Sunday, June 16, 2019 Last Updated 24 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 01.26 AM

നെഞ്ചിടിപ്പേറ്റി കുട്ടനാടന്‍ ജലനിരപ്പ്‌

uploads/news/2018/08/241375/2.jpg

ആലപ്പുഴ: കക്കിഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ കുട്ടനാട്ടിലെ ജലനിരവപ്പ്‌ വീണ്ടും ഉയര്‍ന്നു. കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്നതോടെ ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നാല്‍ എ.സി. റോഡിലൂടെയുള്ള ഗതാഗതവും തടസപ്പെട്ടേക്കും.
ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. ജലനിരപ്പ്‌ ഉയര്‍ന്നതോടെ കുട്ടനാട്ടിലെ ഭക്ഷണവിതരണ കേന്ദ്രങ്ങളിലേക്ക്‌ കൂടുതലാളുകള്‍ എത്തിത്തുടങ്ങി. ഇതോടെ കുട്ടനാട്‌, അപ്പര്‍കുട്ടനാട്‌ പ്രദേശങ്ങളിലെഭക്ഷണവിതരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. നിലവില്‍ കുട്ടനാട്‌ 242 ഉം ചെങ്ങന്നൂരില്‍ ഏഴും മാവേലിക്കരയില്‍ 19ഉം ഭക്ഷണവിതരണ കേന്ദ്രങ്ങളാണുള്ളത്‌. ആകെയുള്ള 268 ഭക്ഷണവിതരണ കേന്ദ്രങ്ങളിലായി 39,129 പേര്‍ക്ക്‌ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നു റവന്യൂ അധികൃതര്‍ അറിയിച്ചു.
ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി 27 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്‌. 662 കുടുംബങ്ങളില്‍ നിന്നുള്ള 2449 പേരാണ്‌ ദുരിതാശ്വാസ കേന്ദ്രങ്ങളിലുള്ളത്‌.കാലവര്‍ഷം തുടങ്ങിയത്‌ മുതല്‍ ഇന്നലെ വരെ 16 പേര്‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ചതായാണു കണക്കാക്കിയിട്ടുള്ളത്‌. 51 വീടുകള്‍ പൂര്‍ണമായും 715 വീടുകള്‍ ഭാഗികമായും തകര്‍ന്നതായും റവന്യൂ അധികൃതര്‍ പറയുന്നു. വീടുകള്‍ തകര്‍ന്ന ഇനത്തില്‍ മാത്രം 2.68 കോടിയുടെ നഷ്‌ടമാണ്‌ കണക്കാക്കിയിട്ടുള്ളത്‌. 37.89 കോടിയുടെ കൃഷിനാശം സംഭവിച്ചിട്ടുള്ളതായും കണക്കാക്കുന്നു. കുട്ടനാട്ടില്‍ വെള്ളം ഇറങ്ങുന്നതോടെ നാശനഷ്‌ടങ്ങളുടെ തോത്‌ ഗണ്യമായി വര്‍ധിക്കുമെന്ന്‌ അധികൃതര്‍ പറയുന്നു.
ശുചീകരണത്തിന്‌
കര്‍മപദ്ധതി വേണം:
ധനമന്ത്രി

ആലപ്പുഴ: കുട്ടനാടന്‍ പ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ തദ്ദേശസ്‌ഥാപനങ്ങള്‍ പ്രളയാനന്തര കടമകളില്‍ വ്യാപൃതരാകണമെന്നും ശുചീകരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പുതിയൊരു കുട്ടനാടന്‍ മാതൃക സൃഷ്‌ടിക്കണമെന്നും ധനമന്ത്രി തോമസ്‌ ഐസക്‌. രണ്ടു ദിവസമെങ്കിലും വീടുകളില്‍ വെള്ളം കയറി ക്യാമ്പുകളില്‍ താമസിച്ചവര്‍ക്ക്‌ നല്‍കിവന്ന 3800 രൂപയുടെ സഹായധനം 10000 രൂപയാക്കി. പ്രളയത്തില്‍ വീടും ഭൂമിയും നഷ്‌ടമായവര്‍ക്ക്‌ 10 ലക്ഷം രൂപയും വീടു മാത്രം പോയവര്‍ക്കു നാലുലക്ഷം രൂപയും നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചതായും പണമില്ലായ്‌മ ഒന്നിനും തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ എസ്‌.ഡി.വി. സെന്റിനറി ഹാളില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയക്കെടുതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടുകളിലെയും പറമ്പിലെയും ചെളിനീക്കം ചെയ്യുകയെന്നതാണ്‌ ആദ്യവെല്ലുവിളി. പഞ്ചായത്തുതലത്തില്‍ ഇതു നിക്ഷേപിക്കാന്‍ സ്‌ഥലം കണ്ടെത്തണം. വീട്‌, പൊതുസ്‌ഥലം എന്നിവടങ്ങളിലെ ചെളി അടുത്ത 25നകം നീക്കം ചെയ്യാനാകും വിധം കര്‍മപദ്ധതിക്ക്‌ ഇന്ന്‌ ഓരോ സ്‌ഥാപനവും രൂപം നല്‍കണം. സന്നദ്ധപ്രവര്‍ത്തനത്തിനൊപ്പം കഴിയാവുന്ന സ്‌ഥലങ്ങളില്‍ കയര്‍ഭൂവസ്‌ത്രമുപയോഗിച്ച്‌ സംരക്ഷണം തീര്‍ക്കാന്‍ തൊഴിലുറപ്പ്‌ പദ്ധതിയേയും ഉപയോഗിപ്പെടുത്താനാമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഒഴുകിവരുന്ന പ്ലാസ്‌റ്റിക്കും കുടിവെള്ളവും മറ്റുമായി നല്‍കിയിട്ടുള്ള പ്ലാസ്‌റ്റിക്‌ കുപ്പികളും അടിയന്തരമായി ശേഖരിക്കുകയാണ്‌ മറ്റൊരു വെല്ലുവിളി. ഇതിനായി ഒരു ഏകദിന ശുചീകരണയജ്‌ഞം സംഘടിപ്പിക്കണം. അയല്‍ക്കൂട്ടങ്ങളുടെ സഹകരണത്തോടെ വീടുകളുടെ ശുചീകരണവും ഈ മാതൃകയില്‍ നടത്തണമെന്ന്‌ അദ്ദേഹം നിര്‍ദേശിച്ചു.കുടിവെള്ളം ശുചീകരിക്കുകയെന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളില്‍ ഒന്ന്‌. തിളപ്പിച്ചാറിയ വെള്ളമേ കുടിക്കുന്നുള്ളുവെന്ന്‌ ഉറപ്പാക്കണം.
നിപയെ പ്രതിരോധിച്ച പോലെ പ്രളയാനന്തര ആരോഗ്യപ്രശ്‌നങ്ങളെയും ഈ കൂട്ടായ്‌മയിലൂടെ നേരിടാനാകുമെന്നും ഇക്കാര്യത്തില്‍ തദ്ദേശസ്‌ഥാപനങ്ങളുടെ പങ്ക്‌ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ആലപ്പുഴ ജില്ല പഞ്ചായത്ത്‌ വികസന സമതി അധ്യക്ഷന്‍ കെ.കെ. അശോകന്‍ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സണ്ണി പാമ്പാടി, പത്തനംതിട്ട ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്നപൂര്‍ണ ദേവി, ആലപ്പുഴ എ.ഡി.എം. ഐ.അബ്‌ദുള്‍ സലാം, അടൂര്‍ ആര്‍.ഡി.ഒ. റഹിം, അമ്പലപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി.വേണുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആവോളം ഭക്ഷണം:
അക്ഷയ പാത്രത്തിനു
നന്ദി പറഞ്ഞു എടത്വാക്കാര്‍

ആലപ്പുഴ: എടത്വായിലെ പ്രളയ ബാധിതര്‍ക്കു ഭക്ഷണമൊരുക്കി നല്‍കി ഒരു നാടിന്റെ മുഴുവന്‍ സ്‌നേഹം ഏറ്റുവാങ്ങുകയാണ്‌ അക്ഷയ പാത്രം. പാണ്ടംകരി എസ്‌.എം.എസ്‌.എല്‍. പി. സ്‌കൂളിലെ ക്യാമ്പ്‌ അംഗങ്ങള്‍ ഉള്‍പ്പെടെ 2000 പേര്‍ക്കു പ്രഭാതഭക്ഷണവും വിഭവ സമൃദ്ധമായ ഉച്ചയൂണും രാത്രി ഭക്ഷണവും ഒരുമടിയും കൂടാതെ വച്ചുവിളമ്പുകയാണ്‌ ബംഗളൂരു ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന അക്ഷയ പാത്ര എന്ന എന്‍.ജി.ഒ. സംഘം. കലക്‌ടറുടെയും ജില്ലാ ഭരണകൂടത്തിന്റെയും അഭ്യര്‍ഥന പ്രകാരമാണ്‌ പ്രളയ ബാധിതര്‍ക്ക്‌ ഭക്ഷണമൊരുക്കി നല്‍കാനായി സംഘം ആലപ്പുഴയില്‍ എത്തിയത്‌.
1000 കിലോ അരിയുടെ ചോറും 150 കിലോ പച്ചക്കറിയുമാണു വിതരണം ചെയ്‌തു വരുന്നത്‌. ഒരു പങ്ക്‌ ഭക്ഷണം വീടുകളിലും എത്തിക്കുന്നു. ഉപ്പുമാവും അച്ചാറുമായിരുന്നു പ്രഭാതവിഭവം. ഉച്ചയ്‌ക്ക്‌ അവിയല്‍, സാമ്പാര്‍, അച്ചാര്‍ എന്നിവയും രാത്രിയില്‍ രസവുമാണ്‌ കറികള്‍. 20 അംഗ സംഘത്തോടൊപ്പം നാട്ടുകാരും പാചകത്തിനും പച്ചക്കറി അരിയാനുമൊക്കെ കൂടുന്നുണ്ട്‌.
മലയാളികളും ബംഗളൂരുനിവാസികളും അടങ്ങുന്ന അക്ഷയപാത്ര സംഘത്തിനു എടത്വാ പള്ളിയിലാണ്‌ താമസസൗകര്യം ഒരുക്കിയിരിക്കുന്നത്‌. അക്ഷയ പാത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണാന്‍ ആലപ്പുഴ ജില്ലാ കലക്‌ടര്‍ എസ്‌. സുഹാസും ഡെപ്യൂട്ടി കളക്‌ടര്‍ മുരളീധരന്‍ പിള്ളയുമടങ്ങുന്ന സംഘം പാണ്ടക്കറിയിലെത്തി.
പ്രളയത്തെത്തുടര്‍ന്ന്‌ ഭക്ഷണം ഇല്ലാതെ വലഞ്ഞ നാട്ടുകാര്‍ക്ക്‌ രുചികരമായ ഭക്ഷണം ഒരുക്കി നല്‍കിയ കലക്‌ടറോട്‌ നാട്ടുകാര്‍ നന്ദി പറഞ്ഞു. കൂടുതല്‍ സ്‌ഥലത്തേക്ക്‌ അക്ഷയ പാത്രത്തിന്റെ സേവനം വ്യാപിപ്പിക്കുമെന്നു കലക്‌ടര്‍ പറഞ്ഞു. പ്രളയക്കെടുതി തീരുന്ന സമയം വരെ ഭക്ഷണം വിളമ്പാന്‍ തങ്ങള്‍ സന്നദ്ധരാണെന്നു അക്ഷയ പാത്രത്തിന്റെ അംഗങ്ങളും കളക്‌ടര്‍ക്ക്‌ ഉറപ്പ്‌ നല്‍കി. വില്ലേജ്‌ ഓഫീസര്‍ എസ്‌. സുഭാഷ്‌, മെമ്പര്‍ ശ്യാമള രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
ജില്ലാ കലക്‌ടര്‍
പ്രവര്‍ത്തനം
ഏകോപിപ്പിക്കും

ആലപ്പുഴ: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാടന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴ ജില്ലാ കലക്‌ടര്‍ ഏകോപിപ്പിക്കുമെന്നു ധനമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭയോഗത്തിലാണ്‌ ഈ തീരുമാനം. കുട്ടനാടന്‍ പ്രദേശത്തെ കെടുതിക്ക്‌ നല്ലപ്രാധാന്യം നല്‍കുന്നതിനാലാണ്‌ ഇതെന്ന്‌ അദ്ദേഹം പറഞ്ഞു.

കുട്ടനാട്ടില്‍
ജനജീവിതം ദുസഹം

കുട്ടനാട്‌: ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന്‌ കുട്ടനാട്ടില്‍ ജീവിതം കൂടുതല്‍ ദുരിതപുര്‍ണമായി. ശബരിഗിരി പദ്ധതിയിലെ പമ്പ, കക്കി ഡാമുകളുടെ ഷട്ടറുകളാണ്‌ തിങ്കളാഴ്‌ച വീണ്ടും തുറന്നത്‌. ഡാമിലെ വെള്ളമെത്തിയതോടെയാണു കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പ്‌ ഉയര്‍ന്നത്‌.
ഇതോടെ നിരവധി വീടുകള്‍ വീണ്ടും വെള്ളത്തിലായി. 279 ഭക്ഷണ വിതരണ കേന്ദ്രങ്ങളും നാലുദുരിതാശ്വാസ ക്യാമ്പും തുറന്നു. 9676 കുടുബങ്ങളിലായി 38203 അംഗങ്ങള്‍ക്കായിട്ടാണു ഭക്ഷണവിതരണ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്‌. തലവടി പഞ്ചായത്തില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ഇതില്‍ 54 കുടുംബങ്ങളിലായി 287 അംഗങ്ങളുണ്ട്‌.
എ.സി. റോഡില്‍ മനക്കച്ചിറ മുതല്‍ ഒന്നാംകര വരെയുള്ള വിവിധയിടങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നു റോഡിലേക്കു ശക്‌തമായ കുത്തൊഴുക്കാണ്‌ അനുഭവപ്പെടുന്നത്‌. ഇതേത്തുടര്‍ന്നു വൈകിട്ട്‌ ആറിനുശേഷം എ.സി. റോഡില്‍ കുടി ഓടുന്ന ബസുകളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്‌.
ഇതു യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്‌. കഴിഞ്ഞ വെള്ളപ്പൊക്കത്തിനു മടവീണ പാടങ്ങളില്‍ വീണ്ടും പമ്പിങ്‌ ആരംഭിച്ചെങ്കിലും അവയെല്ലാം വീണ്ടും മടവീഴ്‌ചാ ഭീഷണിയിലാണ്‌. ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളില്‍ എല്ലാം വെള്ളം കയറിയത്‌ ഗതാഗതത്തിനു ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്‌.
രണ്ടുദിവസമായി മാറിനിന്ന മഴ വീണ്ടും ശക്‌തമായതും കിഴക്കന്‍ വെള്ളത്തിന്റെ വരവും കുട്ടനാട്ടിലെ ജനജീവിതം കൂടുതല്‍ ദുസഹമാക്കിയിരിക്കുകയാണ്‌ .

Ads by Google
Advertisement
Wednesday 15 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW