Friday, September 14, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.33 AM

മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മടി

തൊടുപുഴ: ഒഴുക്കില്‍പ്പെട്ട്‌ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്യക്‌തിയുടെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ച്‌ തൊടുപുഴ താലൂക്ക്‌ ആശുപത്രിയിലെ വനിതാ സര്‍ജന്‍. മൃതശരീരം അഴുകിത്തുടങ്ങിയെന്നും മരണം സംഭവിച്ച്‌ 24 മണിക്കൂര്‍ പിന്നിട്ടു എന്നീ കാരണങ്ങള്‍ പറഞ്ഞാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്താന്‍ വിസമ്മതിച്ചത്‌.
ഇതുമൂലം മൂലമറ്റം ചേറാടി സ്വദേശി മുള്ളുവേലില്‍ കൃഷ്‌ണന്‍കുട്ടിയുടെ(47) മൃതദേഹവുമായി താലൂക്കാശുപത്രിയുടെ പോസ്‌റ്റ്‌മോര്‍ട്ടം ബ്ലോക്കിനു മുന്നില്‍ ബന്ധുക്കള്‍ക്ക്‌ കാത്തു നില്‍ക്കേണ്ടി വന്നത്‌ മണിക്കൂറുകളാണ്‌. ഒടുവില്‍ അറക്കുളം പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്‌ടറെ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്താന്‍ കലക്‌ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ആദിവാസി ഊരാളി വിഭാഗത്തില്‍പെട്ട വ്യക്‌തിയാണ്‌ കൃഷ്‌ണന്‍കുട്ടി.
വ്യാഴാഴ്‌ച വൈകിട്ട്‌ വീട്ടില്‍നിന്നുപോയ ഇയാളെ പിന്നീട്‌ കാണാതാകുകായയിരുന്നു. ചേറാടി നച്ചാറിനു കുറുകേയുള്ള തടിപ്പാലത്തില്‍ ഇദ്ദേഹത്തിന്റെ ചെരിപ്പു കണ്ടെത്തിയതിനെ തുടര്‍ന്ന്‌ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന്‌ പുഴയില്‍ നടത്തിയ തെരച്ചിലില്‍ ഇന്നലെ രാവിലെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്‌ പോസ്‌റ്റ്‌ മോര്‍ട്ടത്തിനായി തൊടുപുഴ താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്താന്‍ സര്‍ജന്‍ വിസമ്മതിച്ചത്‌. ഒടുവില്‍ പ്രശ്‌നം ഗുരുതരമാകുമെന്ന്‌ കണ്ടതോടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി നല്‍കാമെന്ന്‌ സമ്മതിക്കുകയായിരുന്നു.
മരണം നടന്ന്‌ 24 മണിക്കൂറിനുശേഷം പോസ്‌്റ്റ്‌മോര്‍ട്ടം നടത്തി നല്‍കാനാകില്ലെന്ന ന്യായമാണ്‌ ഇവര്‍ ഉന്നയിച്ചത്‌. മാത്രവുമല്ല അഴുകിത്തുടങ്ങിയ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തി നല്‍കാന്‍ സാധിക്കില്ലെന്നും ഇവര്‍ വ്യക്‌തമാക്കി. എന്നാല്‍ മരിച്ചയാള്‍ പട്ടികവര്‍ഗ വിഭാഗക്കാരനാണെന്നും മഴക്കെടുതിമൂലമുണ്ടായ മരണമാണ്‌ ഇതെന്നും അറക്കുളം പഞ്ചായത്തധികൃതര്‍ സര്‍ജനെ ധരിപ്പിച്ചു. എന്നിട്ടും പോസ്‌റ്റ്‌മോര്‍ട്ടം നടത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ ജില്ലാ കളക്‌ടറെ വിവരമറിയിച്ചത്‌.
സംഭവമറിഞ്ഞ്‌ തൊടുപുഴ തഹസില്‍ദാര്‍ വിനോദ്‌ രാജ്‌ താലൂക്കാശുപത്രിയില്‍ എത്തി. ഒടുവില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകിട്ട്‌ നാലോടെ മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. ചെത്തുതൊഴിലാളിയായിരുന്നു മരിച്ച കൃഷ്‌ണന്‍കുട്ടി. ഇന്നലെ വൈകിട്ട്‌ അഞ്ചിന്‌ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Ads by Google
Advertisement
Sunday 12 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW