അഞ്ചല്‍: അഞ്ചല്‍ മേഖലയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ മദ്യപന്മാരുടെ ആകമണത്തില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. ഒരാള്‍ പോലീസ് കസ്റ്റഡിയില്‍.
അഞ്ചല്‍ ഗ്രാമപഞ്ചായത്തംഗം അനില്‍കുമാര്‍ (50), കോമളം വിജയഭവനില്‍ ജയന് (55), ചണ്ണപ്പേട്ട വനത്തും മുക്കില്‍ അപ്പു (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്.ഇന്നലെ വൈകിട്ട് ആറരയോടെയാണ് ഇരു സംഭവങ്ങളും നടന്നത്.
കോമളം സ്വദേശിയായ പഞ്ചായത്തംഗം അനില്‍കുമാറിന്റെ വീട്ടില്‍ മദ്യപിച്ചെത്തിയ സ്ഥലവാസിയായ പുത്തന്‍വിള വീട്ടില്‍ വേണു (45) എന്നയാള്‍ സ്ത്രീകളെ അസഭ്യവര്‍ഷം നടത്തുകയുണ്ടായി. വിവരമറിഞ്ഞെത്തിയ അനില്‍കുമാറിനെയും ഒപ്പം എത്തിയ ജയനെയും വേണു വെട്ടുകത്തി കൊണ്ടു വെട്ടി പരുക്കേല്പിക്കുകയായിരുന്നു.
ജയന്റെ തലയ്ക്കും അനില്‍കുമാറിന്റെ കൈയ്ക്കുമാണ് വെട്ടേറ്റത്.
ഇരുവരെയും ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്കു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചണ്ണപ്പേട്ട വനത്തും മുക്കില്‍ നടന്ന സംഭവത്തില്‍ ചണ്ണപ്പേട്ട സ്വദേശി അപ്പു(44)വിനാണ് വെട്ടേറ്റത്.
മദ്യലഹരിയിലാണ് സംഭവം നടന്നതത്രേ. സ്ഥലവാസിയായ കുട്ടന് (45) എന്ന ആളിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അപ്പുവിന്റെ ഇരു കൈകള്‍ക്കും വെട്ടേറ്റ നിലയിലാണു പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
അഞ്ചല്‍ സി.ഐ ടി. സതികുമാര്‍, എസ്.ഐ പി.എസ്. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തു ക്യാമ്പ് ചെയ്യുന്നു.