കണ്ണൂര്‍: ദുരിതകാലത്തിന് വിട നല്കി കണ്ണൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ 12 ബേ ഗാരേജിന്റെ പ്രവൃത്തി അവസാനഘട്ടത്തില്‍. ഓര്‍ഡിനറി ബസുകള്‍ക്കും ജന്‍ റം ബസുകള്‍ ഉള്‍പ്പെടെ 12 ബസുകള്‍ ഒരേസമയം നിര്‍ത്തിയിടാനും അതിന്റെ മെക്കാനിക്കല്‍ വര്‍ക്ക് ചെയ്ായനുമുള്ളതാവും ഗാരേജ്. നിലവില്‍ 11 ഗ്യാരേജ് വര്‍ക്കുകള്‍ പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായുള്ള യാര്‍ഡ് നിര്‍മ്മാണമാണമാണ് ഇനി നടക്കാനുള്ളത്. 1.56 കോടിയാണ് ഇതിനായി ഫണ്ട് വകയിരുത്തിയിരിക്കുന്നത്.
ഇതിനു പുറമേ മെക്കാനിക്ക് സ്റ്റാഫുകള്‍ക്ക് താമസിക്കാന്‍ പ്രത്യേക സൗകര്യവും ഉണ്ടാവും. ഇവര്‍ക്ക് പ്രത്യേക സ്റ്റോറും ഡൈനിങ് ഹാളും ഗ്യാരേജിനു സമീപത്തായി ഒരുക്കും. കെ.എസ്.ആര്.ടി.സി ഡെപ്യൂട്ടി എന്ജിനീയര്ക്കു മാത്രമായി പ്രത്യേക ഓഫിസ് കെട്ടിടവും പണിയും. എന്നാല്‍ യാര്‍ഡ് നിര്‍മ്മാണത്തിനായി തടസമായിട്ടുള്ള ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടം ഇതുവരെയായി പൊളിക്കാന്‍ ആളെ കിട്ടിയില്ല. കെട്ടിടം പൊളിച്ചു നീക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ആരും എത്താത്തതാണ് കാരണം. ജീവനക്കാരുടെ വിശ്രമമുറികള്‍ ഉള്‍പ്പെടെയുള്ള രണ്ട് കെട്ടിടമാണ് പൊളിച്ചു നീക്കേണ്ടത്. രണ്ടു മാസത്തിനകം ഇതു പൊളിച്ചു നീക്കി യാര്ഡഡിന്റെ പണി ആരംഭിക്കേണ്ടതുണ്ട്. നിലവില്‍ ജീവനക്കാര്‍ക്കായി മൂന്നു നില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരികയാണ്. മൂന്ന് നില കെട്ടിടത്തില്‍ താഴെ ടിക്കറ്റ് കൗണ്ടര്‍, രണ്ടാം നിലയില്‍ ജീവനക്കാര്‍ക്കുള്ള താമസ സൗകര്യം, മൂന്നാം നിലയില്‍ വിശാലമായ ഡൈനിങ് ഹാള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരാറുകാരുടെ അനാസ്ഥ കാരണം 2016ല്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തിയാണ് രണ്ടു വര്‍ഷമായിട്ടും നീണ്ടു പോകുന്നത്. ഇതോടെ ജീവനക്കാര്‍ ഉള്‍പ്പടെ നിലവിലുള്ള കെട്ടിടത്തില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ്. നിലവിലെ കെ.എസ്.ആര്.ടി.സി കോംപ്ലക്സിനും രൂപമാറ്റം വരുത്തി പുതിയ രീതിയില്‍ നിര്‍മിക്കണമെന്നതും പ്രധാന ആവശ്യമാണ്.