Friday, September 14, 2018 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.34 AM

പാലം വെള്ളത്തില്‍; ചെറുതോണിയില്‍ എത്താന്‍ 20 കിലോമീറ്റര്‍ ചുറ്റണം

uploads/news/2018/08/240653/2.jpg

ചെറുതോണി: ഇടുക്കി അണക്കെട്ട്‌ തുറന്നതിനെത്തുടര്‍ന്ന്‌ ചെറുതോണിപ്പാലം വെള്ളത്തിലായതിനാല്‍ യാത്രക്കാര്‍ക്കു ദുരിതയാത്ര.
ടൗണില്‍നിന്ന്‌ കട്ടപ്പനയ്‌ക്കുള്ള ഗതാഗതം നിരോധിച്ചതോടെ പെരിയാറിന്‌ അക്കരെയുള്ള സമീപവാസികള്‍ ഒറ്റപ്പെട്ടു. തടിയംപാട്‌ ചപ്പാത്തിലും വെള്ളം കയറിയതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. ഇതോടെ മരിയാപുരം, വിമലഗിരി, ഇടുക്കി നാരകക്കാനം തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ ബുദ്ധിമുട്ടിലായി. ഈ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്‌ കൂടുതലും ചെറുതോണിയിലെ ഹോട്ടലുകളിലും ടൗണിലെ മിക്ക സ്‌ഥാപനങ്ങളിലും ജോലികള്‍ ചെയ്‌തിരുന്നത്‌. ചെറുതോണിയില്‍ പകുതിയിലധികം കടകളും
സുരക്ഷ മുന്‍നിര്‍ത്തി അടച്ചിരിക്കുകയാണ്‌. ബാക്കിയുള്ളവയില്‍ ജോലിക്കാരില്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്‌. അണക്കെട്ട്‌ തുറന്നത്‌ കാണാന്‍ ആയിരക്കണക്കിന്‌ ആളുകളാണ്‌ ദിവസേന എത്തുന്നത്‌. ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവര്‍ക്ക്‌ ഭക്ഷണം ലഭിക്കുന്നില്ല. ടൗണില്‍ ഒരുഹോട്ടല്‍ മാത്രമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. പത്തിലധികം ഹോട്ടലുകള്‍ അടഞ്ഞു കിടക്കുകയാണ്‌.
ഇടുക്കിയില്‍നിന്നും ചെറുതോണിയില്‍ എത്തണമെങ്കില്‍ മരിയാപുരം, വിമലഗിരി വഴി കരിമ്പനിലെത്തണം. മൂന്നു കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ 20ലധികം കിലോമീറ്ററുകള്‍ ചുറ്റണം. പത്തുരൂപ കൊടുത്തു വന്നിരുന്നവര്‍ 250ലധികം രൂപ ഓട്ടോറിക്ഷ ചാര്‍ജ്‌ നല്‍കിയാണ്‌ ഇപ്പോള്‍ എത്തുന്നത്‌. ചെറുതോണിയില്‍നിന്ന്‌ വിളിപ്പാടകലം മാത്രമുള്ള ഗാന്ധിനഗറില്‍ 400 ലധികം കുടുംബങ്ങളുണ്ട്‌. ഇവര്‍ക്ക്‌ പലചരക്ക്‌ സാധനങ്ങള്‍പോലും ലഭിക്കാത്ത അവസ്‌ഥയാണ്‌. ഗാന്ധിനഗര്‍ കോളനിയില്‍ കുടിവെള്ള വിതരണവും െവെദ്യുതിയും തടസപ്പെട്ടിരിക്കുകയാണ്‌. രോഗികളായവര്‍ക്ക്‌ മരുന്നു വാങ്ങാന്‍ ആശുപത്രിയില്‍ പോകാനും നിവൃത്തിയില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. ആവശ്യമായ മുന്നറിയിപ്പില്ലാതെ അണക്കെട്ട്‌ തുറന്നതിനാല്‍ ദൂരസഥലങ്ങളില്‍ ജോലി ചെയ്‌തിരുന്നവരും വീട്ടിലെത്താന്‍ കഴിയാതെ ബുദ്ധിമുട്ടിലായി. വെള്ളത്തിന്റെ അളവ്‌ കുറയുമെന്ന്‌ പ്രതീക്ഷയിലായിരുന്നു.
എന്നാല്‍ ഇന്നലെ െവെകിട്ടുവരെ ജലനിരപ്പ്‌ താഴ്‌ന്നിട്ടില്ല. ഇന്നലെയും ഗതാഗതം പുന:സ്‌ഥാപിക്കാത്തത്‌ നൂറുകണക്കിനാളുകളെ ബുദ്ധിമുട്ടിലാക്കി. അതിനാല്‍ ചെറുതോണി, ഇടുക്കി, അണക്കെട്ടുകളുടെ മുകളിലൂടെ ഗതാഗതം ആരംഭിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അണക്കെട്ടിലൂടെയുള്ള യാത്ര നിരോധിച്ചെങ്കിലും കെ.എസ്‌.ഇ.ബി. ഉദ്യോഗസ്‌ഥരും അവരുടെ കുടുംബാംഗങ്ങളും വാഹനങ്ങളില്‍ യാത്ര ചെയ്യുകയും അണക്കെട്ട്‌ കാണുകയും ചെയ്യുന്നുണ്ട്‌. ടൗണില്‍ സുരക്ഷയുടെ പേരില്‍ പോലീസ്‌ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായും ആരോപണമുണ്ട്‌. അണക്കെട്ടിലെ ജലനിരപ്പ്‌ കുറയാത്തതിനാല്‍ വെള്ളം തുറന്നു വിടുന്നത്‌ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ഇന്നലെ െവെകിട്ട്‌ നാലിന്‌ അണക്കെട്ടിലെ ജലനിരപ്പ്‌ 2400.40 അടിയാണ്‌. അണക്കെട്ടിന്‌ സമീപപ്രദേശങ്ങളില്‍ മഴയുടെ തോത്‌ കുറഞ്ഞിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 12 Aug 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW