കൊച്ചി: ഏഷ്യന്‍ പവര്‍ ലിഫ്റ്റിംങ് ബഞ്ച് പ്രസ് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ട് മൂലം പങ്കെടുക്കാന്‍ കഴിയാതിരുന്ന ബിന്‍സി വര്‍ഗീസിന് സാമ്പത്തിക സഹായവുമായി രാജീവ് യൂത്ത് ഫൗണ്ടേഷന്. മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ സുവോളജി വിദ്യാര്‍ഥിനിയായ ബിന്‍സിക്ക് അടുത്ത മാസം 18 മുതല്‍ 24 വരെ നടക്കുന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിംങ് ബഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പിലേക്കാണ് യോഗ്യത നേടിയത്.
എന്നാല്‍ യാത്ര, ഭക്ഷണം, താമസം, വിസ, തുടങ്ങിയവയ്ക്കായി 98000 രൂപ ബിന്‍സി അടയ്ക്കണം. ഇതില്‍ മഹാരാജാസിലെ സഹപാഠികളും, അധ്യാപകരും ചേര്‍ന്ന് സമാഹരിച്ച ചെറിയ തുക സ്പോര്‍ട്സ് കൗണ്‍സില്‍ വഴി പവര്‍ ലിഫ്റ്റിങ് ഇന്ത്യയില്‍ അടച്ചു. കളമശേരിയില്‍ വാടക വീട്ടിലാണ് ബിന്‍സി കഴിയുന്നത്. അമ്മ ബിന്ദു വീട്ടുജോലി ചെയ്താണ് ബിന്‍സിയും അമ്മൂമ്മയും അടങ്ങുന്ന കുടുംബം പുലര്‍ത്തുന്നത്. ബിന്‍സിയുടെ സാഹചര്യം മനസ്സിലാക്കി പണമടയ്ക്കേണ്ട അവസാന തീയതി 14 വരെ നീട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ തുക രാജീവ് യൂത്ത് ഫൗണ്ടേഷന് ഏറ്റെടുത്തത്. കെ.എസ്.യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വൈ. ഷാജഹാനും രാജീവ് യൂത്ത് ഫൗണ്ടേഷനും ചേര്‍ന്ന് ഫ്യൂച്ചര്‍ വണ്‍ ഗ്രൂപ്പ് എം.ഡി. ജയചന്ദ്രനില്‍ നിന്ന് സമാഹരിച്ച തുക 80000 രൂപ അഡ്വ. വി.ഡി. സതീശന് എം.എല്‍.എ. ബിന്‍സിയുടെ വീട്ടില്‍ വച്ച് ബിന്‍സിക്ക് കൈമാറി. രാജീവ് യൂത്ത് ഫൗണ്ടേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിയാസ്, മുന്‍ നഗരസഭാ അധ്യക്ഷന്‍ ജമാല്‍ മണക്കാടന്, ജില്ലാ ചെയര്മാന് ജിന്റോ ജോണ്‍, ഭാരവാഹികളായ പി.എം.നജീബ്, മനാഫ് പുതുവായില്‍, അന്‍സാര്‍ പുത്തന്‍വീടന്‍, അജ്മല്‍ എ.എ., എന്നിവര്‍ നേതൃത്വം നല്കി.