Tuesday, January 22, 2019 Last Updated 10 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.32 AM

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അങ്കത്തട്ടിലേക്ക്‌ യു.ഡി.എഫ്‌; ആവനാഴി ഒരുക്കി എല്‍.ഡി.എഫ്‌

കോട്ടയം: കോട്ടയം പാര്‍ലമെന്റ്‌ സീറ്റ്‌ ഉറപ്പിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു കളമൊരുക്കി കേരളാ കോണ്‍ഗ്രസ്‌. സ്‌ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനം പിന്നീടാണെങ്കിലും പ്രചാരണ രംഗത്തു തുടക്കത്തിലേ ചുവടുറപ്പിക്കാനാണു പാര്‍ട്ടി തീരുമാനം.
ജോസ്‌ കെ.മാണി എം.പിയുടെ നാലുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വികസന നയരേഖാ പ്രകാശനത്തിന്റെ ഇന്നു നടക്കുന്ന ചടങ്ങ്‌ പരോക്ഷമായി തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിക്കുന്ന ചടങ്ങായി മാറും. വണ്‍ എം.പി. വണ്‍ ഐഡിയ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം ഇന്നലെ നടന്നിരുന്നു. ഇന്നാണ്‌ വികസന നയരേഖാ പ്രഖ്യാപനം. യു.ഡി.എഫ്‌. സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണു നയരേഖാ പ്രകാശിപ്പിക്കുക.
കേരളാ കോണ്‍ഗ്രസ്‌ വീണ്ടും യു.ഡി.എഫിലെത്തിയ ശേഷം ജില്ലയില്‍ ആദ്യം നടക്കുന്ന പൊതുസമ്മേളനം എന്ന നിലയിലും ചടങ്ങ്‌ ശ്രദ്ധേയമാകും. മാണി ഗ്രൂപ്പ്‌ തിരികെയെത്തിയെങ്കിലും ജില്ലയിലെ കോണ്‍ഗ്രസ്‌ - കേരളാ കോണ്‍ഗ്രസ്‌ നേതാക്കള്‍ തമ്മിലുള്ള ബന്ധം ഇതുവരെ പഴയ രീതിയിലായിട്ടില്ല. മുമ്പുണ്ടായ വാക്‌പോരുകളുടെ മുറിവുണക്കുന്നതിനുള്ള വേദി കൂടിയായി സമ്മേളനത്തെ മാറ്റാനാണു നേതാക്കളുടെ തീരുമാനം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി യു.ഡി.എഫിന്റെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചതു കുറവിലങ്ങാട്‌ സയന്‍സ്‌ സിറ്റിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഉദ്‌ഘാടന ചടങ്ങുകളോടെയായിരുന്നു. സമാനമായ രീതിയിലുള്ള തുടക്കമാണു കേരളാ കോണ്‍ഗ്രസും യു.ഡി.എഫും ഇത്തവണയും പ്രതീക്ഷിക്കുന്നത്‌. അതേസമയം, കേരളാ കോണ്‍ഗ്രസിന്റെ നീക്കങ്ങളില്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ അത്ര തൃപ്‌തരല്ല. ഈ സാഹചര്യത്തില്‍ പിണക്കങ്ങള്‍ പരിഹരിച്ചു കോണ്‍ഗ്രസ്‌ നേതൃത്വത്തിന കൂടി സ്വീകാര്യമായ സ്‌ഥാനാര്‍ഥിയെയാകും കേരളാകോണ്‍ഗ്രസ്‌ പരിഗണിക്കുക.
അതേസമയം, എല്‍.ഡി.എഫ്‌. ക്യാമ്പ്‌ അണിയറ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്‌. സി.പി.എം. ഇത്തവണ സീറ്റ്‌ ഏറ്റെടുക്കുമെന്നാണു സൂചനകള്‍. ഈ സാഹചര്യത്തില്‍ സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പേ പ്രചാരണം ആരംഭിക്കാവുന്ന വിധത്തില്‍ ബുത്ത്‌ അടിസ്‌ഥാനത്തിലുള്ള ഒരുക്കങ്ങളാണ്‌ എല്‍.ഡി.എഫ്‌.ക്യാമ്പ്‌ നടത്തുക. ചിട്ടയായ പ്രചാരണവും യു.ഡി.എഫിലെ അനൈക്യവും മുതലെടുത്തു വിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ്‌ എല്‍.ഡി.എഫിന്റേത്‌.
ബി.ജെ.പിയും പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്കു കടന്നിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അറിയിച്ചുകൊണ്ടുള്ള സമ്മേളനങ്ങളും വിളിച്ചു ചേര്‍ത്താണു പ്രചാരണം നടത്തുക.

Ads by Google
Advertisement
Tuesday 14 Aug 2018 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW