Tuesday, November 13, 2018 Last Updated 33 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.28 AM

ഒരു വോട്ട്‌ അസാധു ശ്രീജ ജോര്‍ജ്‌ അടിമാലി പഞ്ചായത്ത്‌ പ്രസിഡന്റ്‌

അടിമാലി: നാടകീയ രംഗങ്ങള്‍ക്കും അട്ടിമറികള്‍ക്കും വിരാമമിട്ട്‌ ഒടുവില്‍ പഞ്ചായത്ത്‌ ഭരണം എല്‍.ഡി.എഫിന്‌. എല്‍.ഡി.എഫിലെ ശ്രീജ ജോര്‍ജാണു പുതിയ പ്രസിഡന്റ്‌. യു.ഡി.എഫിലെ ദീപ രാജീവിനെ ഒന്‍പതിനെതിരേ പത്തുവോട്ടുകള്‍ക്കാണു ശ്രീജ ജോര്‍ജ്‌ തോല്‍പ്പിച്ചത്‌. എല്‍.ഡി.എഫ്‌. അംഗമായിരുന്ന 13-ാം വാര്‍ഡിലെ പൈലിയുടെ വോട്ട്‌ അസാധുവായി.
21 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഏഴ്‌ സി.പി.എം, ഒരു എന്‍.സി.പി, ഒരു സി.പി.ഐ എന്നിങ്ങനെ എല്‍.ഡി.എഫിന്‌ ഒന്‍പത്‌ അംഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌. കോണ്‍ഗ്രസ്‌ ഏഴ്‌, മുസ്ലിംലീഗ്‌ രണ്ട്‌, കേരളാ കോണ്‍ഗ്രസ്‌ ഒന്ന്‌ എന്ന നിലയില്‍ യു.ഡി.എഫിന്‌ പത്ത്‌ അംഗങ്ങളുമുണ്ടായിരുന്നു. സ്വതന്ത്രരായി വിജയിച്ച രണ്ട്‌ അംഗങ്ങളില്‍ എം.പി. വര്‍ഗീസ്‌ എല്‍.ഡി.എഫിനെ തുണച്ചതോടെ തുല്യനിലയിലായി. തുടര്‍ന്ന്‌ മറ്റൊരു സ്വതന്ത്ര അംഗമായി വിജയിച്ച ബിനു ചോപ്രയെ കൂടെനിര്‍ത്തി വൈസ്‌ പ്രസിഡന്റ്‌ പദവി നല്‍കിയായിരുന്നു യു.ഡി.എഫ്‌. ഭരണം പിടിച്ചെടുത്തത്‌. രണ്ടരവര്‍ഷം കഴിഞ്ഞ്‌ വൈസ്‌ പ്രസിഡന്റ്‌ പദവി ലീഗിനു കൈമാറുമെന്ന ധാരണയുണ്ടെന്ന്‌ അവകാശപ്പെട്ട ലീഗ്‌ നേതൃത്വത്തില്‍ അതൃപ്‌തി ഉടലെടുത്തതോടെ പഞ്ചായത്ത്‌ ഭരണത്തില്‍ പ്രശ്‌നങ്ങളാരംഭിച്ചു. ഇതോടൊപ്പം യു.ഡി.എഫിലെ ഗ്രൂപ്പ്‌ കളികളുടെയും സ്‌ഥാനമോഹങ്ങളുടെയും പരിണിത ഫലമെന്നോണം ഒരു മാസം മുന്‍പ്‌ മുസ്ലിംലീഗിലെ ദീപ രാജീവിനെ ലീഗില്‍ നിന്നും പുറത്താക്കി. ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളുടെയും യു.ഡി.എഫ്‌. ഭരിക്കുന്ന സര്‍വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുകളുടെയും പശ്‌ചാത്തലത്തിലായിരുന്നു പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ നടപടി. ഗ്രൂപ്പുകളികളുടെ ഭാഗമായി ലീഗിലെ ഒരു വിഭാഗം നടത്തിയ രാജിസമ്മര്‍ദ്ദ തന്ത്രത്തിനൊടുവിലായിരുന്നു സംഭവം.
ഇതോടെ പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി ഉടലെടുത്തു. ഇതിനിടെ വൈസ്‌ പ്രസിഡന്റ്‌ ബിനു ചോപ്ര യു.ഡി.എഫിനു നല്‍കിയിരുന്ന പിന്‍തുണ പിന്‍വലിച്ച്‌ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നു. ഇതോടെ ഭരണം തുലാസിലായി. അവിശ്വാസത്തെ മറികടക്കാന്‍ യു.ഡി.എഫും ഭരണം പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫും കച്ചകെട്ടി അടിവലികള്‍ക്കും കുതിരക്കച്ചവടത്തിനും രംഗത്തിറങ്ങിയതിനു പിന്നാലെയായിരുന്നു പഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാജിയും മനംമാറ്റവും.
ഇതോടെ യു.ഡി.എഫിന്‌ എട്ടംഗങ്ങളായി മാറിയിരുന്നു. രണ്ട്‌ സ്വതന്ത്രര്‍ കൂടി എത്തിയതോടെ എല്‍.ഡി.എഫിനൊപ്പം 11 അംഗങ്ങളായി. എന്നാല്‍ ലീഗില്‍ നിന്നും പുറത്താക്കിയ ദീപ രാജീവ്‌ എല്‍.ഡി.എഫ്‌. പാളയത്തിലെത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക്‌ വിരാമമിട്ട്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ വീണ്ടും യു.ഡി.എഫിനും പ്രതീക്ഷയായി. ഇതോടെ വനിതാ പട്ടിക വര്‍ഗ സംവരണമായ പഞ്ചായത്തില്‍ എല്‍.ഡി.എഫില്‍ ശ്രീജ ജോര്‍ജും യു.ഡി.എഫില്‍ ദീപാ രാജീവും പ്രസിഡന്റ്‌ സ്‌ഥാനത്തേയ്‌ക്കു മത്സരിക്കുകയായിരുന്നു. രാജിവച്ചൊഴിഞ്ഞ സ്‌മിത മുനിസ്വാമിക്കു പകരം വൈകാതെ ഉപതെരഞ്ഞെടുപ്പു നടക്കും.
ഇന്നലെ രാവിലെ പഞ്ചായത്ത്‌ ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പിനു ഡെപ്യൂട്ടി തഹസില്‍ദാര്‍ ഫ്രാന്‍സിസ്‌ നേതൃത്വം നല്‍കി. വൈകാതെ തന്നെ ശ്രീജ സത്യപ്രതിജ്‌ഞ ചൊല്ലി അധികാരം ഏറ്റെടുത്തു. കഴിഞ്ഞ 23നാണു പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ്‌ അംഗം സ്‌മിത മുനിസ്വാമി പ്രസിഡന്റ്‌ പദത്തോടൊപ്പം പഞ്ചായത്ത്‌ മെമ്പര്‍ സ്‌ഥാനം കൂടി രാജി വച്ചൊഴിഞ്ഞത്‌. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രസിഡന്റിനെതിരേ പത്തുപേര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാനിരിക്കെയാണു നാടകീയമായ രാജിയും സി.പി.എമ്മിനൊപ്പം ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാനുള്ള തീരുമാനവും സ്‌മിത മാധ്യമങ്ങളെ അറിയിച്ചത്‌. ഇതോടെ പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വൈസ്‌ പ്രസിഡന്റായിരുന്ന ബിനു ചോപ്രയ്‌ക്കായിരുന്നു.

Ads by Google
Advertisement
Tuesday 14 Aug 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW