Thursday, November 15, 2018 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.45 AM

നെഞ്ചിടിപ്പോടെ ജനം

ആലുവ: ചെറുതോണി അണക്കെട്ടിന്റെ അഞ്ച്‌ ഷട്ടറുകളും തുറന്നതോടെ നെഞ്ചിടിപ്പിലാണ്‌ ആലുവക്കാര്‍. ഇന്നലെ രാവിലെ ചെറുതോണിയിലെ രണ്ട്‌ ഷട്ടറുകള്‍ കൂടി തുറന്നുവിട്ടെങ്കിലും ജലനിരപ്പ്‌ ഉയര്‍ന്നിരുന്നില്ല. ഉച്ചയ്‌ക്ക് രണ്ട്‌ മണിയോടെ രണ്ട്‌ ഷട്ടര്‍ കൂടി തുറന്നുവിട്ടിട്ടുണ്ട്‌. ഈ വെള്ളം ഒഴുകി ആലുവയിലെത്താന്‍ ആറ്‌ മണിക്കൂറോളം വേണ്ടിവരും. എന്നാല്‍ രാത്രി ഏരയ്‌ക്കും പെരിയാറിലെ ജലനിരപ്പില്‍ വര്‍ദ്ധനവുണ്ടായിട്ടില്ല.
വ്യാഴാഴ്‌ച്ച ഉണ്ടായ വെള്ളത്തെ അപേക്ഷിച്ച്‌ രണ്ട്‌ അടിയോളം കുറയുകയും ചെയ്‌തിട്ടുണ്ട്‌. ഇടമലയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ അടച്ചതിനാലാണ്‌ ജലനിരപ്പ്‌ കാര്യമായി ഉയരാത്തതെന്ന്‌ കരുതുന്നു. എന്നാല്‍ ചെറുതോണിയിലെ അഞ്ച്‌ ഷട്ടറുകളും തുറന്നതോടെ തീരദേശവാസികളുടെ ആശങ്ക ഇരട്ടിയാണ്‌. രാത്രി വെള്ളം ഉയരുമോയെന്നാണ്‌ ആശങ്ക. മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിന്റെ മേല്‍കൂര വരെ വെള്ളം കയറി കിടക്കുകയാണ്‌. ആല്‍ത്തറയിലെ ചവിട്ടുപടികള്‍ നോക്കി ഒരടിയോളം വെള്ളം കുറഞ്ഞിട്ടുണ്ടെന്ന വിശ്വാസത്തിലാണ്‌ നാട്ടുകാര്‍.
ഇടമലയാര്‍, ഭൂതത്താന്‍കെട്ട്‌, ചെറുതോണി ഡാമുകള്‍ ഒരേസമയം തുറന്നുവിട്ടതാണ്‌ പ്രശ്‌നം സൃഷ്‌ടിച്ചത്‌. ഇടമലയാര്‍, ഭൂതത്താന്‍കെട്ട്‌ ഡാമുകള്‍ തുറന്നതോടെ തന്നെ പെരിയാറിലെ ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നിരുന്നു. ഇതിന്‌ പുറമെയാണ്‌ ചെറുതോണി ഡാം തുറന്നത്‌. ഇന്നലെ രാവിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്ന സൂചന ലഭിച്ചതിനാല്‍ ജില്ലയിലെ ആലുവ, പറവൂര്‍, കുന്നത്തുനാട്‌, കോതമംഗലം താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക്‌ ജില്ലാ കളക്‌ടര്‍ അവധി നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വസ ക്യാമ്പുകള്‍ക്കായി സ്‌കൂളുകള്‍ ഉപയോഗിക്കുന്നതിന്‌ കൂടി വേണ്ടിയാണ്‌ അവധി പ്രഖ്യാപിച്ചത്‌.

ആലുവ താലൂക്കില്‍ മാത്രം ഇതിനകം 600 ഓളം കുടുംബങ്ങളെ 14 ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി മാറ്റിയിട്ടുണ്ട്‌. റവന്യു മന്ത്രി ഇ. ചനദ്രശേഖരന്റെ അദ്ധ്യക്ഷതയില്‍ ഇന്ന്‌ രാവിലെ 9.30ന്‌ ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചിട്ടുണ്ട്‌. ഈ യോഗത്തില്‍ ദുരിതബാധിതര്‍ക്ക്‌ കൂടുതല്‍ സഹായം പ്രഖ്യാപിച്ചേക്കും. ഇതിനിടെ മണപ്പുറത്തെ ക്ഷേത്രത്തില്‍ ആറാട്ട്‌ ദര്‍ശനത്തിനായി നിരവധി പേര്‍ എത്തുന്നുണ്ട്‌.

Ads by Google
Advertisement
Saturday 11 Aug 2018 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW