Thursday, July 18, 2019 Last Updated 9 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.31 AM

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം 125 ഹൈമാസ്‌റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കും: മേയര്‍

uploads/news/2018/08/241106/1.jpg

കൊല്ലം: ഓണത്തിനു മുന്‍പു നഗരത്തില്‍ 125 മിനി ഹൈമാസ്‌റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന്‌ മേയര്‍ വി. രാജേന്ദ്രബാബു കൗണ്‍സില്‍ യോഗത്തില്‍ ഉറപ്പുനല്‍കി.
തെരുവ്‌ വിളക്കുകള്‍ കത്താത്തതിനെക്കുറിച്ചും നഗരത്തിലെ പ്രധാന കേന്ദ്രങ്ങള്‍ ഇരുട്ടിലായതിനെക്കുറിച്ചും അംഗങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മേയര്‍. 65 മിനി ഹൈമാസ്‌റ്റ് ലൈറ്റുകള്‍ ഉടന്‍ പ്രകാശിപ്പിക്കാന്‍ കഴിയുമെന്ന്‌ മരാമത്ത്‌ സ്‌ഥിരംസമിതി അധ്യക്ഷ ചിന്ത എല്‍. സജിത്തും വ്യക്‌തമാക്കി.
തെരുവുവിളക്കുകള്‍ എല്‍.ഇ.ഡിയാക്കി മാറ്റുന്ന പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്‌ അടുക്കുകയാണെന്നും മേയര്‍ അറിയിച്ചു. ഇതിനായി ഇ-സ്‌മാര്‍ട്ട്‌ കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്‌. പ്രോജക്‌ടിനു ധനവകുപ്പിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്‌.
തദ്ദേശഭരണ വകുപ്പ്‌ മന്ത്രി ഉത്തരവില്‍ ഒപ്പിടുകയും വേണം. മന്ത്രിതലത്തില്‍ ഉണ്ടായ മാറ്റം മൂലം ഇതിന്‌ ചെറിയ കാലതാമസം ഉണ്ടായിട്ടുണ്ട്‌. സംസ്‌ഥാനത്ത്‌ ആദ്യമായാണ്‌ ഒരു തദ്ദേശഭരണ സ്‌ഥാപനം മുഴുവന്‍ തെരുവുവിളക്കുകളും എല്‍.ഇ.ഡിയാക്കി മാറ്റുന്നത്‌.തെരുവുവിളക്ക്‌ പരിപാലനത്തില്‍ വൈദ്യുതിബോര്‍ഡിന്റെ ഭാഗത്തു നിന്നു വീഴ്‌ചയുണ്ടാകുന്നതായി മേയര്‍ പറഞ്ഞു. വൈദ്യുതി പോസ്‌റ്റിലെ ട്യൂബ്‌ലൈറ്റുകള്‍ പ്രകാശിക്കാതിരിക്കുന്നതിന്‌ ടൈമര്‍ സംവിധാനത്തിലെ പിഴവുമുണ്ട്‌. എന്നാല്‍ അതു പരിഹരിക്കുന്നതില്‍ കെ.എസ്‌.ഇ.ബി. വേണ്ടത്ര ജാഗ്രത കാട്ടുന്നില്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പ്രതിഭാ ജങ്‌ഷനില്‍ ഉണ്ടായ വാഹനാപകടം ഉയര്‍ത്തിക്കാട്ടിയ സി.പി.ഐ. അംഗം എന്‍. മോഹനന്‍ ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്‌തതയിലേയ്‌ക്കു വിരല്‍ ചൂണ്ടി. കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറിയ ഓട്ടോറിക്ഷയ്‌ക്കുള്ളില്‍ കുരുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാന്‍ രണ്ടു മണിക്കൂറോളം വേണ്ടിവന്നുവെന്ന്‌ കൗണ്‍സിലര്‍ പറഞ്ഞു. കടപ്പാക്കട മുതല്‍ പ്രതിഭാ ജങ്‌ഷന്‍ വരെയുള്ള റോഡരികില്‍ മീന്‍ കച്ചവടം നടത്തുന്നതു പൊതുഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നതായും അംഗം പറഞ്ഞു.തീരമേഖലയിലെ പോക്കറ്റ്‌ റോഡുകളില്‍ ട്യൂബ്‌ലൈറ്റുകള്‍ തകരാറിലാക്കുന്നതിനു പിന്നില്‍ ലഹരി മാഫിയയുടെ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയം ഉയര്‍ത്തിയത്‌ സി.പി.ഐ. അംഗം അഡ്വ. വിനിതാ വിന്‍സന്റാണ്‌. തീരമേഖലയില്‍ രണ്ടരവര്‍ഷമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന പമ്പ്‌ഹൗസ്‌ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്നും അംഗം ആവശ്യപ്പെട്ടു.
നഗരസഭയിലെ ഉദ്യോഗസ്‌ഥ സംവിധാനം കാര്യക്ഷമമാക്കുന്നതിന്‌ പഞ്ചിങ്‌ സംവിധാനം ഏര്‍പ്പെടുത്തണമെന്നായിരുന്നു സി.പി.എമ്മിലെ എസ്‌. രാജ്‌മോഹനന്റെ ആവശ്യം. അനധികൃത അറവുശാലകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന്‌ സി.പി.എം. അംഗം എം. സലിം ആവശ്യപ്പെട്ടു. മാലിന്യസംസ്‌കരണത്തെപ്പറ്റി കൗണ്‍സിലില്‍ വാചാലനാകുന്ന യു.ഡി.എഫ്‌. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌ എ.കെ. ഹഫീസ്‌ മൂന്നാംകുറ്റി മാര്‍ക്കറ്റില്‍ മാലിന്യം തള്ളിയവര്‍ക്ക്‌ അനുകൂലമായി രംഗത്തെത്തിയതിലെ ഇരട്ടത്താപ്പ്‌ തുറന്നുകാട്ടിയത്‌ പാല്‍ക്കുളങ്ങര ഡിവിഷന്‍ കൗണ്‍സിലര്‍ കെ. ബാബുവായിരുന്നു. കാവനാട്‌-പൂവന്‍പുഴ മേഖലയിലെ റോഡ്‌ വെള്ളക്കെട്ട്‌ ആകുന്ന ദുഃസ്‌ഥിതിയിലേക്ക്‌ സി.പി.ഐയിലെ രാജലക്ഷ്‌മി ചന്ദ്രന്‍ വിരല്‍ ചൂണ്ടി.
മഴയില്‍ തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന്‌ 50 കോടി രൂപ സര്‍ക്കാരിനോട്‌ ആവശ്യപ്പെടണമെന്ന്‌ നഗരാസൂത്രണ സ്‌ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ വി.എസ്‌. പ്രിയദര്‍ശന്‍ ആവശ്യപ്പെട്ടു. 2035 അയല്‍ക്കൂട്ടങ്ങള്‍ കോര്‍പറേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിരലിലെണ്ണാവുന്നവയില്‍ മാത്രമാണു ചില പ്രശ്‌നങ്ങളുള്ളതെന്ന്‌ ആരോപണങ്ങള്‍ക്കു മറുപടിയായി ക്ഷേമകാര്യ സ്‌ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ എസ്‌. ഗീതാകുമാരി പറഞ്ഞു. ഫണ്ട്‌ അനുവദിക്കുന്നതില്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലെന്നും ആവശ്യമുള്ള മേഖലയ്‌ക്കെല്ലാം ഫണ്ട്‌ നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്‌ പറഞ്ഞു. സ്‌ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ ടി.ആര്‍. സന്തോഷ്‌കുമാര്‍, ആനേപ്പില്‍ സുജിത്‌, എം.എ. സത്താര്‍, അംഗങ്ങളായ അജിത്‌കുമാര്‍, മീനുലാല്‍, എസ്‌. പ്രസന്നന്‍, എ. നിസാര്‍, ചന്ദ്രികാദേവി, ലൈലാകുമാരി, ബേബി സേവ്യര്‍, ഗിരിജകുമാരി, റീന സെബാസ്‌റ്റ്യന്‍, കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍, എസ്‌. ജയന്‍ എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 14 Aug 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW