Friday, September 14, 2018 Last Updated 38 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.03 AM

ദേവസ്വം അധികൃതര്‍ കണ്ണുതുറന്നു; നീലകണ്‌ഠനു പുനര്‍ജന്മം

ശാസ്‌തംകോട്ട: നീണ്ടനാളായി ആനക്കൊട്ടിലില്‍ ഒറ്റനില്‍പ്പില്‍ ചങ്ങലകളില്‍ തളയ്‌ക്കപ്പെട്ട ശാസ്‌താംകോട്ട ധര്‍മശാസ്‌താ ക്ഷേത്രത്തിലെ നീലകണ്‌ഠനെന്ന കൊമ്പനോട്‌ ഒടുവില്‍ ദേവസ്വം ബോര്‍ഡ്‌ അധികൃതര്‍ കനിവു കാണിച്ചു. കര്‍ക്കടകം തീരാന്‍ മൂന്നുദിവസം അവശേഷിക്കെ നീലകണ്‌ഠന്‌ സുഖചികിത്സ നല്‍കാന്‍ ദേവസ്വം അധികൃതര്‍ തയാറാവുകയായിരുന്നു.
27 ദിവസം നീണ്ടു നില്‍ക്കുന്ന സുഖചികിത്സയ്‌ക്കാണ്‌ കഴിഞ്ഞ ദിവസം തുടക്കമായത്‌. ഇതോടെ മാസങ്ങള്‍ക്കു ശേഷം ആനക്കൊട്ടിലിലെ ചങ്ങല കെട്ടില്‍ നിന്നും നീലകണ്‌ഠന്‌ മോചനമായി.
ദിവസവും രാവിലെ കൊമ്പനെ ആനക്കൊട്ടിലില്‍ നിന്നു പുറത്തിറക്കി കുളുപ്പിച്ചു കുടിക്കാനായി ശുദ്ധജലം നല്‍കും. തുടര്‍ന്ന്‌ ഡോക്‌ടര്‍മാരുടെ നിര്‍ദേശമനുസരിച്ചുള്ള ആയുര്‍വേദ പച്ചമരുന്നുകള്‍ അടങ്ങിയ ഭക്ഷണവും നല്‍കുന്നുണ്ട്‌.
പാപ്പാന്‍മാരുടെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നു നരകയാതന അനുഭവിച്ച നിലകണ്‌ഠന്‌ ദേവസ്വം ബോര്‍ഡ്‌ ക്ഷേത്രങ്ങളിലെ ആനകള്‍ക്ക്‌ കര്‍ക്കിടക മാസത്തില്‍ ലഭിക്കാറുള്ള സുഖചികിത്സ പോലും നിഷേധിക്കപ്പെട്ടിരുന്നു.
നീലകണ്‌ഠന്റെ ദുരിതകഥയെക്കുറിച്ചു 'മംഗളം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ദേവസ്വം ബോര്‍ഡിന്റെ സമീപനത്തിനെതിരെ പ്രതിഷേധവുമായി ഭക്‌തരും ആനപ്രേമികളും രംഗത്തുവരികയും ഭക്‌തജനസമിതി പരാതി നല്‍കുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണു ദേവസ്വം അധികൃതര്‍ കണ്ണുതുറന്നത്‌.
സ്വന്തമായി ഒരു ആന വേണമെന്ന കരക്കാരുടെ ആഗ്രഹ സഫലീകരണമായി 2004-ലാണ്‌ വിദേശ മലയാളിയായ അജിത്‌കുമാര്‍ ബി. പിള്ള നീലകണ്‌ഠനെ ധര്‍മശാസ്‌താവിന്റെ തിരുമുമ്പില്‍ നടയ്‌ക്കിരുത്തിയത്‌. തിരുവുത്സവത്തിനു ഭഗവാന്റെ തിടമ്പേറ്റിയ നീലകണ്‌ഠന്‍ നിരവധി ഉത്സവങ്ങള്‍ക്ക്‌ നെറ്റിപ്പട്ടം അണിഞ്ഞിട്ടുണ്ട്‌.
എന്നാല്‍ കുറച്ചുനാളിനു ശേഷം മുന്‍വശത്തെ ഇടത്തെ കാലിനുണ്ടായ ക്ഷതവും മുടന്തും ദുരിതജീവിതത്തിനു കാരണമായി.
ആന ചികിത്സകന്‍ കുളത്തൂര്‍ ദാമോധരന്‍ ആനയെ പരിശോധിക്കുകയും മുന്‍കാലില്‍ വാതരോഗമാണെന്നു കണ്ടെത്തി ഏറെനാള്‍ ചികിത്സ നടത്തുകയും ചെയ്‌തു. എന്നാല്‍ രോഗം ഭേദമായില്ല.
ചികിത്സകള്‍ ഫലം കാണാതെ വന്നതോടെ ആനയെ ദേവസ്വം അധികൃതര്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.
വെയിലും മഴയുമേറ്റു ക്ഷേത്രത്തിനു സമീപത്തെ കാട്ടില്‍ തളച്ചിരുന്ന ആനയുടെ ദുരവസ്‌ഥ മനസിലാക്കി അജിത്‌കുമാര്‍ ബി. പിള്ള ആനത്തറി നിര്‍മിച്ചു നല്‍കി.
പിന്നെയും ഏറെ നാള്‍ കഴിഞ്ഞാണ്‌ ആനയെ അവിടേക്ക്‌ മാറ്റിയത്‌.
ആനയെ രണ്ടു നേരം നടത്തിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നെങ്കിലും ആനക്കൊട്ടിലിലെ മാലിന്യത്തില്‍ കഴിയാനായിരുന്നു വിധി.

Ads by Google
Advertisement
Wednesday 15 Aug 2018 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW