Wednesday, July 24, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.38 AM

അപ്പച്ചന്‍ കൊട്ടുകാപ്പള്ളി ഇനി ദീപ്‌തസ്‌മരണ

പാലാ: പാലായുടെ സാംസ്‌കാരിക മുന്നേറ്റത്തിന്‌ നാന്ദികുറിച്ച പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കൊട്ടുകാപ്പള്ളില്‍ തോമസ്‌ ജോസഫെന്ന അപ്പച്ചന്‍ കൊട്ടുകാപ്പള്ളി. 1963 മുതല്‍ 1979 വരെ തുടര്‍ച്ചയായി 16 വര്‍ഷം പാലാ നഗരസഭാ ചെയര്‍മാനായിരുന്ന അദ്ദേഹത്തിന്റെ കാലത്താണ്‌ കൊട്ടുകാപ്പള്ളി കുടുംബം സംഭാവന ചെയ്‌ത സ്‌ഥലത്ത്‌ നഗരഹൃദയത്തില്‍ ടൗണ്‍ഹാള്‍ നിര്‍മിച്ചത്‌.
ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി നഗരസഭാ ചെയര്‍മാനായിരുന്ന അദ്ദേഹത്തിന്റെ കലാ-സാംസ്‌കാരികരംഗത്തോടുള്ള അഭിനിവേശവും ദീര്‍ഘവീക്ഷണവുമാണ്‌ ടൗണ്‍ഹാളിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി നാടിന്‌ സമര്‍പ്പിക്കാനിടയാക്കിയത്‌. തുടര്‍ന്ന്‌ പാലാ ഫൈന്‍ ആര്‍ട്‌സ്‌ സൊസൈറ്റിയടക്കം നിരവധി കലാ-സാംസ്‌കാരികസംഘടനകളുടെ ഉദയത്തിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും പാലാ ടൗണ്‍ഹാള്‍ വേദിയായി. തികഞ്ഞ മനുഷ്യസ്‌നേഹിയും പരോപകാരിയുമായിരുന്ന തോമസ്‌ ജോസഫ്‌ ഇംഗ്ലീഷിലും മലയാളത്തിലും അഗാധ പാണ്ഡിത്യമുള്ള മികച്ച പ്രാസംഗികനുമായിരുന്നു.
റബര്‍ കാര്‍ഷിക മേഖലയിലേക്ക്‌ പാലായെ കൈപിടിച്ചുയര്‍ത്തിയവരില്‍ പ്രമുഖനായ അദ്ദേഹം തീക്കോയി റബേഴ്‌സ്‌ ഇന്ത്യാ പ്രൈവറ്റ്‌ ലിമിറ്റഡ്‌ സ്‌ഥാപകനും മാനേജിങ്‌ ഡയറക്‌ടറുമായിരുന്നു. ശാസ്‌ത്രീയ രീതിയിലൂടെ റബര്‍ കാര്‍ഷിക മേഖലയെ വികസിപ്പിച്ചു. ഇന്ത്യയിലാദ്യമായി ഒരു നഗരസഭയില്‍ കുടിവെള്ള വിതരണത്തിന്‌ തുടക്കംകുറിച്ചതും അദ്ദേഹമാണ്‌. കൂടാതെ പാലാ നഗരസഭാ ഓഫീസ്‌ സമുച്ചയം, മുനിസിപ്പല്‍ കോംപ്ലക്‌സ്‌, നഗരസഭാ ബസ്‌സ്‌റ്റാന്‍ഡ്‌ തുടങ്ങിയവയെല്ലാം അപ്പച്ചന്‍ കൊട്ടുകാപ്പള്ളിയുടെ ഭരണനേട്ടങ്ങളാണ്‌. പാലാ രൂപതാ പാസ്‌റ്ററല്‍ കൗണ്‍സിലംഗവും സെന്റ്‌ തോമസ്‌ കോളേജ്‌ ഗവേണിംഗ്‌ ബോഡി മെമ്പറുമായിരുന്നു.
പാലാ സെന്റ്‌ തോമസ്‌ സ്‌കൂളിലായിരുന്നു പ്രഥമിക വിദ്യാഭ്യാസം. പിന്നീട്‌ ചെന്നൈയിലെ ലയോളയില്‍നിന്ന്‌ ബിരുദവും കല്‍ക്കട്ടയിലെ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജില്‍നിന്ന്‌ എംകോം എല്‍എല്‍എം നേടി പഠനകാലഘട്ടം പൂര്‍ത്തിയാക്കി. നാട്ടില്‍ തിരിച്ചെത്തി മൂന്ന്‌ വര്‍ഷത്തിനകം പാലാ നഗരസഭാ ചെയര്‍മാന്‍ എന്ന പുതിയ ചുമതലയിലേക്ക്‌ പ്രവേശിച്ചു. എതിരില്ലാതെ നാലുവട്ടം നഗരസഭയിലേക്ക്‌ ചെയര്‍മാനായെത്തി. രാഷ്‌്രടീയത്തിനതീതമായി പ്രവര്‍ത്തിച്ച മികവുറ്റ ഭരണാധികാരിയുമായിരുന്നു. വാഹനസൗകര്യവും വാര്‍ത്താവിനിമയ സംവിധാവും ഇല്ലാതിരുന്ന കാലത്ത്‌ നഗരസഭയ്‌ക്കായി കൊട്ടുകാപ്പള്ളി വീട്ടിലുണ്ടായിരുന്ന വാഹനവും ടെലിഫോണും മറ്റ്‌ സൗകര്യങ്ങളും അനുവദിച്ചുനല്‍കാനും അപ്പച്ചന്‍ മടിച്ചിരുന്നില്ല. അപ്പച്ചന്റെ മരണവാര്‍ത്തയറിഞ്ഞ്‌ നൂറുകണക്കിനാളുകളാണ്‌ കൊട്ടുകാപ്പള്ളി വീട്ടിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. ഇന്നലെ വൈകിട്ട്‌ നാലുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. രാഷ്‌ട്രീയ- സാമൂഹിക- സാംസ്‌കാരികരംഗത്തെ നിരവധി പ്രമുഖര്‍ വീട്ടിലെത്തി അന്തിമോമചാരം അര്‍പ്പിച്ചു.
ജോസ്‌ കെ. മാണി എംപി, കെ.എം. മാണി എംഎല്‍എ, ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രഫ. സെലിന്‍ റോയി, വൈസ്‌ ചെയര്‍മാന്‍ കുര്യാക്കോസ്‌ പടവന്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്‌ഥര്‍, വൈദികര്‍, സന്യസ്‌തര്‍, രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങി നിരവധിയാളുകള്‍ അന്ത്യാജ്‌ഞലി അര്‍പ്പിച്ചു. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം പാലാ കത്തീഡ്രല്‍.

Ads by Google
Advertisement
Monday 13 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW