Friday, September 14, 2018 Last Updated 9 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.25 AM

സഞ്ചരിക്കുന്ന ക്യാമറക്കണ്ണുമായി മോട്ടോര്‍ വാഹന വകുപ്പ്‌

കായംകുളം: കാര്‍ത്തികപ്പള്ളി താലൂക്കില്‍ വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറയ്‌ക്കാന്‍ പുതിയ എന്‍ഫോഴ്‌സ്‌മെന്റ്‌ രീതിയുമായി മോട്ടോര്‍ വാഹന വകുപ്പ്‌. വാഹന പരിശോധന നടക്കുമ്പോള്‍ മാത്രം ഹെല്‍മെറ്റ്‌ ധരിച്ചും കൈകാണിക്കുമ്പോള്‍ നിര്‍ത്താതെ പോയും ഊടുവഴികള്‍ തെരഞ്ഞെടുത്തും പിഴയടയ്‌ക്കാതെ രക്ഷപെടാനുള്ള വഴികളൊന്നും ഇനി നടക്കില്ല.
രണ്ടുദിവസത്തിനുള്ളില്‍ ചിത്രം ഉള്‍പ്പെടെയുള്ള ചാര്‍ജ്‌ മെമ്മോ വീട്ടില്‍ വരും. പൊരിവെയിലില്‍ കാത്തുനിന്നു കൈ കാണിക്കാതെ തന്നെ കുഴപ്പക്കാരെ പിടിക്കാന്‍ സഞ്ചരിക്കുന്ന ക്യാമറക്കണ്ണുമായിട്ടാണ്‌ ഇത്തവണ മോട്ടോര്‍ വാഹനവകുപ്പ്‌ രംഗത്തെത്തിയിരിക്കുന്നത്‌.
പിഴയടയ്‌ക്കാതെ മുങ്ങി നടന്നാല്‍ കേസ്‌ തേഞ്ഞുമാഞ്ഞു പോവുകയില്ല. കൃത്യമായ തുടര്‍നടപടികള്‍ എടുക്കാന്‍ സുസജ്‌ജമായ സാങ്കേതിക സംവിധാനവും കൈക്കൊണ്ടിട്ടുണ്ട്‌. ഹെല്‍മെറ്റ്‌ ധരിക്കാതെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുക, മൊബൈലില്‍ സംസാരിച്ചു കൊണ്ട്‌ വാഹനം ഓടിക്കുക, ഗതാഗതനിയമം തെറ്റിച്ചു വാഹനം ഓടിക്കുക, ത്രികോണാകൃതിയിലെ നമ്പര്‍പ്ലേറ്റ്‌ വാഹനത്തില്‍ ഘടിപ്പിക്കുക, അമിതശബ്‌ദം പുറപ്പെടുവിക്കുന്ന സൈലന്‍സര്‍ പിടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിക്കുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക, അശ്രദ്ധമായും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുക, ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ സഞ്ചരിക്കുക, ഫാന്‍സി നമ്പര്‍ പ്ലേറ്റ്‌, പ്രകാശതീവ്രത കൂടിയ ലൈറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിക്കുക, ബൈക്ക്‌ സ്‌റ്റണ്ടിങ്‌ എന്നീ നിയമലംഘനങ്ങള്‍ക്കാണു ചാര്‍ജ്‌ മെമ്മോ അയ്‌ക്കുന്നത്‌.
നോട്ടീസ്‌ കൈപ്പറ്റി ഏഴുദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ആര്‍.സി. ഉടമയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കും. കൂടാതെ ആര്‍.സി ബുക്കില്‍ ഈ വിവരം രേഖപ്പെടുത്തുകയും സംസ്‌ഥാനത്ത്‌ ഒരിടത്തും വാഹനം വില്‍ക്കാന്‍ കഴിയാത്ത അവസ്‌ഥ വരികയും ചെയ്യും.
പൊതുജനങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കുചേരാം. മുകളില്‍ പറഞ്ഞ ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ കുറ്റകൃത്യത്തിന്റെ ഫോട്ടോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, ചിത്രം പകര്‍ത്തിയ സ്‌ഥലം. തീയതി, സമയം എന്നീ വിവരങ്ങള്‍ വാട്‌സ്‌ആപ്പിലൂടെ അറിയിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കും.
അയയ്‌ക്കുന്ന ആളിന്റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ചിത്രങ്ങള്‍ കൃത്രിമമായി ഫോട്ടോഷോപ്പില്‍ എഡിറ്റ്‌ ചെയ്‌ത്‌ അയച്ച്‌ നിരപരാധികളെ കുടുക്കാന്‍ ശ്രമിച്ചാല്‍ അയയ്‌ക്കുന്ന ആളിനെതിരേ സൈബര്‍ നിയമപ്രകാരം കേസെടുക്കും. ഇതിനോടകം ഇരുന്നൂറോളം ഉടമകള്‍ക്കു മോട്ടോര്‍ വാഹന വകുപ്പ്‌ കേസെടുത്ത്‌ നോട്ടീസ്‌ അയച്ചു കഴിഞ്ഞു. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ജനങ്ങളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ബുദ്ധിമുട്ടിക്കാതെയുള്ള ഈ ചെക്കിങ്‌ സമ്പ്രദായം ഒരു വന്‍ വിജയമാകുമെന്നും റോഡപകടങ്ങളുടെയും അപകട മരണങ്ങളുടെയും എണ്ണം ഫലപ്രദമായി കുറയ്‌ക്കാന്‍ സാധിക്കുമെന്നും കായംകുളം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജയചന്ദ്രന്‍ പറഞ്ഞു.
കാര്‍ത്തികപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമറയുമായി മഫ്‌തിയില്‍ ഉദ്യോഗസ്‌ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ്‌ ധരിച്ചും നിയമങ്ങള്‍ അനുസരിച്ചും തന്നെ യാത്ര ചെയ്യണമെന്നും എം.വി.ഐ. അറിയിച്ചു. പൊതുജനങ്ങള്‍ക്കുള്ള വാട്‌സ്‌ആപ്പ്‌ നമ്പര്‍: 8547639168.

Ads by Google
Advertisement
Tuesday 14 Aug 2018 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW