Monday, November 19, 2018 Last Updated 48 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.38 AM

ദാരുശില്‍പ്പചാരുതയില്‍ ചിറക്കടവ്‌ മഹാദേവ ക്ഷേത്രത്തില്‍ നവഖണ്ഡം പുനര്‍ജനിക്കുന്നു

uploads/news/2018/08/240885/2.jpg

പൊന്‍കുന്നം: ചിറക്കടവ്‌ മഹാദേവക്ഷേത്രത്തിലെ ബലിക്കല്‍പ്പുരയിലെ കാലപ്പഴക്കത്താല്‍ നശിച്ച നവഖണ്ഡത്തിന്റെ പുനര്‍നിര്‍മാണം അവസാനഘട്ടത്തില്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മച്ച്‌ പൊളിഞ്ഞു പോയതോടെയാണ്‌ പുതിയ തടിയില്‍ നിര്‍മിച്ച്‌ സ്‌ഥാപിക്കുന്നത്‌.
ക്ഷേത്ര ശില്‍പ്പി ഇരവിനെല്ലൂര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ ഒന്നരവര്‍ഷം മുമ്പു തുടങ്ങിയ പണി പൂര്‍ണതയിലേക്കെത്തുകയാണ്‌. ചിങ്ങമാസത്തില്‍ നവഖണ്ഡസമര്‍പ്പണം നടത്തുമെന്ന്‌ നിര്‍മാണത്തിന്‌ മേല്‍നോട്ടം വഹിക്കുന്ന മഹാദേവസേവാസംഘം ഭാരവാഹികള്‍ പറഞ്ഞു. നിര്‍മാണത്തിനു വേണ്ടി മൂന്നരലക്ഷം രൂപയോളം വിലവരുന്ന തേക്ക്‌ ചിറക്കടവ്‌ പടിഞ്ഞാറ്റുംഭാഗം ചെമ്മാക്കല്‍ രവീന്ദ്രന്‍ നായര്‍ സൗജന്യമായി നല്‍കിയതാണ്‌. ആറു ലക്ഷം രൂപയോളമാണ്‌ നിര്‍മാണച്ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.
കളത്തൂര്‍ തങ്കപ്പനാചാരി, പാലാ പ്രദീപ്‌ എന്നിവരില്‍ നിന്ന്‌ ശില്‌പകലയും വാസ്‌തുശാസ്‌ത്രവും അഭ്യസിച്ച പുതുപ്പള്ളി ഇരവിനെല്ലൂര്‍ കുറ്റിക്കാട്ടുവീട്ടില്‍ ഗിരീഷിനൊപ്പം ചേട്ടന്‍ ഇരവിനെല്ലൂര്‍ ഹരിദാസ്‌, സുഹൃത്ത്‌ അനി വിളയംകോട്‌ എന്നിവര്‍ അവസാനവട്ട മിനുക്കുപണിയിലാണ്‌. സാധാരണ ക്ഷേത്രങ്ങളിലെ ബലിക്കല്‍പ്പുരയുടെ നവഖണ്ഡത്തിന്‌ അഞ്ച്‌ അടുക്കാണുള്ളത്‌. ചിറക്കടവിലെ നവഖണ്ഡം ഏഴ്‌ അടുക്കുള്ളതാണ്‌.
വളര്‌, കപോതം, തടം, നേത്രം, തുടര്‍ന്ന്‌ തടം, നേത്രം, തുലാം എന്നിങ്ങനെയാണ്‌ ഏഴ്‌ അടുക്കുകള്‍. അഷ്‌ടദിക്‌ പാലകരും ലക്ഷ്‌മിയും യക്ഷകിന്നര ഗന്ധര്‍വാദികളായ ബിംബങ്ങളും ഉള്‍പ്പെടെ അലങ്കാര ശാസ്‌ത്ര വിധിപ്രകാരമാണ്‌ നിര്‍മാണം. ഏഴു അടുക്കുകളിലും പുരാണ കഥാസന്ദര്‍ഭങ്ങള്‍ ശില്‍പ്പങ്ങളാണ്‌. വളരില്‍ രാമായണകഥയാണ്‌ കൊത്തിവെച്ചിരിക്കുന്നത്‌.
കപോതത്തില്‍ നാസിക, പക്ഷിമാല, കാന്തി, ഗജമുഷ്‌ടി എന്നിവ കൊത്തിയൊരുക്കി. തടത്തില്‍ മഹാപഞ്‌ജരങ്ങള്‍, നൃത്തം ചെയ്യുന്ന സുന്ദരികള്‍ എന്നിവയും നേത്രത്തില്‍ സിദ്ധി ബുദ്ധി വിനായകന്‍, നരംസിംഹാവതാരം, മഹിഷാസുരമര്‍ദിനി, അനന്തശയനം, തുടങ്ങിയ പുരാണ സന്ദര്‍ഭങ്ങളുണ്ട്‌. പോളീഷിങ്ങും പെയിന്റിങ്ങും ഒഴിവാക്കി തേക്കിന്റെ തനിമ നിലനിര്‍ത്തിയാണ്‌ നിര്‍മാണം.

Ads by Google
Advertisement
Monday 13 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW