കൊല്ലം: അധികാരത്തിലെത്തിയാല്‍ നൂറുദിവസങ്ങള്ക്കുളളില് അടഞ്ഞുകിടക്കുന്ന മുഴുവന്‍ ഫാക്ടറികളും തുറന്നുപ്രവര്ത്തിക്കുമെന്നു വാഗ്ദാനം നല്കിയ മേഴ്സിക്കുട്ടിയമ്മക്ക് മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് ആര്.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്.
അധികാരത്തിലെത്തി 26 മാസം പിന്നിട്ടിട്ടും പുതുതായി ഒരു ഫാക്ടറികളും തുറന്നില്ലെന്നും നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറികള്‍ അടച്ചുപൂട്ടിയെന്നും അടഞ്ഞുകിടക്കുന്ന ചില ഫാക്ടറികള്‍ ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും തുടര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ നേതൃത്വത്തില്‍ ഓള് കേരള കാഷ്യൂനട്ട് ഫാക്ടറി ഫെഡറേഷന് (യു.ടി.യു.സി) ചിന്നക്കടയില്‍ നടത്തിയ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് പതിനായിരം രൂപയുടെ ആശ്വാസധനസഹായം നല്‍കുക, സൗജന്യറേഷന് അനുവദിക്കുക, ഗ്രാറ്റുവിറ്റി കുടിശിക സഹിതം വിതരണം ചെയ്യുക, ബോണസ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. അഡ്വ. ഫിലിപ്പ് കെ. തോമസ് അധ്യക്ഷത വഹിച്ചു. സമാപനസമ്മേളനം മുന്‍ മന്ത്രി ഷിബു ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. സജി. ഡി. ആനന്ദ്, കെ.എസ്. വേണുഗോപാല്‍, ടി.സി. വിജയന്, ശ്രീധരന്‍പിളള, പി. പ്രകാശ് ബാബു, കെ. സിസിലി, കുരീപ്പുഴ മോഹനന്, ഇടവനശേരി സുരേന്ദ്രന്, അഡ്വ. രത്നകുമാര്‍, ജി. വേണുഗോപാല്‍, ലതികാകുമാരി, പാങ്ങോട് സുരേഷ്, എം.എസ്. ഷൗക്കത്ത്, ജി. ഉജയകുമാര്, ബീനാകൃഷ്ണന്, അഡ്വ. കെ. സണ്ണിക്കുട്ടി, അഡ്വ. രാജശേഖരന്, കെ. രാമന്പിളള, കിളികൊല്ലൂര്‍ ശ്രീകണ്ഠന്, ഹാരിസ്, സജീവ്, എ.എന്‍. സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.