Tuesday, November 20, 2018 Last Updated 30 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.02 AM

ഭവന നിര്‍മ്മാണത്തിന്റെ മറവില്‍ കുന്നിടിക്കല്‍ വ്യാപകം

പിറവം: കൊച്ചുപള്ളി കൊള്ളിക്കല്‍ റോഡില്‍ പെരിങ്ങാമലപ്പടിയില്‍ വീടു നിര്‍മാണത്തിനെന്ന വ്യാജേന അനുമതി സമ്പാദിച്ച്‌ മണ്ണെടുക്കുന്നതു നാട്ടുകാര്‍ക്ക്‌ ദുരിതമാകുന്നു. കനത്ത മഴയില്‍ താറുമാറായ റോഡിലൂടെ അതിരാവിലെ മുതല്‍ ടിപ്പര്‍ ലോറികള്‍ സര്‍വീസ്‌ നടത്തുന്നതിനാല്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമാകുകയാണ്‌.
കുത്തനെയുള്ള ഇറക്കം കൂടിയുള്ള ഈ ഭാഗത്ത്‌ റോഡില്‍ നിറയുന്ന ചെളി മൂലം ആളുകള്‍ തെന്നിവീഴാനും ഇരുചക്രവാഹനങ്ങളുള്‍പ്പെടെയുള്ളവ അപകടത്തില്‍പ്പെടാനും സാധ്യതയേറുന്നു. ആലപ്പുഴ, ചേര്‍ത്തല തുടങ്ങിയ ദൂരസ്‌ഥലങ്ങളിലേക്കുള്ള ലോഡുകളായതിനാല്‍ കയറ്റാവുന്നതിന്റെ പരമാവധി മണ്ണുകയറ്റിയാണ്‌ ലോറികള്‍ പായുന്നത്‌.
പേരിന്‌ ചാക്കുപയോഗിച്ചു മൂടിക്കെട്ടുന്നുണ്ടെങ്കിലും റോഡിലുടനീളം മണ്ണു ചിതറി വീഴുന്നു. ഇതു ചെളിശല്യത്തോടൊപ്പം ടൂവീലര്‍ യാത്രക്കാരെയും അപകടത്തിലേക്കെത്തിക്കുന്നു. പിറവം-മൂവാറ്റുപുഴ റോഡിന്റെ ബൈപാസെന്ന നിലയില്‍ നൂറുകണക്കിനു വാഹനങ്ങളാണ്‌ ഇതു വഴി കടന്നു പോകുന്നത്‌. അതോടൊപ്പം രാവിലെയും വൈകിട്ടും തൊഴിലാളികളും സ്‌കൂള്‍ വിദ്യാര്‍ഥികളുമുള്‍പ്പെടെ നിരവധി കാല്‍നടക്കാരും സഞ്ചരിക്കുന്നു.
റോഡിലെ ചെളി കൃത്യമായി നീക്കം ചെയ്യണമെന്നും അമിതലോഡ്‌ കയറ്റരുതെന്നും പ്രദേശവാസികള്‍ പലതവണ ആവശ്യപ്പെട്ടിട്ടും മണ്ണെടുപ്പും ടിപ്പര്‍ ലോറികളുടെ പാച്ചിലും നിര്‍വിഘാതം തുടരുകയാണ്‌. ഈ സാഹചര്യത്തില്‍ ഇന്നു രാവിലെ വാര്‍ഡ്‌ കൗണ്‍സിലര്‍ റീജ ഷാജുവിന്റെ നേതൃത്വത്തില്‍ വീട്ടമ്മമാരുള്‍പ്പെടെയുള്ളവര്‍ റോഡിലിറങ്ങി ലോറികള്‍ തടയാന്‍ ശ്രമിച്ചെങ്കിലും മണ്ണെടുപ്പുകാര്‍ അതിനെ വെല്ലുവിളിച്ചു കൊണ്ട്‌ ലോറികള്‍ ബലം പ്രയോഗിച്ച്‌ കടത്തിവിട്ടു. തുടര്‍ന്ന്‌ കൂടുതല്‍ ജനങ്ങള്‍ സംഘടിച്ചതോടെ പിറവം പോലീസും രംഗത്തെത്തി. ജനങ്ങള്‍ തടഞ്ഞിട്ട അമിതലോഡുമായി വന്ന ടിപ്പര്‍ ലോറികള്‍ കസ്‌റ്റഡിയിലെടുക്കുകയും മണ്ണെടുപ്പ്‌ നിര്‍ത്തി വയ്‌പ്പിക്കുകയും ചെയ്‌തു.
ഒരു കുന്ന്‌ ഒന്നാകെ വാങ്ങി 10 സെന്റില്‍ താഴെയുള്ള പ്ലോട്ടുകളായി തിരിച്ച്‌ ഓരോന്നിലും വീട്‌ നിര്‍മിക്കാനുള്ള അനുമതി വാങ്ങുകയാണ്‌ മണ്ണ്‌ മാഫിയ ആദ്യം ചെയ്യുന്നത്‌. പിന്നീട്‌ വീട്‌ നിര്‍മിക്കാനെന്ന വ്യാജേന കലക്‌ടര്‍ക്കും മൈനിങ്‌ ആന്‍ഡ്‌ ജിയോളജി വകുപ്പിനും മണ്ണെടുക്കാനുള്ള അപേക്ഷ നല്‍കി പെര്‍മിറ്റ്‌ വാങ്ങി കുന്നുകളും മലകളും ഇടിച്ചുനിരത്തുകയാണ്‌.
ഇത്തരം മണ്ണ്‌ ഖനനത്തിനു അനുമതി നല്‍കരുതെന്നും ജനങ്ങളുടെ സൈ്വര്യജീവിതത്തിനും ജീവനു തന്നെയും തടസം സൃഷ്‌ടിക്കുന്ന മണ്ണു മാഫിയകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. മണ്ണെടുപ്പ്‌ ഈ വിധം തുടര്‍ന്നാല്‍ പ്രതിഷേധം ശക്‌തമാക്കാനുള്ള നീക്കത്തിലാണ്‌ നാട്ടുകാര്‍.

Ads by Google
Advertisement
Wednesday 15 Aug 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW