Sunday, July 21, 2019 Last Updated 25 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.21 PM

കരകയറാനാകാതെ അടിമാലി

uploads/news/2018/08/241961/1.jpg

അടിമാലി: ആഴ്‌ചകളായുള്ള ദുരന്തക്കയത്തില്‍ നിന്നും കരകയറാനാകാതെ കിതയ്‌ക്കുകയാണ്‌ അടിമാലി മേഖല. ദേശീയപാത വീണ്ടും പിളര്‍ന്നത്‌ മേഖലയെ ഭീതിയിലാക്കി.
പലയിടത്തും കൂറ്റന്‍ മലകള്‍ നിരങ്ങിയിറങ്ങി ദേശീയപാതകളില്‍ വന്നിരിക്കുന്ന സാഹചര്യമാണ്‌. കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയുടെ അടിമാലി മുതല്‍ മൂന്നാര്‍ വരെയുള്ള 28 കിലോമീറ്ററിനുള്ളില്‍ 82 ഇടങ്ങളിലാണ്‌ മലയിടിച്ചില്‍ സംഭവിച്ചിട്ടുള്ളത്‌. കൂമ്പന്‍പാറ മഠംപടി മുതല്‍ ഇരട്ടു കാനം വരെയുള്ള ആറു കിലോമീറ്ററിനുള്ളില്‍ മാത്രം 52 ഇടങ്ങളിലാണ്‌ വലിയ തോതില്‍ ഉരുള്‍പൊട്ടലും മലയിടിച്ചിലും സംഭവിച്ചിട്ടുള്ളത്‌. ചെറിയ മണ്ണിടിച്ചിലുകള്‍ വേറെയും ഉണ്ടായിട്ടുണ്ട്‌. ഇരുട്ടുകാനത്തിനു സമീപം മൂന്നാറിലേക്കുള്ള ദേശീയ പാതയില്‍ വന്‍തോതില്‍ റോഡ്‌ പിളര്‍ന്നു താഴ്‌ന്ന നിലയിലാണ്‌. നൂറടിയോളം നീളത്തില്‍ ടാറിങ്ങിന്റെ മധ്യഭാഗം മുതല്‍ വിണ്ടുകീറി ഒരടിയോളം താഴ്‌ന്നു പോയിട്ടുണ്ട്‌.
സമീപത്തെ കിഴക്കേക്കുരുവി തടത്തില്‍ സിബി മാത്യുവിന്റെ വീട്‌ ഉള്‍പ്പടെയാണ്‌ ഇടിഞ്ഞു താഴ്‌ന്നിട്ടുള്ളത്‌. വേലമ്മാവുടി ഏലിയാസ്‌ മറ്റത്തില്‍ മറിയാമ്മ എന്നിവരുടെ വീടുകളും ദേശീയ പാതയും ഉള്‍പ്പെടുന്ന വലിയൊരു പ്രദേശം ഏതു സമയവും ആയിരത്തോളം അടി താഴ്‌ചയിലേക്കു പതിക്കും. ജീവന്‍ പണയം വച്ച്‌ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായങ്ങളുമായെത്തുന്ന ചെറു വാഹനങ്ങള്‍ ഇപ്പോഴും ഇതുവഴിയാണ്‌ കടന്നു പോകുന്നത്‌.
ദേശീയപാതയുടെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വനമേഖലയില്‍ മാത്രം 18 ഇടങ്ങളിലാണ്‌ വന്‍തോതില്‍ മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായിട്ടുള്ളത്‌. റാണിക്കല്ല്‌ വളവില്‍ കൂറ്റന്‍ പാറകളും മരങ്ങളും കടപുഴകിയാണ്‌ റോഡില്‍ പതിച്ചിട്ടുള്ളത്‌. മൂന്നു കലുങ്കിനു സമീപം മലയിടിഞ്ഞ്‌ റോഡില്‍ പതിച്ചതോടെ ടാറിങ്‌ അടക്കം അടര്‍ന്ന്‌ റോഡ്‌ നശിച്ചു. വാളറക്കുത്തിനു സമീപവും ചീയപ്പാറയിലും മലനിരങ്ങി റോഡിലെത്തി. സമീപത്ത്‌ പലയിടത്തും ദേശീയ പാത ഇടിഞ്ഞ്‌ ദേവിയാര്‍ പുഴയില്‍ പതിച്ചു.
അടിമാലി മുതല്‍ ഇരുട്ടുകാനം വരെയുള്ള എട്ടു കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളില്‍ മാത്രം 14 വീടുകള്‍ അടക്കം ദേവികുളം താലൂക്കില്‍ മാത്രം നൂറില്‍പരം വീടുകള്‍ നാമാവശേഷമായതായുള്ള റിപ്പോര്‍ട്ടുകളാണ്‌ പുറത്തുവന്നിട്ടുള്ളത്‌. ഇടിഞ്ഞു താഴ്‌ന്നിരിക്കുന്നത്‌ അടക്കം താമസയോഗ്യമല്ലാത്ത എഴുനൂറോളം വീടുകളും അപകടകരമായ സാഹചര്യമുള്ളവ ആയിരത്തി അഞ്ഞൂറില്‍പരവും എന്നതാണ്‌ അനൗദ്യോഗിക കണക്ക്‌. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും പുനഃസ്‌ഥാപിച്ചു കഴിയുന്നതോടെ കണക്കുകളുടെ വ്യാപ്‌തി ക്രമാതീതമായി ഉയരും. മന്നാംകണ്ടം വില്ലേജില്‍ മാത്രം 3800 ആളുകളാണ്‌ ക്യാമ്പുകളിലുള്ളത്‌. വെള്ളത്തൂവലില്‍ രണ്ടായിരവും ആനവിരട്ടിയില്‍ ആയിരത്തി എണ്ണൂറും അടക്കം താലൂക്കു പരിധിയിലെ മറ്റു വില്ലേജുകളും ചേര്‍ത്ത്‌ പതിനായിരത്തില്‍പരം ആളുകളാണ്‌ ക്യാമ്പുകളില്‍ കഴിയുന്നത്‌. ഇതു കൂടാതെ പതിനായിരത്തിനു മുകളില്‍ ആളുകളാണ്‌ ബന്ധുവീടുകളിലും അയല്‍ വീടുകളിലും അഭയം പ്രാപിച്ചിട്ടുള്ളത്‌. ആദിവാസി മേഖലകളടക്കം നിരവധി ആദിവാസി കുട്ടികളും പതിനായിരക്കണക്കിന്‌ അന്യ സംസ്‌ഥാന തൊഴിലാളികളും അര്‍ധപട്ടിണിയിലാണ്‌.
ആഴ്‌ചകളായി തൊഴില്‍ ഇല്ലാത്ത സാഹചര്യമാണ്‌ ഈ ദുരവസ്‌ഥയ്‌ക്കു കാരണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ഇവര്‍ക്ക്‌ ഭക്ഷണം നല്‍കാമെന്ന്‌ അധികൃതര്‍ പറയുമ്പോഴും വാര്‍ത്താ വിനിമയ സൗകര്യം അവതാളത്തിലായതു മൂലം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ല. ഗതാഗത സൗകര്യം ഭാഗികമായി ക്രമീകരിച്ചതിനെ തുടര്‍ന്ന്‌ ജില്ലയ്‌ക്കു പുറത്തുനിന്നും ഭക്ഷണ സാധനങ്ങളും വസ്‌ത്രങ്ങളും ഇതര സഹായങ്ങളുമായി വാഹനങ്ങള്‍ വരുന്നുണ്ടെങ്കിലും പല ഗ്രാമീണ മേഖലകളിലേക്കും കുടികളിലേക്കും എത്തിപ്പെടുക ദുഷ്‌കരമാണ്‌. യഥാര്‍ഥത്തില്‍ സഹായമെത്താതെ അവശത അനുഭവിക്കുന്നവര്‍ക്ക്‌ വിവരം അധികൃതരെ അറിയിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യവുമുണ്ട്‌. വടക്കേ ആയിരമേക്കര്‍, ശല്യാംപാറ മേഖലകളില്‍ വലിയ തോതിലാണ്‌ ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചിട്ടുള്ളത്‌. വൈദ്യുതിവകുപ്പിന്റെ സ്‌ഥലം ഉരുള്‍പൊട്ടിയിറങ്ങി കാരകൊമ്പില്‍ കെ.എം. ജോര്‍ജിന്റെ ആറേക്കറോളം കൃഷിഭൂമിയും ആറ്‌ കറവപ്പശുക്കളടക്കം വലിയ മൃഗസമ്പത്തും കെട്ടിടങ്ങളും ഒലിച്ച്‌ അണക്കെട്ടില്‍ പതിച്ചു.
റോഡുകള്‍
ഭാഗികമായി തുറന്നു

കോതമംഗലം മുതല്‍ അടിമാലി വരെയുള്ള ദേശീയ പാതയില്‍ മണ്ണ്‌ ഭാഗികമായി നീക്കിയതോടെ വിവിധ വാഹനങ്ങള്‍ അടിമാലിയില്‍ എത്തിത്തുടങ്ങി. ഇന്നലെ കോതമംഗലം ഡിപ്പോയില്‍ നിന്നും അഞ്ചു കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ അടിമാലി വരെ സര്‍വീസ്‌ നടത്തി. ഇന്ധന ക്ഷാമം രൂക്ഷമായതോടെ ഏതാനും ടാങ്കര്‍ ലോറികളും എത്തി. അവശ്യ സര്‍വീസുകള്‍ എത്തി തുടങ്ങിയെങ്കിലും അപകടസാധ്യത തുടരുകയാണ്‌.
ജില്ലയിലേക്ക്‌ ചരക്കു വാഹനങ്ങളുടെയും വിനോദ സഞ്ചാര വാഹനങ്ങളുടെയും വരവ്‌ നിരോധിച്ചുകൊണ്ടുള്ള കലക്‌ടറുടെ ഉത്തരവ്‌ തുടരുകയാണ്‌. അടിമാലി കുമളി ദേശീയപാതയിലെ കത്തിപ്പാറയില്‍ ദേശീയ പാത നീളത്തില്‍ ഇടിഞ്ഞുതാഴ്‌ന്നതു മൂലം ഇതുവഴി ഗതാകതം അസാധ്യമായി തുടരുന്നു. എന്നാല്‍ ഇരുന്നൂറേക്കര്‍ ഐ.റ്റി.സി ഭാഗം വഴി നായ്‌ക്കുന്നിലൂടെ ചെറുവാഹനങ്ങള്‍ക്ക്‌ വിവിധ മേഖലകളിലേക്ക്‌ എത്തിപ്പെടാനാകും. മൂന്നാര്‍, രാജാക്കാട്‌ മേഖലകളിലേക്ക്‌ ആനച്ചാല്‍ വഴി ഭാഗികമായി വാഹനങ്ങള്‍ക്ക്‌ എത്തിച്ചേരാന്‍ കഴിയും.

Ads by Google
Advertisement
Sunday 19 Aug 2018 09.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW