ആലപ്പുഴ: രാജ്യത്തിന്റെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ ജില്ലയൊരുങ്ങി. ജില്ലാതലത്തിലും ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തലത്തിലും സ്കൂളുകള്‍ കോളജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലും സ്വാതന്ത്ര്യദിനാഘോഷം നടക്കും.ഇന്നു രാവിലെ 8.30ന് ആലപ്പുഴ പോലീസ് പരേഡ് മൈതാനത്ത് നടക്കുന്ന ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ദേശീതപതാക ഉയര്‍ത്തും. വിവിധ ട്രൂപ്പുകളുടെ സ്വാതന്ത്ര്യദിനപരേഡ് പരിശോധിക്കുന്ന മന്ത്രി പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്നു സ്വാതന്ത്ര്യദിനസന്ദേശം നല്‍കും.
പോലീസിന്റെയും എക്സൈസിന്റെയും എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്, സ്കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ്, കബ്സ്, ബുള്‍ബുള്‍ എന്നിവയുടെയുമായി 33 പ്ലാറ്റൂണുകളും ഏഴു ബാന്‍ഡ് ട്രൂപ്പുകളും പരേഡില്‍ പങ്കെടുക്കും. പരേഡ് കമാന്‍ഡര്‍ ആര്. ബാലന്റെ നേതൃത്വത്തിലാണു പരേഡ് നടക്കുക.
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹരായ ഡിവൈ.എസ്.പി. പി.വി ബേബി, പോലീസ് ഇന്‍സ്പെക്ടര്‍മാരായ ടി. മനോജ്, കെ. സദന്, ആര്. സുരേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജിത്ത്കുമാര്‍, ആര്. രാജേഷ്, അമീര്ഖാന്, ബാലകൃഷ്ണന് എന്നിവര്‍ക്ക് ചടങ്ങില്‍ മെഡല്‍ സമ്മാനിക്കും. മികച്ച ട്രൂപ്പുകള്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്യും.
സായുധസേനാ പതാകദിനനിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്ത വിദ്യാഭ്യാസസ്ഥാപനമായ ആലപ്പുഴ എസ്.ഡി.വി. ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്കൂളിനും സര്‍ക്കാര്‍ സ്ഥാപനമായ ആലപ്പുഴ സപ്ലൈ ഓഫീസിനുമുള്ള ട്രോഫികളും സമ്മാനിക്കും.
സ്വാതന്ത്ര്യദിന റാലി
ആലപ്പുഴ: തത്തംപള്ളി സെന്റ് മൈക്കിള്‍സ് എച്ച്.എസില്‍ സ്വാതന്ത്ര്യ സന്ദേശ റാലി നടത്തി. ത്രിവര്‍ണ തൊപ്പികളും പതാകകളുമേന്തിയ കുട്ടികള്‍ റാലിയെ വര്‍ണാഭമാക്കി.
മഹാത്മാ ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്റു, സുഭാഷ് ചന്ദ്രബോസ് സമരനായരുടെ വേഷത്തില്‍ എല്‍.പി. വിഭാഗം വിദ്യാര്‍ഥികള്‍ അണിചേര്‍ന്നു. പ്ലാസ്റ്റിക് വര്‍ജിച്ച് പരിസ്ഥിതി സൗഹൃദമായി കടലാസ്, തുണികൊണ്ടുള്ള പതാകയാണ് ഉപയോഗിച്ചത്.
ഫാ. റോജി വല്ലയില്‍, സിസ്റ്റര്‍ ജെസിയമ്മ, സിസ്റ്റര്‍ ദര്‍ശന മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് സമ്മേളനം സ്കൂള്‍ മാനേജര്‍ മോര്‍ളി കൈതപ്പറമ്പില് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആസാദ് സി.ഡി ഉദ്ഘാടനം ചെയ്തു. ഫാ. ജോബിന് പെരുമ്പള്ളത്തുശേരി സന്ദേശം നല്കി. ഫാ. റോജി വല്ലയില്‍, പി.ടി.എ. പ്രസിഡന്റ് കെ. രാമചന്ദ്രന്, മാസ്റ്റര്‍ സച്ചുറെജി, അന്നമ്മ സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ 8.30ന് ഹെഡ്മാസ്റ്റര് ഫാ. റോജി വല്ലയില്‍ ദേശീയപതാകയുയര്‍ത്തും. തുടര്‍ന്ന് സ്വാതന്ത്ര്യ സമരാനുസ്മരണ കലാപരിപാടികള്‍.
സ്വാതന്ത്ര്യ ദിനത്തെ കമനീയമാക്കി
മുരളീധരന് നായര്‍
എടത്വാ: വെള്ളപ്പൊക്കത്തിലും സ്വാതന്ത്ര്യ ദിനത്തെ വരവേറ്റ് മുരളീധരന്. പച്ച ലൂര്‍ദ്ദ് മാത ഹൈസ്കൂളിനു സമീപം സ്റ്റേഷനറി കട നടത്തുന്ന മുരളീധരന് നായരാണ് ഇക്കുറിയും സ്വാത്രന്ത്യത്തെ കമനീയമാക്കാന്‍ ഒരുങ്ങുന്നത്.
ഓലക്കാലില്‍ ദേശീയ പതാക കൊരുത്ത് മനോഹരമാക്കി കടയുടെ മുന്‍വശത്ത് സ്ഥാപിച്ചാണു സ്വാതന്ത്ര്യ ദിനത്തെ എതിരേല്ക്കുന്നത്. മുരളീധരന് നായര്‍ രണ്ട് ദിവസത്തിന് മുന്‍പേ കടയ്ക്കു മുന്പില് പതാക തയാറാക്കി സ്ഥാപിച്ചിരുന്നു.
വര്‍ഷങ്ങളായി തുടങ്ങിവെച്ച ആഘോഷത്തിന് വെള്ളപ്പൊക്കം തടസമായില്ല. ജീവിതകാലം വരെ ഇതേരീതിയില്‍ തുടരാനാണു മുരളീധരന് നായരുടെ തീരുമാനം. ഏക മകന് സന്തോഷ് വിമുക്തഭടനാണ്.