറേഞ്ചുകാര്‍ നെഞ്ചിലേറ്റിയിരിക്കുകയാണ്.