Wednesday, June 26, 2019 Last Updated 17 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.09 AM

അഞ്ഞൂറോളം കുടുംബങ്ങള്‍ പട്ടിണിയില്‍

uploads/news/2018/08/240866/1.jpg

ചെറുതോണി:അണക്കെട്ട്‌ തുറന്നുവിട്ടതിനെ തുടര്‍ന്ന്‌ ചെറുതോണിപ്പാലം വഴിയുള്ള ഗതാഗതം നിലച്ചതോടെ ഗാന്ധിനഗര്‍ കോളനി ഒറ്റപ്പെട്ടു. ഇതുമൂലം കുടിവെളളവും ആഹാരവുമില്ലാതെ വലയുന്നത്‌ അഞ്ഞൂറിലധികം കുടുംബങ്ങളാണ്‌. കോളനിയില്‍ താമസിക്കുന്ന ഭൂരിഭാഗവും കൂലിപ്പണിക്കാരാണ്‌. ചെറുതോണിയിലുള്ള ഹോട്ടലുകളിലും മറ്റു വ്യാപാര സ്‌ഥാപനങ്ങളിലും സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും നിര്‍മാണമേഖലയിലും കൂലിപ്പണിയെടുത്താണ്‌ ഇവര്‍ ഉപജീവനം നടത്തിയിരുന്നത്‌.
സ്‌കൂള്‍ തുറക്കുന്ന സമയത്ത്‌ ഉള്ളതെല്ലാം പണയം വച്ചും വിറ്റും കടംവാങ്ങിയുമാണ്‌ കുട്ടികളെ സ്‌കൂളുകളിലേയ്‌ക്കയച്ചത്‌. സ്‌കൂള്‍ തുറന്നതിന്‌ ശേഷം ജൂണ്‍, ജുലൈ മാസങ്ങളില്‍ കനത്ത മഴക്കാലമായതിനെ തുടര്‍ന്ന്‌ പണിയില്ലാതെ കോളനിയിലെ കുടുംബങ്ങള്‍ പട്ടിണിയിലായിരുന്നു.
ഇതിനിടെയാണ്‌ അണക്കെട്ട്‌ തുറന്നു വിട്ടതോടെ ഇവര്‍ക്ക്‌ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയായത്‌. അന്നന്നു ലഭിക്കുന്ന കൂലികൊണ്ട്‌ ഉപജീവനം നടത്തിയിരുന്ന ഇവര്‍ മൂന്നു ദിവസമായി മുഴുപ്പട്ടിണിയിലായി.
കോളനിയിലേക്ക്‌ വാട്ടര്‍ അതോറിട്ടിയുടെ പൊതുടാപ്പുകളില്‍നിന്ന്‌ ലഭിച്ചിരുന്ന കുടിവെള്ളമാണ്‌ ഇവര്‍ ഉപയോഗിച്ചിരുന്നത്‌. വാട്ടര്‍ അതോറിട്ടി ഹൗസ്‌ കണക്ഷനും നല്‍കിയിരുന്നു. പാലത്തിന്‌ സൈഡിലൂടെ വലിച്ചിരുന്ന പൈപ്പിലൂടെയണ്‌ ഗാന്ധിനഗര്‍ കോളനിയില്‍ കുടിവെള്ളം എത്തിച്ചിരുന്നത്‌. പാലത്തിലൂടെ വലിച്ചിരുന്ന പൈപ്പുലൈനുകള്‍ ഒലിച്ചുപോയതാണ്‌ കുടിവെള്ളക്ഷാമത്തിനു കാരണം. ചെറുതോണിയില്‍നിന്ന്‌ വിളിപ്പാടകലെയുള്ള ഗാന്ധിനഗര്‍ കോളനിയില്‍ നിന്ന്‌ ചെറുതോണിയിലെത്തുന്നതിന്‌ ഇടുക്കി-മരിയാപുരം-വിമലഗിരിവഴി കരിമ്പനിലെത്തിയ ശേഷമേ കഴിയുകയുള്ളൂ. ഒരാള്‍ക്ക്‌ 250 രൂപയോളം ചിലവുവരും. ഒരു രൂപ പോലും കൈവശമില്ലാത്തതിനാല്‍ പുറത്തേയ്‌ക്കിറങ്ങാതെ പലരും വീട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുകയായിരുന്നു.
ഇതു സംബന്ധിച്ച്‌ മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതു ജില്ലാ കലക്‌ടര്‍ കെ. ജീവന്‍ ബാബുവിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്‌ അദ്ദേഹം കോളനിയില്‍ നേരിട്ടെത്തി ജനങ്ങളുടെ ദുരിതം കേട്ടറിഞ്ഞു.
തുടര്‍ന്ന്‌ ചെറുതോണിയിലെത്തിയ അദ്ദേഹം വ്യാപാരികളോട്‌ താല്‍ക്കാലിക സഹായം ചെയ്യണ മെന്നാവശ്യപ്പെടുകയും പോലീസ്‌ വാഹനത്തില്‍ കോളനിയില്‍ കുടിവെള്ളമെത്തിക്കുകയും ചെയ്‌തു. കലക്‌ടറുടെ നിര്‍ദേശാനുസരണം മര്‍ച്ചന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ വിനു പി.തോമസ്‌, സെക്രട്ടറി എന്‍.ജെ വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ അരിയുള്‍പ്പെടെയുള്ള പലചരക്ക്‌ സാധനങ്ങളും പച്ചക്കറികളും കുടിവെള്ളവും ഒരു പിക്കപ്പ്‌ വാനില്‍ എത്തിച്ചു നല്‍കി. ഭക്ഷണ സാധനങ്ങള്‍ കയറ്റിയ വാഹനം അണക്കെട്ടിനു മുകളിലൂടെ കടന്നു പോകുന്നതിന്‌ പ്രത്യേക അനുമതിയും നല്‍കി. പലചരക്ക്‌ സാധനവും കുടിവെള്ളവുമെത്തുന്ന വിവരമറിഞ്ഞ്‌ സ്‌ത്രീകളുള്‍പ്പെടെയുള്ളവര്‍ കാത്തുനിന്നിരുന്നു. പലചരക്ക്‌ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്കു നിയന്ത്രിക്കാന്‍ സംഘാടകര്‍ ഏറെ ബുദ്ധിമുട്ടി.
കോളനിയിലെ അവസ്‌ഥ കേട്ടറിഞ്ഞ്‌ മറ്റ്‌ സംഘടനകളും വ്യക്‌തികളും ഭക്ഷ്യവസ്‌തുക്കളും കുടിവെള്ളവും എത്തിച്ചു നല്‍കുന്നതിന്‌ തയാറായിട്ടുണ്ട്‌. 1982 ല്‍ സമാനമായ വെള്ളപ്പെക്കവും കാലാവര്‍ഷക്കെടുതിയും ഉണ്ടായതിനെ തുടര്‍ന്ന്‌ അണക്കെട്ടിലെ ഷട്ടറുകള്‍ അന്നും തുറന്നു വിട്ടിരുന്നു.
അക്കാലത്ത്‌ ചെറുതോണിയില്‍ നിന്ന്‌ ആലിന്‍ചുവടുവരെയുള്ള റോഡ്‌ സൈഡിലും പുറംപോക്കിലും താമസിച്ചിരുന്നവരെ കുടിയിറക്കി സ്‌ഥലവും വീടും നല്‍കി പാര്‍പ്പിച്ചവരാണ്‌ ഇപ്പോള്‍ ഗാന്ധിനഗര്‍ കോളനിയിലുള്ളത്‌. അക്കാലത്ത്‌ 60 പേര്‍ക്കാണ്‌ വീട്‌ നല്‍കിയിരുന്നത്‌. ഇപ്പോള്‍ അവരുടെ മക്കളും കൊച്ചുമക്കളുമൊക്കൊയി അഞ്ഞൂറിലധികം കുടുംബങ്ങള്‍ ഇപ്പോള്‍ കോളനിയിലുണ്ട്‌. ഗാന്ധിനഗര്‍ കോളനിയിലും ഇടുക്കി വരെയുള്ള ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ വാഴത്തോപ്പ്‌ പഞ്ചായത്തിന്റെ ഒരു വാര്‍ഡായി പ്രഖ്യാപിക്കുകയും ചെയ്‌തു. കോളനിയോട്‌ ചേര്‍ന്ന്‌ മുസ്ലീംപള്ളി, സി.എസ്‌.ഐ. പള്ളി, എസ്‌.എന്‍.ഡി.പി. ഇടുക്കി യൂണിയന്‍ ഓഫീസ്‌, ജില്ലാ വ്യവസായ കേന്ദ്രം, ഇടുക്കിഫയര്‍ഫോഴ്‌സ്‌, വോളിബോള്‍ അക്കാദമി എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഈ സ്‌ഥാപനങ്ങളിലായി നൂറിലധികം ജീവനക്കാരും താമസമുണ്ട്‌.

Ads by Google
Advertisement
Monday 13 Aug 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW