കൊല്ലം: ദുര്‍ബലരുടെ ജീവിതത്തില്‍ പ്രകടമായ മാറ്റത്തിന് ഉപകാരപ്പെടുന്ന വിധത്തില്‍ സാമൂഹിക സുരക്ഷാപദ്ധതികള്‍ നടപ്പാക്കണമെന്ന് കേരള വനിതാ കമ്മിഷന് അംഗം അഡ്വ. എം.എസ്. താര അഭിപ്രായപ്പെട്ടു.
കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും സ്ത്രീകള്‍ക്കുമായി ഒട്ടേറെ പദ്ധതികള്‍ നിലവിലുണ്ട്. അതിന്റെയെല്ലാം ഗുണഫലം അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ലഭ്യമാകുന്നുണ്ടെന്നു ഉറപ്പുവരുത്താനാകണം.
വിവിധ പദ്ധതികളുടെ ഏകോപനമുണ്ടാവുകയാണെങ്കില് ദുര്‍ബലരുടെ ജീവിതത്തില്‍ സമഗ്രമായ പ്രതിഫലനം ഉണ്ടാക്കാന കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എ.ഐ.എസ്.എഫ്. സ്ഥാപകദിനത്തോട് അനുബന്ധിച്ച് കൊല്ലം കരിക്കോട് മഹിളാ മന്ദിരത്തില്‍ മുഖത്തല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'സ്ത്രീ സുരക്ഷയും വര്‍ത്തമാനകാലവും' എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
അവസരങ്ങളെക്കുറിച്ചുള്ള ശരിയായ തിരിച്ചറിവും അത് പ്രയോജനപ്പെടുത്തി ഉയരാനുള്ള തന്റേടവും പകര്ന്നുനല്കുകയാണു സ്ത്രീ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗമെന്നും അഡ്വ. താര പറഞ്ഞു. എ.ഐ.എസ്.എഫ്. ജില്ലാ കമ്മിറ്റി അംഗം എസ്.സ്നേഹ അധ്യക്ഷത വഹിച്ചു.
മുഖത്തല മണ്ഡലം സെക്രട്ടറി അമല്‍ ബി. നാഥ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഗിരീഷ്, ജില്ലാ പ്രസിഡന്റ് സുരാജ് എസ്. പിള്ള, എന്നിവര്‍ പ്രസംഗിച്ചു.