Monday, November 19, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.09 AM

കോര്‍പറേറ്റ്‌ ജോലി ഉപേക്ഷിച്ച മാത്തുക്കുട്ടി നേടിയത്‌ മികച്ച കര്‍ഷകനുള്ള അവാര്‍ഡ്‌

മരങ്ങാട്ടുപിള്ളി: കോര്‍പറേറ്റ്‌ ജോലി ഉപേക്ഷിച്ച്‌ മാത്തുക്കുട്ടി നേടിയത്‌ മികച്ച കര്‍ഷകനുള്ള സംസ്‌ഥാന അവാര്‍ഡ്‌.
സംസ്‌ഥാനത്തെ മികച്ച യുവജന കര്‍ഷകനുള്ള ഈ വര്‍ഷത്തെ അവാര്‍ഡിന്‌ അര്‍ഹനായ മരങ്ങാട്ടുപിള്ളി തെങ്ങുംതോട്ടത്തില്‍ മാത്തുക്കുട്ടി ടോം (28) മിശ്രിത കൃഷിയിലാണ്‌ വിജയം കണ്ടത്‌. 2011-ല്‍ മാര്‍ക്കറ്റിങില്‍ എം.ബി.എ. ബിരുദം നേടുമ്പോഴേക്കും ക്യാമ്പസ്‌ ഇന്റര്‍വ്യൂവിലുടെ ജാഗ്വര്‍ കമ്പനിയിലെ ജീവനക്കാരനായി കഴിഞ്ഞിരുന്നു. ഒന്നര വര്‍ഷത്തിനകം ബി.എം.ഡബ്ല്യു. കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. രാജിവയ്‌ക്കുമ്പോള്‍ ഒന്നേകാല്‍ ലക്ഷം രൂപ പ്രതിമാസ ശമ്പളം.
കൃഷി ചെയ്യാന്‍ തീരുമാനിച്ചിറങ്ങിയ മാത്തുക്കുട്ടി ആദ്യം നാട്ടില്‍ത്തന്നെ വിവിധ സ്‌ഥലങ്ങളിലെ കൃഷിരീതികള്‍ പഠിച്ചു. പക്ഷെ വിജയപ്രതീക്ഷ കണ്ടില്ല. യാത്രകള്‍ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന മാത്തുക്കുട്ടി സുഹൃത്തുക്കളു മായി പഞ്ചാബ്‌, ഹരിയാന എന്നിവിടങ്ങളില്‍ രണ്ടുമാസത്തോളം തങ്ങി കൃഷിരീതികള്‍ മനസിലാക്കി.
നാട്ടില്‍ തിരിച്ചെത്തി ആദ്യം ചിന്തിച്ചത്‌ ഏതു മേഖലയില്‍ കൃഷി ആരംഭിക്കണമെന്നായിരുന്നു. ഇങ്ങനെയാണ്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഇറച്ചിക്കോഴിയിലേക്ക്‌ തിരിഞ്ഞത്‌. 15 ഏക്കറില്‍ കുറച്ചുഭാഗത്ത്‌ കോഴിഫാം പണിതു.
ഇപ്പോള്‍ ഇവിടെ ഏഴായിരം കോഴികളുണ്ട്‌. തുടര്‍ന്ന്‌ ഇറച്ചി സംസ്‌കരണ യൂണിറ്റും ആരംഭിച്ചു. യന്ത്ര സഹായത്തോടെ ബോണ്‍ലെസ്‌, ഡ്രംസ്‌റ്റിക്‌, തൈയ്‌, ബ്രെസ്‌റ്റ്‌ എന്നിങ്ങനെ പലതരത്തില്‍ തിരിച്ച്‌ പായ്‌ക്കറ്റുകളാക്കിയാണ്‌ വിപണനം. ഇറച്ചിക്കോഴി കൃഷിയിലെ മാലിന്യം അസംസ്‌കൃത വസ്‌തുവാക്കാനായി അടുത്ത നീക്കം. അങ്ങനെയാണ്‌ പന്നിക്കൃഷിയിലേക്ക്‌ തിരിയുന്നത്‌. പന്നി ഫാമിലെ മാലിന്യം പച്ചക്കറി, പുല്ല്‌, തെങ്ങ്‌ തുടങ്ങിയവയ്‌ക്ക്‌ വളമായി ഉപയോഗിക്കുന്നു. തുടര്‍ന്ന്‌ മീന്‍ കൃഷിയും ആട്‌, പോത്ത്‌, തേനിച്ച, പച്ചക്കറി കൃഷിയും ആരംഭിച്ചു. കൂടാതെ മുട്ടക്കോഴിയുമുണ്ട്‌.
7000 കോഴിയും 5000 മത്സ്യങ്ങളും 17 ആടും 10 പോത്തും അടക്കമുള്ളവ മാത്തുക്കുട്ടിയുടെ ടി.ജെ.ടി ഫാമിലുണ്ട്‌. 39 ലക്ഷം രൂപ കൃഷിക്കായി വായ്‌പ എടുത്തു. എല്ലാ ചെലവുകളും കഴിഞ്ഞ്‌ ഉപേക്ഷിച്ച ശമ്പളത്തിന്റെ നാലിരട്ടിയോളം ആദായം പ്രതിമാസം ലഭിക്കുന്നുണ്ടെന്ന്‌ മാത്തുക്കുട്ടി പറയുന്നു.
അച്‌ഛന്‍ ടോമിയും അമ്മയും സഹോദരനും സഹോദര ഭാര്യയും മരങ്ങാട്ടുപിള്ളി കൃഷി ഓഫീസര്‍ റീനകുര്യനും സഹപ്രവര്‍ത്തകരും അടക്കമുള്ളവര്‍ പിന്തുണയുമായി ഒപ്പമുണ്ട്‌.

Ads by Google
Advertisement
Wednesday 15 Aug 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW