Wednesday, November 14, 2018 Last Updated 4 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.28 AM

മഴ ശക്‌തം വടക്കേക്കവലയിലും കെലാസപ്പാറയിലും ഉരുള്‍പൊട്ടി; ചെമ്മണ്ണാര്‍ ഒറ്റപ്പെട്ടു

uploads/news/2018/08/241094/1.jpg

രാജകുമാരി: ഹൈറേഞ്ചില്‍ മഴ ശക്‌തമായി തുടരുന്നു. രാജാക്കാട്‌ മമ്മട്ടിക്കാനം വടക്കേക്കവലയില്‍ ഉരുള്‍പൊട്ടി ഏക്കറു കണക്കിന്‌ കൃഷി നശിച്ചു. മഴ ശക്‌തമായി തുടരുന്നതിനാല്‍ പ്രദേശത്ത്‌ ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നു.
ഹൈറേഞ്ചിന്റെ ചില മേഖലകളില്‍ മഴയ്‌ക്ക്‌ അല്‍പ്പം ശക്‌തി കുറഞ്ഞിരുന്നു. വിവിധ മേഖലകളില്‍ വലിയ രീതിയിലുള്ള മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും തുടരുകയാണ്‌.
മഴ തോരാതെ നില്‍ക്കുന്നതിനാല്‍ വലിയ ദുരന്ത ഭീതിയിലാണു മലയോരം. കഴിഞ്ഞ ദിവസം തോരാതെ പെയ്‌ത മഴയിലാണു രാജാക്കാട്ട്‌ മമ്മട്ടിക്കാനം വടക്കേക്കവലയ്‌ക്ക്‌ താഴെഭാഗത്തായി ഉരുള്‍പൊട്ടലുണ്ടായത്‌. വാഴച്ചാലില്‍ സാജന്റെ കൃഷിയിടത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഏക്കറു കണക്കിനു കൃഷിയിടമാണ്‌ ഒലിച്ചുപോയത്‌. കാപ്പി, കുരുമുളക്‌, കൊക്കോ അടക്കമുള്ള കൃഷികള്‍ നശിക്കുകയും ചെയ്‌തു.
മുകളില്‍നിന്നും ഉരുള്‍പൊട്ടി താഴ്‌ഭാഗത്തുള്ള പൊന്‍മുടി ജലാശയം വരെയുള്ള ഭാഗം പൂര്‍ണമായി ഒലിച്ചുപോയി. മഴ ശക്‌തമായി തന്നെ നിലനില്‍ക്കുന്നതിനാല്‍ ഇനിയും ഉരുള്‍പൊട്ടല്‍ ഉണ്ടാകുമോയെന്ന്‌ ഭീതിയിലാണു നാട്ടുകാര്‍. കുന്നിന്‍ പ്രദേശമായ ഇവിടെ ശക്‌തമായ മഴയില്‍ വീണ്ടും ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികളടക്കം മറ്റ്‌ ബന്ധുവീട്ടിലേയ്‌ക്കടക്കം മാറിത്താമസിക്കാന്‍ തയാറെടുക്കുകയാണ്‌.ശക്‌തമായ മഴയെത്തുടര്‍ന്ന്‌ ഉരുള്‍പൊട്ടല്‍ ഉണ്ടായ ഉടുമ്പന്‍ചോല പഞ്ചായത്തിലെ ചെമ്മണ്ണാര്‍ ഒറ്റപ്പെട്ട അവസ്‌ഥയിലാണ്‌. ഗതാഗത സൗകര്യവും വൈദ്യുതിയും ഇല്ലാതെ മുന്നുനാള്‍ പിന്നിടുന്നു. പുറംലോകവുമായി ബന്ധമില്ലാതെ ഏഴോളം കുടുബങ്ങളാണ്‌ ഇവിടെ ഒറ്റപ്പെട്ട അവസ്‌ഥയില്‍ കഴിയുന്നത്‌.
കാലവര്‍ഷത്തെ തുടര്‍ന്ന്‌ കഴിഞ്ഞ ഒന്‍പതിനു രാത്രിയാണു ചെമ്മണ്ണാറില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്‌. ഏക്കര്‍ കണക്കിനു കൃഷിയിടമാണ്‌ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്‌. വീടുകളെല്ലാം ചെളിയും മണ്ണും കല്ലും നിറഞ്ഞു. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ തലനാരിഴയ്‌ക്കാണു രക്ഷപ്പെട്ടത്‌. അകെ ഉണ്ടായിരുന്ന റോഡ്‌ കുത്തിയൊലിച്ചു പോയി. റോഡ്‌ തോടായി മാറിയതോടെ പുറം ലോകവുമായുള്ള ബന്ധവും അറ്റു. കുന്നേല്‍ ബെന്നിയുടെ വീടിന്റെ മുകളിലായാണ്‌ ഉരുള്‍പൊട്ടിയത്‌. സമീപത്തുള്ള അഞ്ചുമനക്കല്‍ അനീഷിന്റെയും വീടും തകര്‍ത്താണ്‌ വെള്ളപ്പാച്ചില്‍ പോയത്‌.
വലിയ പാറക്കല്ലുകളും മണ്ണും ചെളിയും ഇരുവരുടെയും വീടുകളില്‍ കയറി. ബെന്നിയുടെ വീട്‌ വാസയോഗ്യമല്ലാത്ത വിധം തകര്‍ന്നു. അനീഷിന്റെ ഭാര്യയും അഞ്ചുദിവസുള്ള ചോരക്കുഞ്ഞും രക്ഷപെട്ടത്‌ തലനാരിഴയ്‌ക്കാണ്‌.
മഴവെള്ളപ്പാച്ചിലില്‍ എത്തിയ വന്‍ പാറകള്‍ ഇരുവരുടെയും വീടുകള്‍ക്കു പുറകില്‍ മറ്റ്‌ പാറക്കല്ലുകളില്‍ തട്ടി നിന്നത്‌ ഇരു കുടുബങ്ങള്‍ക്കും രക്ഷയായി. നിലവില്‍ ഈ മേഖലയില്‍നിന്നും ഏഴു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്‌.
നെടുങ്കണ്ടം: കൈലാസപ്പാറയില്‍ ഉരുള്‍പൊട്ടി ഏക്കറു കണക്കിനു സ്‌ഥലത്തെ കൃഷി നശിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിാല്‍ മൂന്നുകുടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി പാര്‍പ്പിച്ചു.
ഇന്നലെ രാവിലെ ഏഴോടെ കൈലാസപാറ അഞ്ചേക്കര്‍കാനം ചേരിയില്‍ ഹനീഫയുടെ പുരയിടത്തിലാണു വലിയ ശബ്‌ദത്തോടെ ഉരുള്‍പൊട്ടിയത്‌. തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ പ്രദേശവാസികളുടെ പുരയിടങ്ങളിലെ കൃഷികള്‍ ഒലിച്ചുപോയി.
വീടിനു കേടുപറ്റിയില്ല. പഞ്ചായത്ത്‌ അംഗം അജീഷ്‌ മുതുകുന്നേല്‍, പാറത്തോട്‌ വില്ലേജ്‌ ഓഫീസര്‍ അമ്പിളി പി.മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്‌ഥര്‍ സ്‌ഥലം സന്ദര്‍ശിച്ചു. ഹനിഫയോടും സമീപവാസികളായ ചക്രവേലില്‍ രാജു, ഇലിപ്പുലിക്കാട്ട്‌ ജിറ്റോ എന്നിവരോടും ബന്ധുവീടുകളിലേക്കു മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കി.
വലിയ ശബ്‌ദത്തോടെ ഉരുള്‍പൊട്ടിയ സാഹചര്യം റവന്യു ഉദ്യോഗസ്‌ഥര്‍ പരിശോധിക്കും. ഒരാഴ്‌ചക്കിടെ മേഖലയില്‍ നാല്‍പ്പതിലേറെ സ്‌ഥലങ്ങളിലാണ്‌ ഉരുള്‍പൊട്ടിയത്‌.
മഴ ശക്‌തമായി തുടരുന്നതിനാല്‍ താലൂക്കിലെ 18 വില്ലേജുകളില്‍പ്പെട്ട സ്‌കൂള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാനുള്ള ക്രമീകരണം നടത്താന്‍ വില്ലേജ്‌ ഓഫീസര്‍മാര്‍ക്ക്‌ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിര്‍ദേശം നല്‍കി.

Ads by Google
Advertisement
Tuesday 14 Aug 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW